[ Full Text - Source: April 2012 issue ]
ഗുരുവിൽ നിന്നുള്ള ഉപദേശം വൈദികമാണ്; അതുതന്നെയാണ് താന്ത്രികവും. `ഐതരേയ ബ്രാഹ്മണം,` `തൈത്തരീയ ആരണ്യകം` എന്നിവയൊക്കെ ഇത് അടിവരയിട്ട് പറയുന്നുണ്ട്. `ഛാന്ദോഗ്യ ഉപനിഷ`ത്തിൽ ഇ തിന്റെ വിസ്തൃതവിവരണമുണ്ട്.
ജപവും പുരശ്ചരണവും ഹോമങ്ങളും വൈദികമാണ്.
ആസനം, പ്രണായാമം, പ്രത്യാഹാരം, ധാരണ, ധ്യാനം എന്നിവയെല്ലാം ഔപനിഷദികമാണ്; വൈദികമാണ്- പ്രാണാപാനന്മാരെക്കുറിച്ചും നിവർന്നിരിക്കേണ്ടതിനെക്കുറിച്ചുമെല്ലാം ഉപനിഷത്തുകൾ വിസ്തൃതമായി വിവരിക്കുന്നുണ്ട്. ഛാന്ദോഗ്യ ഉപനിഷത്തും `ബൃഹദാരണ്യക ഉപനിഷത്തും` പ്രാണ ന്റെ അധീശത്വത്തെ വളരെകൂടുതൽ പറയുന്നുണ്ട്. പഞ്ചവിധ പ്രാണങ്ങളെക്കുറിച്ചും അവയുടെ പ്രവർത്തനത്തെക്കുറിച്ചും `പ്രശ്നോപനിഷത്ത്` വളരെയേറെ വിവരിക്കുന്നുണ്ട്. `കഠോപനിഷത്തും` പ്രാണായാമത്തെ വിവരിക്കുന്നുണ്ട്- 2.2.3. `ശ്വേതാശ്വതര ഉപനിഷത്തി`ലും വിസ്തരിച്ചുപറയുന്നുണ്ട്- 2.9. ഉപനിഷദ് ഋഷിസങ്കല്പത്തിന്റെ മധുവാണ്, ധ്യാനവും ധാരണയെന്നും പറയുന്നുണ്ട്. `ശ്രോതവ്യോ മന്തവ്യോ നിദിദ്ധ്യാസിത്സ്യ`- ബൃഹദാരണ്യകം. 2.4.5. ധ്യാനനിലയെ ക്രമത്തിൽ വിവരിക്കുന്നുണ്ട്. `യോഗശിക്ഷോപനിഷത്ത്`- യോഗചൂഡാമണി, അവിടെ അഷ്ടാംഗം വിസ്തരിച്ച് വിവരിക്കുന്നുണ്ട്.
മന്ത്രത്തിന്; ബീജാക്ഷരങ്ങൾക്ക് വൈദികർ അതീവപ്രധാന്യം നൽകുന്നുണ്ട്. `ഓം`കാര ഉപാസന, `ഹ്രീം`കാര ഉപാസന ഛാന്ദോഗ്യത്തിലും `അശ്വ ലായനഗൃഹ്യസൂത്ര`ത്തിലും `ശ്രൗതസൂത്ര`ത്തിലുമൊക്കെ കാണാം.
യന്ത്രങ്ങളുടെ ഉപാസന `അഥർവ്വവേദ`ത്തിലും തൈത്തരീയ ആരണ്യകത്തിലുമുണ്ട്. പല ബ്രാഹ്മണങ്ങളിലും ആരണ്യകങ്ങളിലും ശ്രൗതസൂത്രങ്ങളിലും അനേകവിധങ്ങളായ ഹോമകുണ്ഡങ്ങളെയുംമറ്റും വർണ്ണിച്ചിട്ടുണ്ട്- കുണ്ഡം എങ്ങനെ ഉണ്ടാക്കണമെന്നും അതിന്റെ ഇഷ്ടങ്ങൾ എന്താണെന്നുമൊക്കെ വർണ്ണിച്ചിട്ടുണ്ട്. അവയാണ് യന്ത്രസാധനയുടെ ആദിരൂപങ്ങൾ. ത്രിമാനങ്ങളായ യന്ത്രങ്ങൾ ഉണ്ടാക്കുന്നതിന്റെ ആദിരൂപങ്ങൾ. `ശ്രീവിദ്യാതന്ത്ര`ത്തെക്കുറിച്ച് `സൗന്ദര്യലഹരി` വ്യാഖ്യാനിക്കുമ്പോൾ ലക്ഷ്‌മീധരൻ, തൈത്തരീയ ബ്രാഹ്മണത്തിൽനിന്നും തൈത്തരീയ ആരണ്യകത്തിൽ നിന്നും ഉദ്ധരിക്കുന്നുണ്ട്.
