[ Full Text - Source: March 2012 issue ]
മൂലാധാരം- ശരീരമദ്ധ്യത്തിൽ സുഷുമ്നയുടെ ഏറ്റവുമടിത്തട്ടിൽ, താമരപ്പൂവിന്റെ ആകൃതിയിൽ നാല് ദളങ്ങളോടുകൂടി സ്ഥിതിചെയ്യുന്നു; അവിടെയാണ് കുണ്ഡലിനി ചുറ്റായി ഉറങ്ങുന്നത്- അത് ചതുർദളപത്മമാണ്. അതിലെ അക്ഷരങ്ങൾ വ, ശ, ഷ, സ, ഹ-(വസ) നിറഞ്ഞിരിക്കുന്ന അക്ഷരങ്ങൾക്കനുസരിച്ചുള്ളതാണ് അതിന്റെ രൂപം.
സ്വാധിഷ്ഠാനം- മൂലാധാരത്തിനുമുകളിൽ നാഭിക്കുതാഴെയാണ്; ആറ് ഇതളുകളുള്ള താമരപോലെയാണത്. അവിടെയാണ് ദേവത രാഗിണി. അതി ലെ അക്ഷരങ്ങൾ ബ, ഭ, മ, യ, ര, ല-(ബല).
മണിപൂരകം(നാഭീചക്രം)- പത്ത് ദളങ്ങളുള്ള താമരപോലെയാണത്; ഉദയസൂര്യന്റെ വർണ്ണത്തിലുള്ള ത്രികോണമാണ്. ത്രികോണത്തിന്റെ ബാഹ്യഭാ ഗം മൂന്ന് സ്വസ്തികം ചേർന്നതുപോലെയാണ്. അവിടെയാണ് ദേവത ലാകിനി. അതിലെ അക്ഷരങ്ങൾ ഡ, ഢ, ണ, ത, ഥ, ധ, ന, പ, ഫ-(ഡഫ). ഈ മൂ ന്നുചക്രങ്ങളിൽ കൗളമാർഗ്ഗമനുസരിച്ച് ഉപാസനയുണ്ട്; ശുഭാഗമങ്ങളനുസരിച്ച് ഇല്ല. രാവണൻ, കുംഭകർണ്ണൻ മുതലായവരൊക്കെ ഈ മൂന്നുചക്രങ്ങളിൽ ഉപാസിച്ചവരാണ്- ഇതിൽ ഉപാസിക്കുന്നത് വളരെ അപകടകരമാണ്. ഉപാസനയ്ക്കിടയിൽ പ്രശ്നസങ്കീർണ്ണതകളുണ്ടാകാത്ത ഒരു നിമിഷംപോലുമില്ല- പ്രശ്നങ്ങൾ രസമായെടുക്കുന്നവർക്കുള്ള ഉപാസനയാണിത്.
അനാഹതം(ഹൃദയകമലം)- കടുത്ത ചുകപ്പുനിറമുള്ള താമരപോലെയാണത്; പന്ത്രണ്ട് ദളങ്ങളുള്ള പത്മമാണ്. അത് വായുവിന്റെ ഇരിപ്പിടമാണ്. ദേവത കാകിനിയുടെ സ്ഥാനമാണ്- ഇതിന്റെ ഉപാസനയെ പറയുന്ന ഉപനിഷത്താണ് `കഠം`. ഇത് ഉദരോപാസനയാണ്. അതിലെ അക്ഷരങ്ങൾ ക, ഖ, ഗ, ഘ, ങ, ച,ഛ, ജ, ഝ, ഞ, ട, ഠ-(കഠ). ഇത്രയും അക്ഷരങ്ങൾ അതി ൽ നിറച്ചതുകൊണ്ടാണ് അതിന് കഠോപനിഷത്ത് എന്നുപറയുന്നത്. ഈ അക്ഷരങ്ങൾക്കനുസരിച്ചാണ് അതിന്റെ `യന്ത്രം` ഉണ്ടാകുന്നത്. ആ യന്ത്ര ത്തെ ദ്വിമാനമായും ത്രിമാനമായും സങ്കൽപ്പിച്ച് മൂർത്തിരൂപേണ ഉപാസിക്കുന്നു- അമൂർത്തങ്ങളായ സത്യങ്ങൾക്ക് ശാബ്ദിക പ്രസക്തി നൽകുകയും ശാബ്ദികമായ സാധനകൾകൊണ്ട് മതിവരാതിരിക്കുകയും ചെയ്യുമ്പോഴാണ്, ശാബ്ദിക പ്രസക്തിയുള്ളവയ്ക്ക് ദ്വിമാനങ്ങളും ത്രിമാനങ്ങളുമായ രൂപങ്ങൾ നൽകി ഉപാസിക്കുന്നത്- ഇത് താന്ത്രികരീതിയുടെ ഒരു മഹിമയാണ്.
