[ Full Text - Source: April 2012 issue ]
നമ്മുടെ ജീവിതവും നമ്മൾ ജീവിക്കുന്ന ചുറ്റുപാടും നമ്മുടെ ബലത്തിൽ അതീവ പങ്കുവഹിക്കുന്നു- ഭൂമിയുടെ ഭ്രമണം, സൂര്യൻ, ചന്ദ്രൻ ഇവയാണ് ഭൂമിയിലെ ജീവജാലങ്ങളെ പ്രകടമായി ബാധിക്കുന്ന കാലത്തെ നിർണ്ണയിക്കുന്നത്.
ശരീരത്തെയും മനസ്സിനെയും ഏറ്റവുംകൂടുതൽ, പ്രകടമായി ബാധിക്കുന്നത് ചന്ദ്രന്റെ അവസ്ഥയാണ്. മനസ്സിന്റെ ഈ തലമറിഞ്ഞ് ചന്ദ്രവംശമെന്നും സൂര്യവംശമെന്നും രണ്ടായിതിരിക്കും- വംശചരിത്രം `ഭാഗവതാ`ദികളിലും മറ്റും അങ്ങനെയാണ്. പല മതാനുഷ്ഠാനങ്ങൾക്കും ചന്ദ്രനോടാണ് കൂടുതൽ ബന്ധമുണ്ടാകുന്നത്.
ഭാരതീയർ ചന്ദ്രനെ ആസ്പദമാക്കിയുള്ള കലണ്ടറുകളും സൂര്യനെ ആസ്പദമാക്കിയുള്ള കലണ്ടറുകളും രണ്ടും കലർത്തിയുള്ള കലണ്ടറും രൂപപ്പെടുത്തിയിട്ടുണ്ട്- ഋതുകലണ്ടറുകൾ വേറെയുമുണ്ട്; ഋതുകലണ്ടറുകളിൽ കേരളത്തിന്റെ പ്രത്യേകം കലണ്ടർ രൂപപ്പെടുത്തിയിട്ടുണ്ട്- ഗോവിന്ദൻ വൈദ്യരാണ് രൂപപ്പെടുത്തിയതെന്ന് തോന്നുന്നു.
സോമൻ, സൂര്യൻ, അനലൻ എന്നമൂന്ന് ഖണ്ഡങ്ങൾ പറഞ്ഞിട്ടുണ്ട്. അഗ്നിസംബന്ധങ്ങളായ നൂറ്റിയെട്ട് കിരണങ്ങൾ; സൂര്യസംബന്ധിയായ നൂറ്റിമുപ്പത്തിയാറ് കിരണങ്ങൾ; ചന്ദ്രസംബന്ധിയായ നൂറ്റിമുപ്പത്തിയാറ് കിരണങ്ങൾ. ഇതനുസരിച്ച് കറുത്തപക്കത്തിലും വെളുത്തപക്കത്തിലും ജീവജാലകങ്ങളുടെ സ്വഭാവത്തിലും വികാരത്തിലും വിചാരത്തിലുമെല്ലാം മാറ്റമുണ്ടാകുന്നുണ്ട്- ഇതിനെ ആധാരമാക്കിയുള്ള ഏറെ പഠനങ്ങളുമുണ്ട്.
സൗരചക്രം, കാലികചക്രം, ആർത്തവചക്രം, ഋതുചക്രം- ഇതിൽ കാല ത്തെതന്നെ ആയുർവ്വേദം ദ്രവ്യത്തിന്റെ പട്ടികയിൽ പെടുത്തിയിട്ടുണ്ട്. കാലം ആന്തരികവും ബാഹ്യവുമാണ്. ബാഹ്യമായത് സൗരചക്രവും ആന്തരികമായത് വയസ്സ്ചക്രവുമാണ്. മൂന്ന് കാലങ്ങളായി ജീവിതത്തെ തിരിക്കാമെന്ന് നാം കണ്ടു- ബാല്യം, മധ്യം, വൃദ്ധം.