യോഗസാധന, വൈഷ്ണവാചാരം, അദ്വൈതവേദാന്ത സാധനകൾ ഇവയെല്ലാം `ഷഡ്ചക്രഭേദ`ത്തെ അംഗീകരിച്ചിട്ടുണ്ട്- ഈ സാധന ഔപനിഷദികവുമാണ്. കഠോപനിഷത്ത്- 2.1,12.2, 3.17. ശ്വേതാശ്വതരോപനിഷത്ത് 3.13 എല്ലാം ഇതിനെ വർണ്ണിക്കുന്നുണ്ട്; പുരുഷൻ ഹൃദയത്തിൽ അംഗുഷ്ടമാത്രനായി ഇരിക്കുന്നുവെന്ന് പറയുന്നു. ഛാന്ദോഗ്യവും `കൈവല്യോപനിഷത്തും` ഹൃദ്പുണ്ഡരികത്തെ പറയുന്നു. കഠോപനിഷത്ത് ഹൃദ്കമലത്തി ൽനിന്ന് തലവരെയുള്ള `നെർവി`നെയും പറയുന്നുണ്ട്. അഥർവ്വവേദം എട്ട് ചക്രങ്ങളും ഒമ്പത് ഗോപുരങ്ങളുമുള്ള നഗരമാണ് ശരീരമെന്ന് വർണ്ണി ക്കുന്നുണ്ട്. സുഷ്മനാകാണ്ഡത്തിന് മുപ്പത്തിയാറ് അക്ഷരങ്ങളുണ്ടെന്ന് പറയുന്നത് അഥർവ്വവേദമാണ്.
`ഊർദ്ധ്വമൂലോളവാക്ശാഖാ` എന്നിങ്ങനെ ശരീരത്തെ വൃക്ഷമായി പറഞ്ഞ് മൂലാധാരത്തിലിരിക്കുന്ന ജീവൻ എന്ന ഭോഗമനുഭവിച്ചുദുഃഖിക്കുന്ന പക്ഷിയും സഹസ്രാരത്തിൽ സാക്ഷിയായി ഇരുന്ന് ആനന്ദിക്കുന്ന പക്ഷിയും തമ്മിലുള്ള സഖിത്വവും സംയുക്തവുമെല്ലാം തന്ത്രാഗമചിന്തകളുടെ സമു ജ്ജ്വലമായ ആദിരൂപങ്ങളാണ്. `ദ്വാ സുപർണ്ണ സയുജാ സഖായാ സമാനം വൃക്ഷം പരിഷസ്വജാതേ തയോരന്യഃ പിപ്പലം സ്വാദ്വത്ത്യനശ്നന്നന്യോ അഭിചാകശീതി`- ജീവാത്മാവ് മൂലാധാരത്തിൽ ഭോക്തൃകലനാവൈചിത്ര്യങ്ങൾനിറഞ്ഞ്(കർതൃത്വവും ഭോക്തൃത്വവും) അഹങ്കാരത്തിന്റെയും മമതയുടെയും രണ്ട് രാഗങ്ങളാണ്. ഒന്ന് സങ്കല്പവും മറ്റൊന്ന് കാമവുമാണ്. ചെയ്യണമെന്നുള്ള അഭിനിവേശം- അതാണ് കർതൃത്വം; അത് സങ്കല്പമാണ്. അനുഭവിക്കാനുള്ള അഭിനിവേശം- അത് കാമമാണ്. ഇതിന്റെയൊക്കെ തലങ്ങളിൽ നിലകൊള്ളുന്ന ജീവന്റെ താഴ്ന്നനിലയും സദാസർവ്വദാ സാക്ഷിത്വേ നവർത്തിക്കുന്ന കേവലന്റെ നിലയും സഹസ്രാരത്തിലുണ്ട്. അതിലേക്ക് നീങ്ങുന്നതിന് വെമ്പൽകൊള്ളുന്ന ജീവൻ താന്ത്രികസങ്കല്പത്തിന്റെ ആധാരമാണ്; ആഗമചിന്തയുടെ അടിസ്ഥാനവും അതാണ്.