വിശുദ്ധിചക്രം- പതിനാറ് ദളങ്ങളോടുക്കൂടിയ വെളുത്ത താമരയാണ്. അവി ടെയാണ് ദേവത ലാകിനിയുടെ ഇരിപ്പിടം. അ, ആ തുടങ്ങിയ മുഴുവ ൻ സ്വരാക്ഷരങ്ങളുമാണ് അക്ഷരങ്ങൾ. അതിന് ഭാരതി എന്നും പേരുപറയും. ഭാസിൽ രതിയുള്ളവർ ഉപാസിക്കുന്നത് ഇവിടെയാണ്; കണ്ഠം- സരസ്വതിയുടെ ഇരിപ്പിടമാണ്.
ആജ്ഞാചക്രം- പുരികങ്ങൾക്ക് മദ്ധ്യത്തിൽ സ്ഥിതിചെയ്യുന്ന ഇതിനെ പരമകലയെന്നും വിശേഷിപ്പിക്കും. തന്ത്രാഭിരുചിയുള്ളവർ; സാധനയിലുടെ സിദ്ധന്മാരായിത്തീർന്നവർ ഇതിനെ വിളിക്കുന്നത് മുക്തത്രിവേണിയെന്നാണ്- ത്രിവേണീസംഗമം ഇവിടെയാണ് . ഇതിന്റെ ബാഹ്യരൂപമായാണ് ഗംഗയുടെയും യമുനയുടെയും സരസ്വതിയുടെയും സംഗമത്തെ കാണുന്നത്. അന്തർധാരയായ സരസ്വതിയും ബാഹ്യധാരകളായ ഗംഗയും യമുനയും സംഗമിക്കുന്ന ആ സംഗമസ്ഥാനത്തെയാണ് ത്രിവേണിയെന്ന് പറയുന്നത്. തന്ത്രസാധനയിൽ പലകാര്യങ്ങൾ ചെയ്യുന്നതും പരമകലയോട് ബന്ധപ്പെട്ടാണ്; പല അടയാളങ്ങളും വഹിക്കുന്നത് പരമകലയാണ്.
ആജ്ഞാചക്രം ശ്വേതനിറത്തിലുള്ള രണ്ട് ദളങ്ങളോടുകൂടിയ താമരയാണ്- ഇവിടെനിന്നും മൂന്ന് നാഡികൾ വ്യാപിക്കുന്നു. ഇവിടെയാണ് ചിന്താമണീബീജമായ ഹ, ക്ഷ എന്നീ അക്ഷരങ്ങളുള്ളത്. അതിലെ ദേവത ഹാകിനി. ഹ, ക്ഷ എന്നതിൽ ക്ഷ ആണ് ചിന്താമണിക്ക് കാരണമായത്; കാമേശ്വരമൂലമന്ത്രമാണ് അവിടെ ഇരിക്കുന്നത്. ഈ ഗുഹയാണ് ഗുരു ഇരിക്കുന്ന ഇടം- തന്ത്രാഗമങ്ങൾ ഏറ്റവുംപ്രാധാന്യം കൊടുക്കുന്നത് ഗുരുവിനാണ്. ഈ കാര്യഗുരുവിനെ സാധകന് കാണിച്ചുകൊടുക്കുന്ന ബാഹ്യഗുരുക്കന്മാരെ കാരണഗുരുക്കന്മാരെന്ന് അറിയപ്പെടുന്നു- ആജ്ഞാചക്രത്തിൽ ദേവത ഹാകിനിയോടൊപ്പം ഇരിക്കുന്ന കാര്യഗുരുവിനെ ശിഷ്യന് കാണിച്ചുകൊടുക്കും; ശിഷ്യനെ ഗുരു നമസ്കരിച്ച് ദീക്ഷ പൂർണ്ണമാക്കും- അതോടെ ശിഷ്യൻ പൂ ർണ്ണദീക്ഷിതനുമാകും.
ഈ ആറ് ചക്രങ്ങളെ `അഥർവ്വവേദം` ലലനാചക്രമെന്നും സഹസ്രാരചക്രമെന്നും പറയും- നെറ്റിത്തടത്തിലും മൂർദ്ധാവിലും.