വ്യാധിക്ഷമത്വം ഏറ്റവുംകൂടുതൽ യൗവനത്തിലാണ്. വയസ്സ്ചക്രത്തിൽ കാലം ആന്തരികമായതിനാൽ, അനേകവിധകോശങ്ങൾ പങ്കെടുക്കുന്ന ശരീരത്തിൽ കോശത്തിന്റെ ഉണ്ടാകൽ; നിലനിൽക്കൽ; നാശം- ഇങ്ങനെ മൂന്ന് അവസ്ഥകളുണ്ട്. അസ്ഥിജായതെ, വർദ്ധതേ, വിപരിണാമതേ, അപക്ഷിയതേ, വനശ്യതി.
കോശത്തിന്റെ പരിണാമം പലപ്പോഴും ഋണാത്മകവും ധനാത്മകവുമായി വരാം. പല രോഗങ്ങളായും നാമിന്ന് കണ്ടുപിടിക്കുന്ന കോശപരിണാമവും കൗശികവിജ്ഞാനത്തിന്റെ സുസമ്മതമായ അറിവിന്റെ കുറവുകൊണ്ടാണ്. അനേകം ജീവജാലങ്ങളിലൂടെ സമ്യക്കായി പരിണമിച്ചുവന്ന മനുഷ്യനിൽ ഒരേകാലത്തിൽ മാനസികമായും ശാരീരികമായും വരുന്നൊരു അവാന്തര പരിണാമംപോലുമാകാം. ശരീരത്തിൽ ഒരു അവയവത്തിന് ആരോഗ്യമുള്ള, മുമ്പുള്ളമനുഷ്യനെ ആധാരമാക്കി വൈദ്യശാസ്ത്രം മെനഞ്ഞെടുത്തതി ൽനിന്ന് വ്യത്യസ്തമായൊരു മാറ്റം ഇന്ന് കണ്ടാൽ- അതെല്ലാം രോഗമാണെന്ന് ശഠിക്കുകയും അതിനെ ഉജ്ജ്വലനംചെയ്യാൻ ഔഷധത്തെകൊടുക്കുകയും ചെയ്യുക; ഔഷധങ്ങൾതന്നെ ഔഷധത്തെയും ഔഷധത്തിന്റെ സങ്കൽപത്തെയും; ഔഷധം കൊടുക്കുന്നവന്റെ കണക്കുകൂട്ടലുകളുടേയുമൊക്കെയുള്ള `ശാസ്ത്രീയവ്യാപാര`മെല്ലാം തെറ്റിച്ചുകൊണ്ടാണ് ഋണാത്മകമോ ധനാത്മകമോ ആയ വളരെവലിയ പരിണാമത്തിന് ഇന്ന് ഇടയാക്കുന്നത്- ഇതൊരു അനിശ്ചിതത്വമാണ്..