കോശങ്ങളെയും നവയോനികളായ സപ്തധാതുക്കളെയും പ്രാണജീവന്മാരെയും ചേർത്തുവെച്ച്- രസം, രക്തം, മാംസം, മേദസ്സ്, അസ്ഥി, മജ്ജ, ശുക്ളം ഏഴ് ധാതുക്കൾ. അവയിലെ ദേവതകളെ ഉപാസിച്ച് കടന്ന്; പ്രാണനെയും ജീവനെയും അറിഞ്ഞ്- നവധാതുസംലിതമായ രസം, രക്തം, മാം സം, മേദസ്സ്, അസ്ഥി എന്നീ ശാക്തചക്രങ്ങളും മജ്ജ, ശുക്രം, പ്രാണൻ, ജീവൻ തുടങ്ങിയ ശൈവചക്രങ്ങളുംചേർന്ന് ഒമ്പത് ചക്രങ്ങളോടുകൂടിയ പട്ടണം. കാരണം, ഇതൊക്കെ ചാക്രികമാണ്. ഈ ദേവതകളാൽ ആവരണം ചെയ്യപ്പെട്ട്; ചുറ്റപ്പെട്ട്- ഏറ്റവും പുറത്തുള്ള ചുറ്റാണ് ത്വക് അല്ലെങ്കിൽ രസം; പിന്നത്തെ ചുറ്റാണ് മാംസം; പിന്നെ മേദസ്സ്; പിന്നെ അസ്ഥി-ഗർഭസ്ഥശിശുവിന്റെ ഏഴുമാസംമുതൽ ഒമ്പതുമാസംവരെയുള്ള പ്രായത്തിലുള്ള ചിത്രമെടുത്താൽ ഈ ചുറ്റുകൾ രൂപപ്പെടുന്നത് കാണാം. ഇങ്ങനെ യൊരു തന്ത്രാഗമങ്ങൾക്കകത്തുനിന്ന് സങ്കല്പിക്കുമ്പോൾ, ഗർഭിണിയായൊരു സ്ത്രീയുടെ സങ്കല്പങ്ങൾപോലും ഗർഭസ്ഥശിശുവിന്റെ ഈ ചുറ്റുകളെ സ്വാധീനിക്കുമെന്ന് കാണാം; ചുറ്റുകളെ അതിലംഘിക്കുവാൻ ശബ്ദശാസ്ത്രത്തിനും സങ്കല്പശാസ്ത്രത്തിനും കഴിയുമെന്ന് അറിയണം. അവിടെയാണ്, ഭയങ്ങളുടെയും ആശങ്കകളുടെയും തലങ്ങളിലൂടെ അമ്മയും അമ്മൂമ്മയുമൊക്കെ കടന്നുപോകുന്നത്. ഭാര്യയുടെ പ്രസവത്തെ ഭൗതികമായിമാത്രം കാണുകയും ഭൗതികമായിതന്നെ ഡോക്ടർമാർ പ്രസവത്തെ കൈകാര്യംചെയ്യുകയും ചെയ്തുവന്ന കാലഘട്ടങ്ങളിലാണോ, `റിഹാബിലിറ്റേഷൻ സെന്ററുകൾ` വർദ്ധിക്കാനിടയായത്? പൂർണ്ണ ഭൗതികമെന്ന് വിശേഷിപ്പിക്കുന്ന അഹങ്കാരസമ്മിശ്രമായ ഒരു അറിവിന്റെ വൈകല്യമാണ് ഇതിന് കാരണം.
രസം, രക്തം, മാംസം, മേദസ്സ്, അസ്ഥി, മജ്ജ, ശുക്ളം- തുടർന്ന് പ്രാണൻ, ജീവൻ ഇവയിൽ ഓരോന്നിലും സമുജ്ജ്വലമായിക്കളിക്കുന്ന; ഇവയെല്ലാം ഏകവും അദ്വയവുമായിരിക്കുന്ന പത്താമത്തെ യോനി- പത്താമത്തെ യോനിയായിരിക്കുന്ന പരമേശ്വരിയിൽ സമ്മേളിക്കുന്നു- ഇതാണ് താന്ത്രികസങ്കല്പം; സൂക്ഷമമായ ബോധംകൊണ്ട് ശരീരശാസ്ത്രമനുസരിച്ച് ഇത് കാണാം; കാണണം-എന്നിട്ടേ, ഇതിന്റെ സാധനയിലൂടെ കടന്നുപോകാവൂ.
നവയോനികളും പത്താമത്തെ യോനിയായ പരമേശ്വരിയും- ആ മഹാത്രിപുരസുന്ദരിയെ ദേവതയായി സങ്കല്പിക്കുക; അത് ദർശിച്ച ഋഷിയെ, ഋ ഷിയായി സ്മരിക്കുക; അതിന്റെ ഛന്ദസ്സുകളും സ്മരിക്കുക; അംഗന്യാസകരന്യാസങ്ങളോടുകൂടി, ത്രികൂടങ്ങളോടുകൂടിയ അഗ്നികുണ്ഡം- അഗ്നികുണ്ഡം, സൂര്യകുണ്ഡം, സോമകുണ്ഡം ഇവയോടുകൂടിയ മുന്നൂറ്റിയറുപത് മഹാമയൂഖങ്ങളുള്ള `മഹാഷോഡശി`- മഹാഷോഡശാക്ഷരി കാമകോടികയാണ്; കടാക്ഷകിങ്കരീഭൂതയാണ്; കോടിയോഗിനിഗണസേവിതയാണ്- അനുഭൂതിസന്ധായകമായ `മഹാഷോഡശാക്ഷരി`യെ ഉപാസിക്കുമ്പോൾ വിദ്യ കരതലാമലകമ്പോലെയാകും. ഇതിന്റെ അനുഭൂതികളൊക്കെ പാരമ്പര്യസമ്മേളിതമായി നിൽക്കുമ്പോൾ വാചാമഗോചരമാണ്.