ചക്രഭേദം(ഷഡ്ചക്രഭേദം)- ചക്രങ്ങളുടെ ഉണർച്ച ചക്രഭേദമെന്ന് അറിയപ്പെടുന്നു- ഈ ചക്രഭേദം സിദ്ധിക്കാവശ്യമാണ്; ഇതാണ് തന്ത്രലോകത്തിന്റെ ശരീരശാസ്ത്രം. ഈ ശരീരശാസ്ത്രത്തെ നന്നായി അറിഞ്ഞും ഉൾ കൊണ്ടുംവേണം സാധനകൾ അനുഷ്ഠിക്കാൻ. അതുകൊണ്ടുതന്നെ അറിയപ്പെടുന്ന പ്രാചീനതാന്ത്രികന്മാരെല്ലാംതന്നെ ശരീരശാസ്ത്രവേക്താക്കളായിരുന്നു എന്നുകരുതണം; ശരീരാന്തർഗതങ്ങളായ ഈ ദേവതകളെയൊക്കെ കരതലാമലകമ്പോലെ കണ്ടിട്ടുള്ളവരാണ്; തങ്ങളുടെ നിശ്ചയദാർഢ്യത്തിനുമുമ്പിൽ ദേവതകളെകൊണ്ട് നൃത്തം ചെയ്യിപ്പിച്ചിട്ടുള്ളവർ- ചക്രസ്ഥിതങ്ങളായ ദേവതകളെ ഒന്നുകണ്ടാൽതന്നെ; സമസ്ത രോഗങ്ങളേയും നേ രിടാം; ഇത് മനസ്സിലാക്കാൻ `ലളിതസഹസ്രനാമം` പഠിച്ചാൽമതി. ആ ആഹാരങ്ങളൊക്കെ ഉപാസനാപൂർവ്വം കഴിക്കുമ്പോൾ ആ ചക്രങ്ങൾ; നിലയനങ്ങൾ സമുജ്ജ്വലങ്ങളായിത്തീരും- അത് സാധനാകാണ്ഡത്തിൽ പ്രധാനമാണ്. സാധനയുടെ ലോകത്തെ ഓരോ ചക്രങ്ങളുടെയും അറിവ് കൂടുതൽക്കൂടുതൽ ലഭിക്കുന്നതിന് സാധകന് പരിശീലിച്ചറിയാം- ഇതാണ് തന്ത്രാരാധനയിലെ പ്രസാദങ്ങൾ.
ഓരോ ചക്രത്തിലുമുള്ള ദേവതയെ അറിയുന്നതിന്, ഉപാസനാപൂർവം ആ ദളങ്ങളോടുകൂടിയ പത്മത്തെ മനസ്സാ ധ്യാനിച്ചുകൊണ്ടിരിക്കുമ്പോൾ- ആ ദിനങ്ങളിൽ ഓരോന്നിനും പറഞ്ഞിരിക്കുന്ന ആഹാരവിധിയുണ്ട്; അത് ആചരിക്കണം. മഞ്ഞൾചേർത്ത ചോറ്, അതിനെ ഹരിദ്രാന്നം, ഗൂഢാന്നം എന്നുപറയും. ശർക്കരചേർത്ത ചോറ്, പായസം. ചെറുപയറ്, മുദ്ഗംചേർത്ത ചോറ്- വിധിപ്രകാരമുള്ള ഇത്തരം ആഹാരമ്മാത്രം കഴിച്ച് അതാതിന്റെ ഉപാസനകൾ പൂർത്തിയാക്കുമ്പോൾ ഓരോ ദേവതാജ്ഞാനം സാധകന് ലഭിക്കുന്നു; ഇതിനുപറ്റിയ ആചാര്യന്മാരുമായി സമ്പർക്കമ്പുലർത്തി അവയോരോന്നും ചെയ്യുമ്പോൾ സാധകന് ചക്രഭേദയുടെ ഉന്നതലോകങ്ങളിലെ അറിവുകിട്ടും- ആദ്യമിതിന് തനിക്ക് ഏകാഗ്രമായി ഇരിക്കുവാൻ പറ്റുമോയെന്ന് നോക്കണം; പറ്റുന്നുണ്ടെങ്കിൽമാത്രം പിന്നെ അതിനുപറ്റിയ ആചാര്യനെ അന്വേഷിച്ചുപോകാം; അല്ലെങ്കിൽ തനിക്കുപറ്റിയ ആചാര്യൻ തന്നെത്തേടി എത്തുമെന്ന് സങ്കല്പിച്ചുകഴിയുകയോ ചെയ്യുക. അതുകൊണ്ട് ഇതിനൊ ക്കെ ഇറങ്ങിത്തിരിക്കുന്നതിനുമുമ്പ് ചുരുങ്ങിയത്, പത്തുമിനുട്ടെങ്കിലും ക്ഷിപ് തവിക്ഷിപ്തങ്ങളില്ലാതെ തനിക്ക് ഇരിക്കാൻ പറ്റുമോയെന്നെങ്കിലും നോക്ക ണം; അതുകഴിഞ്ഞുമതി, ഇതിനോടൊക്കെയുള്ള ആഗ്രഹമൊക്കെ. അതിനുകഴിഞ്ഞില്ലേങ്കിൽ, അതുവരെ ജപിക്കുകയൊക്കെ മതി- തിരക്കൊന്നും കാണിക്കേണ്ടെന്ന് അർത്ഥം. തിരക്കുകാണിച്ച് ഓരോന്നിന് ഇറങ്ങിപ്പുറപ്പെട്ടുപോയാൽ, വാർദ്ധക്യമാകെ കഷ്ടമാകും; ഹൃദ്ഭേദതന്ത്രത്തിനൊക്കെ വി ധേയമാക്കേണ്ടിവരും; അതുക്കൊണ്ട് ക്ഷമാപൂർവ്വം, പതുക്കെപോയാൽ മതി.