അനിശ്ചിതത്വത്തെ അംഗീകരിക്കാതെ; അദൃഷ്ടത്തെ തള്ളിക്കളഞ്ഞുകൊണ്ട് ദൃഷ്ടമായതിൽ- ഇതുവരെയുള്ള അറിവുകളെ അവലംബിച്ചുകൊണ്ടെത്തുന്ന ഈ നിഗമനങ്ങൾ പലതും ആധുനിക ശാസ്ത്രംതന്നെ അംഗീകരിച്ച മാനവിക പരിണാമസങ്കല്പങ്ങളിൽ നിന്നുകൊണ്ടുള്ളതല്ലെന്ന് കാണാം. ജഡശരീരങ്ങളെ കീറിയും മുറിച്ചുമൊക്കെ അവയവങ്ങളുടെ സ്ഥാനങ്ങൾ കണ്ടിട്ടുള്ള ഒരു ഭിഷഗ്വരന് പുതിയൊരു ജഡശരീരത്തിൽ സ്ഥാനംതെറ്റി അവയവങ്ങളെ കണ്ടാൽ, ജീവനുള്ളപ്പോൾ അവയെങ്ങനെ പ്രവർത്തിച്ചുവെന്നോ പ്രതിപ്രവർത്തിച്ചുവെന്നോ അറിയാൻ കഴിയില്ല; ജീവനുള്ള ശരീരങ്ങളെ കീറിമുറിച്ച് കണ്ടുപഠിക്കാനുള്ള സൗകര്യം ഇന്നില്ല. എന്നാൽ, ഒരാന്തരിക ചക്ഷുസ്സുകൊണ്ടറിയാനുള്ള കഴിവുമില്ല- ആന്തരിക ചക്ഷുസ്സിനെ വികസിപ്പിക്കാതിരിക്കുകയും നിത്യപരിണാമിയാണ് ലോകമെന്ന് അംഗീകരിക്കാതിരിക്കുകയും പരിണാമത്തിന്റെ സങ്കല്പനങ്ങളെമുഴുവൻ ഭാവിയിൽചേർത്തുവെച്ച് ഉൾകൊള്ളാനുള്ള കഴിവുകൾ ഇല്ലാതിരിക്കുകയും ചെയ്യുക. ബൗദ്ധികപ്രതിബദ്ധത ശൂന്യമായിരിക്കുകയും ചെയ്യുമ്പോൾ,തന്റെ മുന്നിലെത്തുന്ന ഒരു രോഗി- കാലം, കർമ്മം,വിഷയം എന്നിവയുടെ ചേർച്ചയാണെന്നും അവ താൻ നേരത്തെപഠിച്ചുവെച്ച ഉദാഹരണങ്ങളിൽ പ്രതിപ്രവർത്തിക്കുന്നതുപോലെതന്നെ ഇവനിൽ പ്രതിപ്രവർത്തിച്ചുകൊള്ളണമെന്നില്ലെന്നും ഭിഷഗ്വരൻ ആദ്യം തിരിച്ചറിയണം. രോഗിയിൽ പ്രതിപ്രവർത്തിക്കുന്നതെല്ലാം ദോഷമായിരിക്കണമെന്നില്ലെന്നും പുതിയൊരു ജനുസിൽപ്പെട്ട ജീവിയായി മാനവൻ പരിണമിച്ചുപോവുകയാണോ എന്നുമൊക്കെ ചിന്തിക്കാതെ- സൃഷ്ടിയുടെ വൈചിത്ര്യങ്ങളെമുഴുവൻ ഉൾകൊള്ളാതെ, താൻ നേരത്തെ കീറുകയും മുറിക്കുകയുംചെയ്ത് പഠിച്ചതുപോലുള്ള മനുഷ്യൻമാത്രമേ ലോകത്ത് ഉണ്ടാകൂയെന്നും ശഠിക്കുക; താൻ പഠിച്ച സങ്കല്പങ്ങൾമാത്രമാണ് പ്രകൃതിയുടെ സൃഷ്ടിയെന്നും അതിനപ്പുറം ഉണ്ടായാൽ, അതിനെയൊക്കെ തല്ലിയൊതുക്കി തന്റെ സങ്കല്പത്തിലേക്ക് കൊണ്ടുപോകുക; അതിനായി വളർത്തിയെടുക്കേണ്ടതാണ് വൈദ്യശാസ്ത്രമെന്നും പഠിക്കുകയും പഠിപ്പിക്കുകയും ചെയ്യുക; അതിനുള്ള ഔഷധങ്ങൾ കണ്ടുപിടിക്കുകയും കമ്പനികൾ രൂപപ്പെടുത്തിവെച്ചിരിക്കുന്ന ഔഷധങ്ങൾ എഴുതിക്കൊടുക്കലാണ് തന്റെ ജോലിയെന്നുമൊക്കെ ധരിക്കുന്ന ഭിഷഗ്വരന്മാരെ ക്കൊണ്ട് നിറഞ്ഞിരിക്കുന്നു ഇന്ന് നമ്മുടെ സമൂഹം.