സാധനയിലെ `പഞ്ചമകാര സാധന`- അത് അതീവരഹസ്യങ്ങളാണ്; അവയ്ക്ക് വൈദിക പാരമ്പര്യമുണ്ടോയെന്നും പരിശോധിക്കണം- ഇതിൽ `മുദ്ര`യെന്ന് പറയുന്നത് വേവിച്ച അരി, പച്ചക്കറി ഇവ സമർപ്പിക്കുന്നതാണ്. മുദ്രയെന്നുപറയുമ്പോൾ, വേറെ മുദ്രകൾ ഉണ്ടെങ്കിലും അതല്ല ഇവിടെ പറയുന്നത്. ശംഖ്‌മുദ്ര, യോനിമുദ്ര മുതലായ ഏറെ മുദ്രകളുണ്ട്; ഗുരുഭേദമനുസരിച്ച് ശംഖ്മുദ്രയിൽപോലും വ്യത്യാസമുണ്ട്; മുദ്രകളൊക്കെ പൂജാവിധാനങ്ങളിൽ ആവശ്യവുമായിവരും- ഈ മുദ്രാസങ്കല്പമല്ല ഇവിടെ പറയുന്നത്.
തന്റെ രൂപത്തെ; തന്നിലെ ചൈതന്യത്തെ നിവേദ്യമായി സമർപ്പിക്കുന്നതാണ് മുദ്ര. കോശങ്ങൾ അഞ്ച്. അവയുടെ കാരണമായ ഭൂതങ്ങൾ അഞ്ച്. അവയെ ജലഗന്ധപുഷ്പധൂപദീപാദികളിലൂടെ സമർപ്പിക്കുക- അവയൊന്നും മകാരങ്ങളിൽ പെടില്ല. ആകാശത്തിന്റെ പ്രതിരൂപമായ പുഷ്പം- ബീജാക്ഷരം, `ആകാശാത്മനേ പുഷ്പം സമർപ്പയാമി`. പുഷ്പം സമർപ്പിക്കുമ്പോൾ ഹൃദയപൂർവ്വം ഇത് ഓർക്കണം. ജലം സമർപ്പിക്കുമ്പോഴും ഓർക്കണം, ഭൂതതന്മാത്രകളായി എന്നിൽ രൂപാന്തരപ്പെട്ട ജലത്തെമുഴുവൻ ഭഗവാന് സമർപ്പിക്കുന്നുവെന്ന്; അപ്പോൾ തന്റെ ശരീരത്തെതന്നെയാണ് സമർപ്പിക്കുന്നത്- തന്നിലെ ജലമെന്ന സ്രോതസ്സുമുഴുവൻ ഭഗവാന്റേതാണ്; അതിൽ അല്പമ്പോലും അഭിമാനിക്കാൻ എനിക്ക് അവകാശമില്ല. ഇങ്ങനെ ഹൃദയപൂർവ്വം ഒരു പ്രാവശ്യംചെയ്താൽ മതി; ഇങ്ങനെ സ്വയം സമർപ്പിക്കാനേ സാധകന് കഴിയൂ- മറ്റുള്ളവർക്കുവേണ്ടിയും കൂലിക്കുവേണ്ടിയുമൊന്നും ഇങ്ങനെ സമർപ്പണം നടക്കില്ല.
ജലം, ഗന്ധം, പുഷ്പം, ധൂപം, ദീപം- അഞ്ച് ഭൂതങ്ങളെയും സമർപ്പിച്ചുകഴിഞ്ഞാൽ, അഞ്ചും അവിടുത്തേതായി. ശരീരത്തിലെ ജലത്തിന്റെ പ്രതിരൂപമായ ജലം; ശരീരത്തിലെ സപ്തനാഡികളിലൂടെ ഒഴുകുന്ന ജലം; സപ്തഗംഗയെ ആവാഹിച്ചുവെച്ച ജലം- അതാണ് ശുദ്ധജലം; ഹൃദയംകൊണ്ട് പ്രവർത്തിപ്പിച്ച് ശുദ്ധിചെയ്തുവെച്ച ജലം. അവിടമ്മുതൽ അത് ഗംഗയാണ്; സരസ്വതിയാണ്; നർമ്മദയാണ്; ഗോദാവരിയാണ്; സിന്ധുവാണ്; കാവേരിയാണ്- അവരൊന്നിച്ച് ഇവിടെ പ്രവേശിക്കുന്നു; സപ്തഗംഗയേയും ആവാഹിച്ചിരിക്കുന്നു. ഭഗീരഥനാൽ ഭൂമിയിലേക്ക് കൊണ്ടുവന്ന; ശിവശീർഷത്തിന് അലങ്കാരമായി ഒഴുകിയ ഗംഗ. ശിവശീർഷത്തിൽനിന്നും ഒഴുകുമ്പോഴെല്ലാം, തിരിച്ച് ശിവശീർഷത്തിലേക്കുതന്നെ ഒഴുകാൻ ആഗ്രഹിച്ച ഗംഗ- മൂന്ന് കാശികളിൽ തടയപ്പെട്ട ഗംഗയും ഗംഗയിൽനിന്ന് ഉല്പന്നമായിട്ടുള്ള സമസ്തഗംഗകളും. ഗംഗയ്ക്ക് ശിവശീർഷം വിട്ടൊഴുകാൻ ഇഷ്ടമുണ്ടായിരുന്നേയില്ല- ഉത്തരകാശിയിലും ഗുപ്തകാശിയിലും വാരാണസി കാശിയിലുംവെച്ച് തെക്കോട്ടൊഴുകുമ്പോഴും ശിവശീർഷത്തിലണയാൻ ഗംഗ വടക്കോട്ടേക്ക് തിരിച്ചൊഴുകുന്നുണ്ട്. അപ്പോഴെല്ലാം- ഗംഗതിരിഞ്ഞൊഴുകാൻ ആഗ്രഹിക്കുമ്പോഴെല്ലാം, തന്റെ ആസ്ഥാനമായ കൈലാസശിഖരത്തിൽ സമാധിസ്ഥനായിരുന്ന ശിവൻ അവിടെയെത്തി തന്റെ സാന്നിധ്യം ഉറപ്പിച്ച് ഗംഗയെ മുന്നോട്ടൊഴുകാൻ പ്രേരിപ്പിക്കുന്നു; ഭഗീരഥപുണ്യത്തിനുവേണ്ടിയും ഗംഗയുടെ പുണ്യത്തിനുവേണ്ടിയും താനിവിടെയെത്തി, കൂടെ ഇരുന്നുകൊള്ളാമെന്ന് ഉറപ്പുകൊടുക്കുന്ന ശിവൻ; തുടർന്ന് ശിവന്റെ സാന്നിധ്യത്തിൽ മുന്നോട്ടൊഴുകുന്ന ഗംഗ- ഗംഗയെ മുന്നോട്ടുമുന്നോട്ടെന്ന് ആനയിക്കുമ്പോൾ അതിൽ ഭാരതീയ സംസ്കൃതി ഭാവസാന്ദ്രമാകുന്നത് കാണാം.
ആ സപ്തഗംഗയെ ആവാഹിച്ച്, തന്റെ പഞ്ചഭൂതതന്മാത്രകളും- തന്റേതെന്ന് പറയാവുന്ന അമൃതനിവേദ്യത്തെ; തന്റെ അമൃതാത്മാവിനെ സമർപ്പിക്കുന്നതാണ് മുദ്ര; അത് തന്റെതന്നെ മുദ്രയാണ്- വൈദികമായി വളരെ പ്രാധാന്യമുള്ളതാണിത്. ഇതിന് രഹസ്യത്തിന്റെയൊന്നും ആവശ്യവുമില്ല. ഔപനിഷദികമായ `പുരോഡാശം` എന്ന ക്രിയയുടെ രൂപമാണിത്. അവിടെ ഇത് സമർപ്പിക്കുന്നത് ഒരു അപ്പത്തിന്റെ രൂപത്തിലാണ്- ക്ഷേത്രങ്ങളിലൊക്കെ ഈ സമർപ്പണം ഇന്ന് അപ്പത്തിന്റെ രൂപത്തിൽതന്നെയാണ്; ഉണ്ണിയപ്പം എന്നൊക്കെ പറയുന്നത്. വടക്കൻ കേരളത്തിൽ അത് കിണ്ണത്തപ്പമാണ്; നെയ്യിൽ ചുട്ടെടുക്കുന്ന; കലത്തിൽ കരിച്ചെടുക്കുന്ന അപ്പം. താന്ത്രികാരാധനയിൽ ഇത് വിശേഷപ്പെട്ടൊരു മുദ്രയാണ്. ഇതുതന്നെയാണ് ക്രിസ്തീയവിശ്വാസത്തിൽ `ഒസ്തി` യെന്നുപറയുന്നത്.