തന്ത്രാഗമങ്ങളിൽ ഓരോ തന്ത്രത്തിലും ഓരോ അവയവത്തെയും അതി ന്റെ ദേവതയെയും എടുത്തുപഠിക്കുന്നുണ്ട്- അതിലൂടെ പോകുമ്പോൾ അനന്തകോടി ദേവതകളുടെ ജ്ഞാനമുണ്ടാകും. ആ ജ്ഞാനം നേടുമ്പോഴാണ് തന്റെ മനസ്സും വാക്കും പ്രവൃത്തിയുമെല്ലാം തന്നോട് ഇണങ്ങുന്നത്; തന്ത്രസാധനയിൽ മനസ്സും വാക്കും പ്രവൃത്തിയും ഇണങ്ങണമെന്ന് നിർബ്ബന്ധമുണ്ട്- ഇതാണ് ഇതിന്റെ പ്രത്യേകതയും.
തന്ത്രപ്രയോഗങ്ങളെ വൈദികങ്ങൾ, അവൈദികങ്ങൾ, വൈദികവിരുദ്ധങ്ങൾ എന്നിങ്ങനെ മൂന്നായി തരം തിരിക്കാം- വേദങ്ങളിൽ ഉള്ളവ, വേദങ്ങളിൽ ഇല്ലാത്തവ, വേദവിരുദ്ധങ്ങളായവ. പ്രപഞ്ചസാരതന്ത്രം, കുലാർണ്ണവതന്ത്രം, മഹാനിർവ്വാണതന്ത്രം തുടങ്ങിയവ വേദവിധികളുമായി അനല്പസാധർമ്യമുള്ളവയാണ്. അതുകൊണ്ട് ഇവയൊക്കെ പഠിക്കുന്നവരെ സംബന്ധിച്ച്, വൈദികസിദ്ധാന്തസാരസർവ്വസ്വമാണ് തന്ത്രാഗമങ്ങളെന്ന് പറയുന്നതിൽ ഒരു തെറ്റുമില്ല- ഇതാണ് ഇതിന്റെ ഏറ്റവും രസകരമായ പ്രഹേളികയും. വൈദിക സിദ്ധാന്തസാരസർവ്വസ്വമാണ് തന്ത്രാഗമങ്ങളെന്ന് ഉറപ്പിച്ചുപറയാവുന്ന രീതിയിലാണ് ഇത്തരം തന്ത്രങ്ങൾ മെനഞ്ഞിരിക്കുന്നതെന്ന് അവിടെ കാണാം. തന്ത്രത്തിന്റെ ഏറ്റവും പ്രകൃഷ്ടവ്യാഖ്യാതാക്കളിൽ ഒരാളായ ഭാസ്കരരായൻ പറയുന്നത് തന്ത്രങ്ങൾ ഉപനിഷദ്സാരമെന്നാണ്- ഇദ്ദേഹത്തിന്റേതായി പ്രസിദ്ധമായൊരു ഭാഷ്യം `ലളിതസഹസ്രനാമ`ത്തിനുണ്ട്; ഇദ്ദേഹമാണ് കോടിയോഗിനികളെ ദർശിച്ചിട്ടുള്ളത്; `കോടിയോഗിനിഗണസേവിത`യെന്ന ദർശനം ലളിതസഹസ്രനാമത്തിൽ കാണാം- ഭാസ്കരരായന്റെ വ്യാഖ്യാനത്തെ പിൻപറ്റിയാണെന്നുതോന്നുന്നു, കണ്ടിയൂർ മഹാദേവശാസ്ത്രികൾ ലളിതസഹസ്രനാമത്തിന് ഒരു ഭാഷ്യമെഴുതിയിട്ടുണ്ട്- ഭാസ് കരരായന്റെ അഭിപ്രായത്തിൽ തന്ത്രങ്ങൾ ഉപനിഷദ്സർവ്വസ്വമാണെന്നുതന്നെയാണ്. എന്നാൽ `യോനീതന്ത്രം` `കുമാരീതന്ത്രം` `നിരുത്തരതന്ത്രം`, `ഗുപ്തസാധനാതന്ത്രം` തുടങ്ങിയവയെ സംബന്ധിച്ചിടത്തോളം ഇവയുടെ ആശയങ്ങൾ വേദവിരോധികളാണ്.