തന്റെ മുമ്പിലെത്തിയിരിക്കുന്ന രോഗിയോട് കോശങ്ങളിലുണ്ടായ പരിണാമപ്രക്രിയയുടെ അന്തർക്ഷോഭങ്ങളെമുഴുവൻ പറഞ്ഞുകൊടുക്കുക- എന്നിട്ട്, ധാനാത്മകമായൊരു, സാദ്ധ്യതയ്ക്ക് ഇടയുണ്ടെന്നും നമുക്കതുനോക്കിയിട്ട്, മറ്റൊന്നിലേക്ക് കടക്കാമെന്നും ആശ്വസിപ്പിക്കുക. രോഗിയുടെ ജീവിതത്തെ അപകടപ്പെടുത്തുന്നില്ലെങ്കിൽ; വൈകല്യങ്ങളിലേക്ക് കൊണ്ടുപോകുന്നില്ലെങ്കിൽ- ശാരീരികമോ മാനസ്സികമോ ആയ ഈ പരിണാമം കുറച്ചുകൂടി ഋജുവായൊരുതലത്തിൽ പഠിക്കുന്നതായിരിക്കില്ലേ നല്ലത് എന്നുപറയാനുള്ള ഒരു പ്രതിബദ്ധതയും അറിവും നമുക്കെങ്ങനെയാണ് ഇല്ലാതെപോയത്? അതുകൊണ്ട് കോശത്തിനകത്ത് നടക്കുന്ന പരിണാമങ്ങൾ, വളരെ വലിയ പരിണാമമാണെന്ന് അറിയണം.
ഏകകോശം മൈറ്റോസിസിലൂടെ(ക്രമഭംഗത്തിലൂടെ) ഗർഭത്തിൽ വളരുന്നതും; പ്രസവിച്ചെത്തി വളരുന്നതും- പരിണാമത്തിലെ വലിയൊരു കാര്യമാണ്. അവയവങ്ങൾക്ക് ചിലതിന് വളർച്ചകുറയുന്നതും ചിലതിന് കൂടുന്നതും ചിലത് സുന്ദരമായിരിക്കുന്നതും ചിലത് സുന്ദരമല്ലാതിരിക്കുന്നതുമൊക്കെ നാം കാണുന്നു. അവയെ അവയുടെ യഥാർത്ഥ പ്രകൃതിയിൽനിന്ന് മാറ്റിമറിക്കാൻ ഒരുങ്ങിയാൽ- ഒരു നീണ്ടമുഖത്തെ വട്ടമുഖമാക്കിമാറ്റാനും വട്ടമുഖത്തെ നീണ്ടമുഖമാക്കിമാറ്റാനും ഇന്നൊരു ദന്തിസ്റ്റിന് വളരെ എളുപ്പമാണ്. ഇങ്ങനെയൊക്കെയുള്ള അന്വേഷണങ്ങളും ഗവേഷണങ്ങളും പരിണാമങ്ങളും നടക്കുമ്പോൾ- ബാഹ്യമായ ഈ ഇടപെടലുകളെമുഴുവൻ ശാസ്ത്രകാരന്മാർ സങ്കല്പ്പിക്കുന്നതുപോലെ സൂക്ഷ്മശരീരവും അദൃഷ്ടവുമൊക്കെ അംഗീകരിക്കുമോ? അതല്ല, തന്റെ ജീവിതത്തെ മുൻനിശ്ചയമനുസരിച്ച് മുന്നോട്ടുകൊണ്ടുപോകാൻ അനുവദിക്കാത്ത ശാസ്ത്രത്തിന്റെ ഇരിപ്പിടമായ(ടോട്ടിപൊട്ടന്റ്) കോശങ്ങൾ പ്രതിപ്രവർത്തിക്കുമോ? കോശദ്രവം മറ്റൊരു പരിണാമത്തിന് ശരീരത്തെതന്നെ തയ്യാറെടുപ്പിക്കുമോ? കോശകോശാന്തരവ്യാപാരങ്ങൾ മാറിമറിയുമോ? ശരീരത്തിന്റെ ഏതൊക്കെയോ മൂലകളിൽ പലതും അടിച്ചുവാരികൂട്ടിവെച്ചിരിപ്പുണ്ട്; ശരീരത്തെബാധിക്കാത്തവിധം ഉറങ്ങികിടക്കുന്നവയായി. അവയൊക്കെ ചിക്കിച്ചികഞ്ഞ്; അവയെ ഉണർത്തി ഉപദ്രവകരമാക്കുന്നൊരു ബാഹ്യൈടപെടൽ ഉണ്ടാകണമായിരു ന്നോ? ഏതിനൊക്കെ ബാഹ്യഇടപെടലാകാം; ഏതിനൊക്കെ ആകരുതെന്നുമുള്ളൊരു സദാചാരമര്യാദയോടെയുള്ളൊരു പഠനരീതി വൈദ്യശാസ്ത്രത്തിൽ അനിവാര്യമല്ലേ?
ഇത്തരം ചോദ്യങ്ങളും അന്വേഷണങ്ങളുമൊക്കെ കാലത്തിന്റെ ആന്തരികവും ബാഹ്യവുമായ പഠനത്തിൽ അനിവാര്യമാണ്- ആന്തരികകാലം ഓരോ കോശത്തിലും പ്രവർത്തിക്കുന്നുണ്ട്. ആന്തരികകാലത്തെ നിർണ്ണയിക്കുന്നത് `സൈറ്റോക്രോം` ആണെന്നുപറയും. ആന്തരികകാലത്തെ അടിസ്ഥാനമാക്കി കോശവിഭജനപ്രക്രിയയ്ക്കുള്ള വേഗതയിൽ വ്യത്യാസമുണ്ടാകും- കോശത്തിന്റെ എണ്ണംകൂടുന്നതിനെ വേഗത്തിലാക്കിയാൽ, വേഗത്തിൽ വാർദ്ധക്യം വരും.
കോശവിഭജന പ്രക്രിയയിൽ പ്രാണന്റെ പങ്ക് വളരെ വലുതാണ്. കാരണം, ശരീരമാകെ സഞ്ചരിക്കുന്നത് പ്രാണനാണ്. ശരീരത്തിലെ മാലിന്യങ്ങളെമുഴുവൻ സ്വീകരിച്ച് പുറന്തള്ളുന്നതും പ്രാണൻ തന്നെയാണ്. ശരീരത്തിന് ആവശ്യമായ ജീവശക്തിയെ പ്രദാനംചെയ്യുന്നതും പ്രാണൻതന്നെയാണ്. പ്രാണന്റെ കാലം വളരെവേഗതയുള്ള മനസ്സുമായി ചേരും; പ്രാണവേഗം മനോവേഗവുമായി ചേരുന്നു. മനസ്സിന്റെ ഈയൊരു തലം- മനസ്സിന്റെ വേഗത എത്രകൂടിയതാണ്; എത്രകുറഞ്ഞതാണ്; മനസ്സിന്റെ വേഗതയ്ക്കൊത്ത് ശരീരത്തെക്കൊണ്ടുപോകാൻ പറ്റുമോ? സ്വന്തം ശരീരം, സ്വന്തമ്മനസ്സിന്റെ വേഗതയ്ക്കൊപ്പം പോകില്ലെങ്കിലും സ്വന്തം മനസ്സിന്റെ വേഗതയിൽ- അന്യന്റെ മനസ്സ് പ്രവർത്തിക്കണമെന്നും അതേവേഗതയിൽ അന്യൻ ചിന്തിക്കുകയും പ്രവർത്തിക്കുകയും ചെയ്യണമെന്ന് ആഗ്രഹിക്കുന്നവരാണ് അധികവും- മനസ്സ് ആഗ്രഹിക്കുമ്പോൾതന്നെ കാര്യം