ദേവതക്ക് സമർപ്പിച്ചുകഴിഞ്ഞതാണ് പ്രസാദം. വേദങ്ങളിൽ സോമം സമർപ്പിക്കുന്നുണ്ട്- സോമവല്ലി പിഴിഞ്ഞ രസമാണ് സമർപ്പിക്കുന്നതും അതുകഴിഞ്ഞ് ഉപയോഗിക്കുന്നതും. സോമത്തെ വേദം മദ്യമായാണ് കരുതുന്നത്. `സോമപാനം`, `സോമപാ`, `അമൃതപാ` എന്നൊക്കെപ്പറയും. അത് സമർ പ്പിച്ചുകഴിഞ്ഞ് ദേവതകളുടേയും അർപ്പികളുടേയും സ്വഭാവംകൊണ്ടാണത് അറിയുക- ഋഗ്വേദം; 2.19.1. സോമം ഇന്ദ്രന് അതീവ പ്രിയങ്കരമാണ്. ഇന്ദ്രനെ `സോമപാ` യെന്നും വിളിക്കും. `ശതപഥബ്രാഹ്മണം`(5.4,5.19) `ആത്മസുധ` ഇന്ദ്രന് നല്‌കിയെന്ന് പറയുന്നുണ്ട്. അശ്വിനീദേവന്മാർക്കും സരസ്വതിക്കും `സൗത്രാമണിയജ്ഞ`ത്തിൽ നൽകിയെന്ന് പറയുന്നുണ്ട്- അശ്വനീദേവന്മാരാണ് വൈദ്യശാസ്ത്രത്തിന്റെ ആദ്യത്തെ പ്രണേതാക്കൾ; അവർ അപാലയുടെ കാല് മാറ്റിവെച്ച് `സ്റ്റീൽ`കാൽ ഉണ്ടാക്കിയതുമൊക്കെ ഋഗ്വേദത്തിൽ വർണ്ണിക്കുന്നുണ്ട്; ശസ്ത്രക്രിയകളുടെ ഒരു പരമ്പരയെതന്നെ വേദവൈദികമായി പഠിക്കാൻ കഴിയും.
സോമയജ്ഞത്തിൽ; സോമയാഗത്തിൽ സോമം കാലത്തും ഉച്ചക്കും വൈകുന്നേരവും സമർപ്പിക്കും. അതിരാത്രസോമയാഗത്തിൽ, രാത്രിയിൽ വലിയ അളവിൽതന്നെ മദ്യം ഉപയോഗിക്കുന്നുണ്ട്.
വൈദിക ചടങ്ങുകളിൽ സോമമുണ്ട്- മദ്യം. ക്രിസ്തീയ ആരാധനയിലും സോമമുണ്ട്- വീഞ്ഞ്. `പെസഹാ`യിൽ `ഇതെന്റെ രക്തം ആയിരുന്നു നിങ്ങൾ കുടിക്കുവിൻ` എന്നുപറയുന്നുണ്ട്. നേരത്തെ `ഒസ്തി`യെക്കുറിച്ചും പറഞ്ഞു- വിശ്വമതത്തെക്കുറിച്ചുള്ള കാഴ്ചപ്പാടുകൾ പൂർണ്ണമായും താന്ത്രികമാണെന്ന് കാണാം- ഭാരതത്തിൽ ഒതുങ്ങിപ്പോയ താന്ത്രികാരാധനയെ വിശ്വവിശാലമായി വികസിപ്പിച്ചെടുക്കുകയും ആ വഴിയിലൂടെ പോകുകയുംചെയ്തു എന്നതാണ് അതിനുകിട്ടിയ ആഗോളപ്രസക്തി. പക്ഷേ ചടങ്ങുകൾ ദുഷിച്ചുപോയപ്പോൾ അവയിൽ ഇവമാത്രം ബാക്കിയായെന്നുമാത്രം.