മഹാചീനയിൽ `ബൗദ്ധികതന്ത്ര`ങ്ങൾ രൂപാന്തരപ്പെട്ടിട്ടുണ്ട്- അവ ചീനാചാരമെന്ന് അറിയപ്പെടുന്നു; അവൈദിക തന്ത്രങ്ങളാണ്; അവ വേദങ്ങളിൽ ഇല്ലാത്തവയാണ്; എന്നാൽ വേദവിരുദ്ധങ്ങളാണ് അവയെന്ന് ശക്തമായി പറയാൻ പറ്റാത്തവയുമാണ്.
വൈദികമതത്തിന് രണ്ട് മാർഗ്ഗങ്ങളുണ്ട്- കർമ്മകാണ്ഡവും ജ്ഞാനകാണ്ഡവും. ഒന്ന് പ്രവൃത്തിയുടെ മാർഗ്ഗമാണെങ്കിൽ രണ്ടാമത്തേത് നിവൃത്തിയുടെ മാർഗ്ഗമാണ്. കർമ്മകാണ്ഡത്തിൽ; പ്രവൃത്തിമാർഗ്ഗത്തിൽതന്നെ ഒരുഭാഗം- സാമൂഹികതയുടെ ലോകാചാരവും സംസാരസുഖവും അനുഭവിച്ച് നിലനിൽക്കുവാനുള്ള മാർഗ്ഗമാണ്. സാമൂഹികമായി എങ്ങനെ ജീവിക്കാമെന്നതും ലോകാചാരങ്ങളെങ്ങനെ നിലനിർത്താമെന്നും സംസാരസുഖമെങ്ങനെ അനുഭവിക്കാമെന്നുംമൊക്കെയുള്ള മാർഗ്ഗങ്ങൾ കർമ്മകാണ്ഡത്തിന്റെ ഒരു ഭാഗമാണ്.
സംത്യാഗംകൊണ്ടുമാത്രമേ സാക്ഷാത്കാരമുണ്ടാകൂയെന്ന് പറയുമ്പോ ൾ, ഗൃഹസ്ഥാശ്രമികളായ ഞങ്ങളെന്തുചെയ്യും; ഞങ്ങളെങ്ങനെയാണ് എ ല്ലാം ത്യജിക്കുക? ഇവിടെയാണ്, തന്ത്രാഗമങ്ങളുടെ അവതാരമുണ്ടാകുന്നതെന്നാണ് ലോകാചാരങ്ങളെ മുൻനിർത്തിയുള്ള തന്ത്രാഗമങ്ങളെപുൽകുന്ന ആചാര്യന്മാരുടെ മതം- കാരണം താന്ത്രികമതവും തന്ത്രാഗമങ്ങളും കർമ്മകാണ്ഡത്തെയും ജ്ഞാനകാണ്ഡത്തെയും ഉൾക്കൊള്ളുന്നു.