നടക്കണമെന്ന് ആഗ്രഹിക്കുന്നവർ; ആഗ്രഹിക്കുന്നവേഗത്തിൽ എത്തേണ്ടുന്ന ദേശങ്ങളിൽ എത്തണമെന്ന് ആഗ്രഹിച്ചതിന്റെ ഫലമായുള്ള കണ്ടുപിടിത്തങ്ങളാണ് വിവിധ സങ്കേതികവിദ്യകൾ- മനസ്സിന്റെ ഇതേ വേഗതയും കണ്ടുപിടിത്തങ്ങളും തന്റെ ആന്തരികകാലത്തിൽ മാറ്റം വരുത്തുമോ? അതേവേഗതയിൽ, ശൈശവത്തെ വാർദ്ധക്യത്തിലേക്ക് കൂട്ടികൊണ്ടുപോകുമോ? അതേവേഗതയിൽ മൃത്യുവിനെ ആനയിച്ചുകൊണ്ടുവരുമോ? മനസ്സുതന്നെ ഈ വേഗതയിൽ നിയന്ത്രണവിധേയമാകുമോ? ഇതൊക്കെ ആന്തരികവും ബാഹ്യവുമായ കാലത്തോട് ബന്ധപ്പെട്ടുള്ള ചോദ്യങ്ങളാണ്.
നമ്മുടെ ആന്തരികകാലത്തിന് ബാഹ്യകാലവുമായി എന്തെല്ലാംതരത്തിലുള്ള ബന്ധമുണ്ടാകും- പ്രഭാതവും പ്രദോഷവുമായി; പകലും രാത്രിയുമായി; ഋതുചംക്രമണവുമായി കോശകാലങ്ങൾക്ക് ബന്ധമുണ്ടാകുമോ? കോശവ്യാപാരങ്ങളെ കാലത്തിന്റെ ഗണനയയിൽ അപഗ്രഥിച്ച് നിയന്ത്രിച്ചുനിർത്താനാകുമോ?- വാർദ്ധക്യത്തെ തടയുവാനും നീട്ടിവെക്കനും കഴിയുമോ?
വയസ്സ്ചക്രത്തെ നോക്കുമ്പോൾ, കാലത്തിന്റെ ഏറ്റവും ബലംകൂടിയത് യൗവ്വനമാണ്. തന്റെ മനോലോകങ്ങളോടും ചുറ്റുപാടുകളോടുമൊക്കെ ഇടപെടുമ്പോഴുള്ള നീതിശാസ്ത്രങ്ങൾ- ഓരോ ഋതുവിനോടും ഓരോ പകലിനോടും രാത്രിയോടും ഇടപെടുമ്പോൾ, ഏത് പരിധിയിൽനിന്നുവേണം ഇടപെടാൻ എന്നത് പ്രധാനമാണ്- കാലത്തിന്റെ ഏറ്റവും വലിയസാമൂഹികപ്രത്യേകത ധർമ്മം വെടിഞ്ഞിരിക്കുന്ന കാലമാണ്; പ്രലോഭനങ്ങളുടെ കാലമാണ്; പരസ്യങ്ങളായും മറ്റുവിധേയങ്ങളായുമുള്ള പ്രലോഭനങ്ങൾ വർദ്ധിച്ചുവരികയാണ്- വ്യാവസായിക പ്രാധാന്യമുള്ളൊരു കാലഘട്ടവുമാണ്. ഇതിന്റെയൊക്കെ വർദ്ധനവും പ്രാധാന്യവുമുള്ള ചുറ്റുപാടുകളോട് മനുഷ്യൻ ഇടപെടുമ്പോൾ അവന്റെ ദോഷങ്ങളെ എങ്ങനെ ബാധിക്കുമെന്ന് ആലോചിക്കണം; അവന്റെ വാതപിത്തകഫങ്ങളെ എങ്ങനെ ബാധിക്കും; ബാല്യം പിത്തദോഷത്തെ, കഫത്തെ എങ്ങനെയായിരിക്കും ബാധിക്കുകയെന്ന് ആലോചിക്കണം.