പശുയജ്ഞം- ബലി. അതും വൈദികമായി ഉണ്ട് `പശ്വാലംഭതും യൂപം`- തടികൊണ്ടുള്ള ഒരു `ഫ്രെയിം` ഉണ്ടാക്കി അതിനകത്താണ് പശുവിനെ കെട്ടുക- അതിൽ ബലിമൃഗത്തെ കെട്ടി ശ്വാസംമുട്ടിച്ച് അതിന്റെ തലയറുത്തെടുക്കുകയും `വപ`യെടുക്കുകയും ചെയ്യുന്നു; അത് കഴുകി മൺച്ചട്ടിയിൽ പാകംചെയ്ത് സമർപ്പിക്കുകയും അതുതന്നെ യജമാനനും പത്നിയും കഴിക്കുകയും ചെയ്യുന്ന ചടങ്ങുണ്ട്. ആട്, പശു, കുതിര, എല്ലാം ബലിമൃഗങ്ങളായി വരും- അശ്വമേധയാഗത്തിൽ അനേകം വന്യമൃഗങ്ങളെയും വളർത്തുമൃഗങ്ങളെയും കൊല്ലുന്നുണ്ട്; ചില യാഗങ്ങളിൽ നരമേധവുമുണ്ട്. അതുകൊണ്ട് ഇതൊന്നും വൈദികമല്ലെന്ന് ശഠിക്കേണ്ടതില്ല; പക്ഷേ ഇവ ഉത്തമമല്ലെന്ന് വൈദികംതന്നെ പറഞ്ഞിട്ടുമുണ്ട്- ഇതൊന്നും ചെയ്യുവാനല്ല ഉദ്ദേശിക്കുന്നതെന്നും ഉപനിഷത്തുകൾ പറയുന്നുണ്ട്. വൈദികമായതിന്റെ ജ്ഞാനകാ ണ്ഡം `മേധ്വാശ്വം`, കുതിരയല്ലെന്ന് ഉറപ്പിച്ചുപറയുന്നുണ്ട്. അവിടെ ഉഷ സ്സാണ് കുതിര. അതിന്റെ രക്തധമനികൾ നദികളാണെന്നും പറയും. അതി ന്റെ ത്വക് ആകാശമാണ്. അതിന്റെ എല്ലുകൾ പാറകൂട്ടങ്ങളാണ്- അശ്വത്തെ വിശ്വമായി സങ്കല്പിച്ച്, ഏത് വിശ്വത്തിലൂടെ ജീവൻ സഞ്ചരിക്കുമോ, ആ വിശ്വത്തെ കൊല്ലാനുള്ള കുതിരയായി കണക്കാക്കണമെന്ന് `ബൃഹദാരണ്യകം` പറയുന്നത്- അതുകൊണ്ടാണ് ഇത് രഹസ്യവിദ്യയെന്ന് പറയുന്നത്; രഹസ്യമറിയാത്തവന് ഈ വിദ്യ പഠിക്കാനാവില്ല.
മുദ്രയും മദ്യവും മാംസവും വേദങ്ങളിലൂടെ നാം കണ്ടു- ലൈംഗികഭാവവും മതപരമായ ചടങ്ങുകളിൽ കാണാം. `യജുർവ്വേദ`ത്തിൽ, `വാജസനേയീസംഹിത`യിൽ കൃഷി വർദ്ധിപ്പിക്കുവാൻ ദമ്പതിക്രിയയെ പറയുന്നുണ്ട്- 23,22,31. മനസ്സ് ഉല്പാദനത്തിനൊരുങ്ങുമ്പോൾ കൃഷി വർദ്ധിക്കുന്നുവെന്നാണ് വൈദികർ പറഞ്ഞത്. സന്താനനിയന്ത്രണങ്ങളും ഫാമിലിപ്ളാനുകളും ഇല്ലാതിരുന്ന കാലങ്ങളിൽ കൃഷിയിടങ്ങൾ വർദ്ധിക്കുകയും താമസസ്ഥലങ്ങൾ ചുരുങ്ങുകയും ചെയ്തു. പ്രകൃതി കനിഞ്ഞ് അവശ്യസമയങ്ങളിൽ മഴയും മഞ്ഞും വെയിലുമൊക്കെ നൽകുകയും ചെയ്തുപോന്നതിനെ, ദുരമൂത്ത മനുഷ്യന്റെ ശാസ്ത്രസാങ്കേതിക വിദ്യകളുടെ തലങ്ങളിൽ നശിപ്പിച്ചടുക്കുകയും കൃഷിസ്ഥലങ്ങൾ നഷ്ടപ്പെടുകയും കാമനക്കുവേണ്ടി ദമ്പതിക്രിയകൾ ചെയ്യുകയും ചെയ്തുവന്നു- അതിന്റെ ഫലമായി കൃഷിതന്നെ നഷ്ടപ്പെടുകയും പുഴുക്കുത്തുകളുള്ള വെണ്ടക്കയും പുഴുക്കുത്തുകളുള്ള കുഞ്ഞുങ്ങളുമൊക്കെ ഉണ്ടാകാനും