വൈദികമായ പഠനങ്ങളിലൂടെ; ഔപനിഷദികമായ പഠനങ്ങളിലൂടെയൊക്കെ കടന്നുപോകുമ്പോൾ അനുഭവഭേദ്യമാകുന്ന അനുഭൂതികളുടെ വലിയൊരു ലോകമുണ്ട്. ആ ലോകം എങ്ങനെ ലോകാചാരംക്കൊണ്ട് അനുഭവിക്കാെമന്നൊരു ഭാഗവുമുണ്ട്- ഈയൊരു ഭാഗമെടുത്ത് അനുഷ്ഠാനങ്ങളെ പൂർത്തീകരിക്കാതെയാണ് ഇന്ന് പല മാനേജ്മെന്റ്ഗുരുക്കന്മാരും ഇവിടെ അരങ്ങുതകർക്കുന്നത്. ഇവിടെ ഗൃഹസ്ഥരാണ് ലക്ഷ്യമെന്ന് മറക്കരുത്. കാര ണം ഗൃഹസ്ഥന്മാർ പണമുണ്ടാക്കിയവരായതാണ്. ഇവിടങ്ങളിലൊക്കെ നഷ്ടപ്പെടുന്നത്, പിതാവിൽനിന്നും പിതാമഹന്മാരിൽന്നുമൊക്കെ നേടുന്ന അറിവു കളുടെ അനുഭൂതിയാണ്; ഗോത്രസൂത്രനാമാദികളിൽനിന്നും അറിയുന്നതു പോലെയൊന്നും അവിടങ്ങളിൽ നിന്നും കിട്ടില്ല- പാരമ്പര്യജന്യമായി കൈമാറിവരുന്നത് മാനേജ്മെന്റ് ഗുരുക്കന്മാരുടെ ലോകങ്ങളിൽ കാണില്ല. അതുകൊണ്ട് ഇതൊക്കെ പഠിക്കുമ്പോൾ പാരമ്പര്യത്തിന്റെ കണ്ണികൾ എവിടെവെച്ചെങ്കിലും മുറിഞ്ഞുപോയിട്ടുണ്ടെങ്കിൽ അവ വിളക്കിച്ചേർത്തുവേണം മുന്നോട്ടുപോകാൻ- പിതാവിനെ ആത്മസാക്ഷാത്കാരത്തിന്റെ ലോകത്തെത്തിക്കുന്നവനേ, പുത്രനാകുന്നുള്ളു. അതുകൊണ്ട് അവരിലൂടെ പഠിച്ചാൽ അനല്പമായ അനുഭൂതികളുടെ ലോകത്തെത്താം.
ആത്മീയ സാധനകളെ മൂന്നായി തിരിക്കാം- 1. ആത്മീയ വികാസത്തിന് അനിവാര്യമായ, പൊതുവേ ജനങ്ങൾ ആദരിക്കുന്ന അതീവരഹസ്യങ്ങളില്ലാത്ത സാധനകൾ. 2. അപകടകരവും അതീവരഹസ്യവുമെന്ന് പൊതുവേ കരുതപ്പെടുന്ന അനിവാര്യമായ തന്ത്രസാധനകൾ. 3. സാധനയോടല്പമാത്ര മായ ബന്ധമുള്ളതോ, ഒരു ബന്ധമില്ലാത്തതോ ആയ ലോകസാധാരണങ്ങളായ; ആഗ്രഹങ്ങളായ; തന്ത്രത്തിന്റെപേരിൽ രൂപപ്പെടുത്തിയിട്ടുള്ള വികലങ്ങളായ സാധനകൾ.
ആത്മവികാസത്തിന് അനിവാര്യമായതും ജനങ്ങളെല്ലാം ആദരിക്കുന്നതും രഹസ്യമൊന്നും ഇല്ലാത്തതുമായ പൊതുസാധനകൾ- അതിൽ പക്ഷേ സാധകന് അത്ര തൃപ്തിവരില്ല; മനസ്സ് നിഗൂഢമായതുകൊണ്ട്; അതുകൊണ്ട് മനസ്സിനെ പുറത്തേക്കുകൊണ്ടുവരാൻ തൃപ്തിവരില്ല- നിങ്ങൾക്ക് അറിയാവുന്നൊരു സാധനം മരുന്നെന്നുപറഞ്ഞ് വൈദ്യൻ എടുത്തുതന്നാൽ ഉന്മേഷമുണ്ടാവില്ല; അതേസാധനത്തെ ഒരു ബ്രാൻഡിൽ നിഗൂഢമാക്കിയോ പേറ്റന്റ് സീക്രട്ടിലാക്കിയോ തന്നാൽ ഗംഭീരമെന്ന് തോന്നുന്നതുപോലെ. ലോകത്തിന് ഇഷ്ടപ്പെടുന്നതെല്ലാം നിഗൂഢതകളോടെ കച്ചവടത്തിന് തയ്യാറാക്കുന്ന വണിക്കുകളുണ്ട്- കാലാകാലങ്ങളിൽ ഇത്തരം വണിക്കുകൾ പ്രബലന്മാരായിരിക്കും; ഇവരുടെ കൈകളിലാണ് എല്ലാം മാറിമറയുന്നത്- ഇതാണ് തിരിച്ചറിയേണ്ടത്. അതുകൊണ്ട് സാധനയുമായി അല്പമാത്രമായിബന്ധമുള്ളവർ വികലങ്ങളായ സാധനകൾ തയ്യാറാക്കി, സാധനയുടെതന്നെ പ്രാധാന്യത്തെ യും അറിവിനെയും തമസ്കരിക്കും, വണിക്ക്പ്രവരന്മാരും മാധ്യമങ്ങളും ചേർന്നുള്ള തമസ്കരണം. അതുകൊണ്ട് വികലമാക്കപ്പെടുന്നവൻ എവിടേയും ശിക്ഷിക്കപ്പെടുന്നുമില്ല. ആ മൗലികമായ ധർമ്മങ്ങളാണ് ശിക്ഷിക്കപ്പെടുന്നത്- അയാൾ ഏതിനെ പിൻപറ്റിനിന്നോ, അതാണ് ശിക്ഷിക്കപ്പെടുന്നത്; അങ്ങനെയാണ് മൗലികമായ ധർമ്മങ്ങളെല്ലാം നശിക്കുന്നത്.
