[Excerpts - Source: Oct 2010 issue]
ചോദ്യം രണ്ടാണ്:
നിങ്ങളുടെ വൃത്തികളും വാസനകളും ഉയർന്നുവന്ന് ചുറ്റുപാടുകളോട് ഇണങ്ങുന്നതുവരെ മാത്രമനുഭവിക്കുന്ന ഒന്നായിരിക്കുമോ നിങ്ങളുടെ ശാന്തി? അതല്ല-ആ ചുറ്റുപാടുകളിലെ ഒരശാന്തിയെ കണ്ടെത്തി അതിനെ നിർമ്മാർജ്ജനം ചെയ്യാൻ ശ്രമിക്കുന്നതിലായിരിക്കുമോ, നിങ്ങളുടെ ശാന്തിയോടുള്ള ആഗ്രഹം?
മനുഷ്യൻ ശാസ്ത്രത്തിന്റെ പിന്നാലെപോകുന്നതും മതങ്ങളുടെ പിന്നാലെപോകുന്നതുമെല്ലാം ഏതോ അജ്ഞാതലോകത്ത് അറിയപ്പെടാതിരിക്കുന്ന ശാന്തി തേടിയാണെന്നാണ് ധാരണ.
അന്വേഷിച്ചുപോയ മനുഷ്യൻ നിരന്തരമായി ശാന്തിയെ ഭഞ്ജിക്കുകയും, നിരന്തരമായി സ്വയം സംഘർഷത്തിലേർപ്പെടുകയും, നിരന്തരമായി അന്യരെ സംഘർഷത്തിലേക്ക് നയിക്കുകയും ചെയ്യുന്നുവെന്ന്, അവനറിയുകയോ അറിയാതിരിക്കുകയോ ചെയ്യുമ്പോഴും, മോചനമില്ലാതെ തുടരുന്നു.
കുടുംബവും, കൂട്ടായ്മയും, ഭാര്യയും , ഭർത്താവും, അച്ഛനും അമ്മയും തൊഴിലുമെല്ലാം-മനുഷ്യന്റെ ഒരുചെറിയ ചലനംപോലും അവനാഗ്രഹിക്കുന്നത് ശാന്തിയെ പ്രദാനം ചെയ്യണമെന്നും അവാച്യമായ ഒരനുഭൂതി അനുഭവിക്കണമെന്നുമാണെങ്കിൽ, അവനെത്ര അറിയുന്നുവോ, എത്രകർമ്മരംഗങ്ങളിൽ ഏർപ്പെടുന്നുവോ, അത്രത്തോളമവന്റെ ശാന്തി ഭഞ്ജിക്കപ്പെടുന്നു. അത്രത്തോളംതന്നെ അശാന്തനായ അവൻ, ലോകത്തിന് അശാന്തിയെ പ്രദാനംചെയ്യുന്നു. അത് ചെയ്യുമ്പോഴും താനത് അറിഞ്ഞാലും, താനത് അറിയാതിരുന്നാലും, അതിൽനിന്ന് മോചനമില്ലാത്ത ഈ `കാളിനാടകം` തുടരുന്നു. നാരായണ ഗുരുദേവന്റെ സുപ്രസിദ്ധമായ ഒരു കൃതിയുടെ പേരുചേർത്തുകൊണ്ടാണ് പറഞ്ഞതെന്നുമാത്രമേ വ്യത്യാസമുള്ളൂ.
എല്ലാമനുഷ്യനും നേരംപുലർന്ന് എഴുന്നേറ്റാൽ, ഉറങ്ങാൻ കിടക്കുമ്പോഴും എഴുന്നേൽക്കുമ്പോഴും അവന്റെ ജാഗ്രത്തിന്റെ അഭിമാനത്തിൽ സ്വപ്നമായി കാണുന്നതായി പറയുന്നതത്രയും, തന്റെ ദിനങ്ങൾ അത്രയും ശാന്തസുന്ദരമായിരിക്കണം എന്നുതന്നെയാണ്. തന്റെ നാടും വീടും വിട്ട്, ഗ്രാമസൗഭാഗ്യങ്ങൾതേടിയും വനഭംഗിതേടിയും പോകുന്ന യാത്രക്കാരെല്ലാം, അല്പനേരത്തേക്ക് അനുഭവിക്കുന്നത് ശാന്തിയാകകൊണ്ട്, അവിടെയെവിടെയെങ്കിലും കുടിലുകെട്ടി ജീവിച്ചാൽകൊള്ളാമെന്ന് ആഗ്രഹിക്കാറുണ്ട്. അവിടെയൊക്കെ നിങ്ങൾ താമസിച്ചുകഴിഞ്ഞാൽ; നിങ്ങളുടെ നിത്യനിരന്തരമായ കർമ്മപദ്ധതികളിലേക്ക് ഏർപ്പെട്ടുകഴിഞ്ഞാൽ; ഒട്ടൊക്കെയറിഞ്ഞും ഒട്ടൊക്കെ അറിയാതെയും, ഈ ശാന്തി ഇല്ലാതാകുന്നുവെന്നത് വസ്തുതയായിരിക്കുമോ? നിങ്ങളുടെ വൃത്തികളും വാസനകളും ഉയർന്നുവന്ന്, ചുറ്റുപാടുകളോട് പരിചയപ്പെടുന്നതുവരെ മാത്രം, അനുഭവിക്കുന്ന ഒന്നായിരിക്കുമോ ഈ ശാന്തി? അതല്ല, ആ ചുറ്റുപാടുകളിൽകിടക്കുന്ന ഒരു അശാന്തിയെ നിങ്ങൾ കണ്ടെത്തി നിർമ്മാർജ്ജനം ചെയ്യുന്നതിന്, ശ്രമിക്കുന്നതിലായിരിക്കുമോ നിങ്ങളുടെ ശാന്തിയോടുള്ള ആഗ്രഹം?
……
gr8 article. tku