തുടങ്ങി. ഭൂമിയിൽ കുട്ടികളുണ്ടാകുന്നതും പ്രകൃതി പുഷ്പിക്കുന്നതും `ഡയരക്ടലി പ്രൊപോർഷനി`ലാണെന്ന് സങ്കല്പിക്കാനെങ്കിലും ഇന്നത്തെ ബുദ്ധിജീവികൾക്ക് കഴിയുമോ? ജീവനെ ഹനിക്കാൻ മടിക്കുന്നൊരു മതനിഷ്ഠയുള്ള സമൂഹത്തിലാണ് സമ്പത്ത് വർദ്ധിക്കുന്നതെന്ന് പഠിക്കാൻ ശ്രമിക്കുമോ? ശതപഥബ്രാഹ്മണത്തിൽ `അശ്വമേധയജ്ഞ`ത്തിലും ലൈംഗികവേഴ്ചയുടെ ചർച്ചയുണ്ട്- പുത്രാമേഷ്ടിക്കു മുമ്പ്; പ്രധാന രാജ്ഞി കുതിരയോടൊത്ത് ശയിക്കുന്ന രംഗങ്ങൾവരെ വർണ്ണിച്ചിട്ടുണ്ട്. പുരോഹിതനും ഇതരരാജ്ഞിമാരും ആ സമയത്ത് വേഴ്ചയിലേർ പ്പെടുന്ന ചിത്രങ്ങളതിൽ കാണാം. `ബൃഹദാരണ്യകം` ദമ്പതിക്രിയയെ യ ജ്ഞമാക്കിയാണ് വർണ്ണിക്കുന്നത്. `വാമദേവ ഉപാസന`യിൽ ഛാന്ദോഗ്യം- 2.13,1.2ൽ പുരുഷൻ സ്ത്രീക്ക് നൽകുന്ന സംജ്ഞതന്നെ `ഹീം കാര`മാണെ ന്ന് പറയും. സഹശയനം ഉദ്ഗീതവും നോക്കുന്നത് പ്രതീഹാരവുമാണെന്നാണ് അതിലെ വർണ്ണന. ബൃഹദാരണ്യകം പറയുന്നത്, അനുഭൂതിയുടെ അംശമെല്ലാം ഉല്പാദനേന്ദ്രിയത്തിന്റെതാണെന്നാണ്. ഇതിന്റെയൊക്കെ അടിസ്ഥാനത്തിൽ പഠിക്കാൻ ശ്രമിക്കുമ്പോൾ, തന്ത്രസാധനയുടെ ഭാഗമായ പഞ്ചമകാരങ്ങൾ വൈദികിയിൽ കണ്ടെത്താം; ചിതസാധന; ശവസാധന; മുണ്ടസാധന എന്നിവയൊന്നും വൈദികമായി കണ്ടെത്താൻ കഴിയുന്നുമില്ല. ആറ് വിധത്തിലുള്ള ആഭിചാരങ്ങളും ദൃഷ്ടങ്ങളും അദൃഷ്ടങ്ങളുമായ കൃമികളുടെയും രാക്ഷസങ്ങളുടെയും നാശവും ഋഗ്വേദത്തിലും അഥർവ്വവേദത്തിലും കാണാം. വശീകരണം തൈത്തരീയ സംഹിത(2.3.1) `സംഗ്രഹണിമന്ത്രം` പറയുന്നുണ്ട്- അഥർവ്വവേദത്തിൽ അനേകം വശീകരണ മന്ത്രങ്ങളും സാമഗ്രികളും ഔഷധങ്ങളും പറയുന്നുണ്ട്. ഭാരതീയ ലൈംഗികതയുടെ ആദിഗ്രന്ഥങ്ങളെന്ന് അറിയപ്പെടുന്ന `കാമസൂത്ര`വും `കുചിമാരതന്ത്ര`വുമെല്ലാം ഒട്ടേറെ വശീകരണ ഔഷധങ്ങളെ പറയുന്നുണ്ട്- കേരളത്തിൽ ഒരു പ്രാചീന ഔഷധനിർമ്മാണ സ്ഥാപനം തന്നെ വശീകരണ ഔഷധത്തിന്റെപേരിൽ നിർത്തലാക്കേണ്ടിവന്നിട്ടുണ്ട്. അവർ ഇറക്കിയ ഒരു തൈലം യോനിയിൽ പുരട്ടി ഭർത്താവല്ലാത്ത ആളുകളുമായി രമിച്ചാൽ അത് വശ്യമായിത്തീരുമെന്നും അതിലൂടെ കുടുംബങ്ങൾ തകരുമെന്നും കണ്ടാണ് നിർത്തലാക്കേണ്ടിവന്നതത്രെ. സ്തംഭനം- സ്തംഭനത്തെക്കുറിച്ച് അഥർവ്വവേദം വ്യക്തമായിതന്നെ പറയുന്നുണ്ട്. അതിനുള്ള ഔഷധകൂട്ടുകളും മന്ത്രങ്ങളും അതി ൽ കാണാം; ഉച്ചാടനവും; മാരണവും വിദ്വേഷവുമെല്ലാം അവിടെ കാണാം.