ഒരുവൻ സാമ്പ്രദായികതയിലേക്ക് പ്രവേശിക്കുന്നതിനുമുമ്പ് അവനെത്ര അധാർമ്മികമായി പ്രവർത്തിച്ചിട്ടുണ്ടന്ന് അറിഞ്ഞുമാത്രമാണ്- പൗരാണികർ അവനെ സാമ്പ്രദായിക സാധനയിലേക്ക് കടക്കാൻ അനുവദിച്ചിരുന്നത്; അങ്ങനെയൊരു നിയമനിർമ്മാണം രാജാക്കന്മാരുടെ കാലത്തുണ്ടായിരുന്നു; മതാചാരമായാലും അനുഷ്ഠാനങ്ങളായാലും ആർക്കും തോന്നിയതുപോലെ ചെയ്യാനാകുമായിരുന്നില്ല- അന്ന് നിലനിന്നതുപോലെ അതിന് ജനാധിപത്യകാലത്തിൽ നിലനിൽക്കാൻ സാധിക്കുമെന്നും തോന്നുന്നുമില്ല.
എല്ലാവർക്കും മനസ്സിലാകുന്നതും തുറന്നപ്രകൃതത്തോടുകൂടിയുള്ളതും അനിവാര്യവുമായ ആദ്യമാതൃകയിലുള്ള സാധന- അതിൽ ഗുരുവിൽനിന്നു ള്ള ദീക്ഷ, ജപം, പുരശ്ചരണം, ഹോമം, ആസനം, പ്രാണായാമം, ധ്യാനം, ധാരണ, യന്ത്രസാധന ഇവയെല്ലാം ഉൾപ്പെടും. ആദ്യം ഗുരുവിൽനിന്ന് ദീക്ഷ ലഭിക്കണം; ദീക്ഷിതൻ സാധനചെയ്താലേ പ്രയോജനമുള്ളു- തൃപ്പടിദീക്ഷ തുടങ്ങി പലവിധം ദീക്ഷകളുമുണ്ട്; മന്ത്രം ശ്രവണംചെയ്ത് ദീക്ഷ വാങ്ങിക്കുന്ന സമ്പ്രദായങ്ങളുണ്ട്. ശിഷ്യൻ ദീക്ഷിതനാകുവാൻ ചുരുങ്ങിയത് ഒരു വർഷമെങ്കിലും ഗുരുവിന്റെ കൂടെനിന്ന് സേവചെയ്യണം- ശിഷ്യൻ ഗുരുവിന്റെ ജാഗ്രത്സ്വപ്നസുഷുപ്തികൾ അറിയണം; അത് സേവയിലൂടെയേ അറിയൂ- ഗുരുവിന്റെ കാരണശരീരത്തിൽ ഗുരുവിനുപോലും ബോധ്യപ്പെടാതെ കിടക്കുന്നകാര്യങ്ങൾ ഉണ്ടെന്ന് അറിയണം. അതിന് ഗുരു ആദ്യം ശിഷ്യനാകണം- ആകാതെ എങ്ങനെ ഗുരുവുണ്ടാകും? അതുകൊണ്ട് ശിഷ്യനാകണമെങ്കിൽ ഗുരുവിനെ സേവിച്ചുസേവിച്ച് ഗുരുവിന്റെ ജാഗ്രത്തുമാത്രമല്ല; സ്വപ്നവുമല്ല- സുഷുപ്തിതലംവരെ ശിഷ്യനെത്തുമ്പോൾ, ഗുരുവിന് ശിഷ്യ നെ ബോധ്യപ്പെടും; അപ്പോൾ ശിഷ്യന്റെ സാന്നിധ്യംപോലും ഗുരുവിനെ ആനന്ദിപ്പിക്കും; അതിലൂടെ തന്റെ ജാഗ്രത്സ്വപ്നങ്ങളിലിരിക്കുന്ന അറിവുകൾമുഴുവൻ ഗുരു, ശിഷ്യന്റെ തലയിലേറ്റികൊടുക്കും- ഒരു സ്പന്ദംകൊണ്ട്. തന്നിലിരിക്കുന്ന ശാക്തേയങ്ങളായ ഭാവതലങ്ങളെമുഴുവൻ ഒരു കാൽപെരുമാറ്റംകൊണ്ട്, ഗുരു ശിഷ്യനിലേക്ക് സംക്രമിപ്പിച്ചുകൊടുക്കുകയാണ്- പ്രി യം കൊണ്ടല്ല ആ കൊടുക്കലെന്ന.് അതിനൊരു ഭാവാത്മകതലമുണ്ട്. അതി ന്റെ അനുഭൂതി ഭാവനചെയ്യാനെങ്കിലും ഇന്നുസാധിച്ചാൽ- ഈ ജന്മത്തിലല്ലേങ്കിൽ, അടുത്ത ജന്മത്തിലെങ്കിലും അത് കിട്ടുമെന്ന ഒരു ഭാവാത്മകതലം.