ബാല്യം കഫകാലമാണ്. പതിനാറുവയസ്സുകഴിഞ്ഞ് യൗവനത്തിലേക്ക് കയറുമ്പോൾ പിത്തകാലമാണ്. അറുപതുമുതൽ വാർദ്ധക്യകാലമാണ്- ധാതുക്ഷീണമെല്ലാം ഉണ്ടാകുന്നത് അപ്പോഴാണ്. കോശങ്ങൾ ക്ഷയിക്കാൻ തുടങ്ങുന്നതും അപ്പോഴാണ്. വാതവർദ്ധനവിന്റെ അക്കാലത്ത്- ധാതുസംബന്ധങ്ങളായ ആഹാരം, രസായനം, ചിട്ടയായ ദിനചര്യകൾ ഇവയൊക്കെ അനിവാര്യമാണ്. പോഷകം സ്വീകരിക്കന്നത് ബാല്യത്തിൽ കൂടും; മധ്യവയസ്സിലത് മധ്യമാകും; വാർദ്ധക്യത്തിലത് ഹീനമാകും- വളർച്ചയുടെ കാലമാണ് പോഷകം സ്വീകരിക്കുന്ന ബാല്യകാലം; നിലനിൽപിന്റെ കാലമാണ് മധ്യകാലം; ക്ഷയകാലമാണ് വാർദ്ധക്യകാലം.
കോശങ്ങളിലെ ഈ കാലനിലയുള്ള ആയുസ്സ് കർമ്മവിശേഷംകൊണ്ടാണ്; കാലവിശേഷംകൊണ്ടാണ് ഉണ്ടാകുന്നത്. ആയുസ്സിന്റെ ദൈർഘ്യത്തോട് അനുബന്ധിച്ചാണ് ബാല്യയൗവനവാർദ്ധക്യങ്ങളെ കണക്കാക്കുന്നത്; അവയുടെ കാലയളവിനെയും കണക്കാക്കുന്നത്.
പ്രകൃത്യാ, വാതപ്രകൃതി അല്പമായതും പിത്തപ്രകൃതി മധ്യമമായതും കഫപ്രകൃതി ദീർഘമായതുമായ ആയുസ്സ്- പ്രകൃത്യാ ഒരുവൻ ജനിക്കുമ്പോൾ വാതപ്രകൃതിയായി ജനിക്കുന്നുവെങ്കിൽ, അവനിലെ ആന്തരികകാലം ജനിക്കുമ്പോൾതന്നെ വാർദ്ധക്യകാലമാണ്- അവനിൽ വളരെ കുറഞ്ഞ ആയുസ്സ് പ്രതീക്ഷിച്ചാൽ മതി. അപ്പോൾ വളരെയധികം സൂക്ഷിച്ചില്ലെങ്കിൽ കാലത്തിന്റെ ഈ ഹീനയോഗം മൃത്യുവിനെ വളരെവേഗം ആനയിച്ചുവെന്നുംവരും. അതുകൊണ്ട് കാലത്തിന് വളരെയധികം പ്രാധാന്യം, ആന്തരികമായിതന്നെ ഉണ്ട്- ആന്തരികമായ കാലചക്രഗതിയെ അറിഞ്ഞുവേണം ജീവിതം രൂപപ്പെടുത്താൻ.