സാധകൻ ആധ്യാത്മിക ലോകങ്ങളിലേക്ക്; ആത്മയാഥാർത്ഥ്യത്തിന്റെ ഭൂമികയിലേക്ക് കടക്കാൻ- ധർമ്മത്തിന്റെ ബന്ധുവും ധർമ്മസംഹിതകളെ കടന്നവനുമായ ഗുരുവിനെ കണ്ടെത്തും. ഗുരുതന്റെ സങ്കല്പലോകങ്ങളിലൂടെ ശിഷ്യനെ പരിശീലിപ്പിക്കുമ്പോൾ- ഗുരുവിന്റെ കാരണശരീരത്തിൽ അംഗിതമായിരിക്കുന്ന ഭാവതലങ്ങളെ അപ്പോൾ അനുസരിക്കുന്ന ശിഷ്യൻ- ആഗ്രഹമേതും അറിയിക്കാത്ത ഗുരുവിന്റെ ഭാവനാലോകങ്ങളിൽ പൂർണ്ണത യുംവരിച്ചുനിൽക്കുമ്പോൾ- ഗുരുവിൽനിന്ന് ആ ശിഷ്യനിലേക്ക് സ്നായുക്കളില്ലാതെ സ്പന്ദരൂപേണ പ്രവഹിക്കുന്നതാണ് അറിവ്. ആഗമങ്ങൾ അനുസരിച്ച് ഗുരുതരുന്നത് മന്ത്രങ്ങളാണ്- അക്ഷരങ്ങൾ. അതിന്റെ ജപവും പുരശ്ചരണവും ഹോമവും ആസനവും പ്രാണായാമവും ധ്യാനവും ധാരണയും യന്ത്രസാധനയുമൊക്കെ ഈ സാധനാ മാർഗ്ഗത്തിൽപ്പെടുന്നു. ഈ സാധനയിൽ ഏറ്റവുംപ്രധാനം ഷഡ്ചക്രഭേദമാണ്. കുണ്ഡലിനിയെ ഉണർത്തി മൂലാധാരത്തിൽനിന്ന് ബ്രഹ്മരന്ധ്രംവരെ എത്തിച്ച്, ഭൈരവഭൈരവി സമാഗമം സാദ്ധ്യമാക്കുന്നതാണ് സാധന- ഇതിനെ `ആനന്ദലഹരി`യിലൂടെ പഠി ക്കാൻ ബഹുരസമാണ്. മൂലാധാരം, സ്വാധിഷ്ഠാനം, മണിപൂരം, അനാഹതം, വിശുദ്ധി, ആജ്ഞ- ആജ്ഞയിൽ ഗുരു ഇരിക്കുന്നു. ഇവയിൽ അനാഹതം മുതലുള്ളത് ഉയർന്ന ധ്യാനചക്രങ്ങളാണ്. രണ്ടാംവിഭാഗത്തിൽപ്പെടുന്നവയിൽ പ്രധാനപ്പെട്ടത് പഞ്ച`മ`കാരങ്ങളുടെ സാധനയാണ്. മദ്യം, മാംസം, മത്സ്യം, മുദ്ര, മൈഥുനം എന്നിവയാണ് പഞ്ചമകാരങ്ങൾ- ഈ സാധന കൂടിയതലത്തിൽചെയ്യുന്നത് ശ്മശാനത്തിൽ വെച്ചുവേണമെന്നാണ്; മൃഗബലിയും നരബലിയുംമെല്ലാം ഇതിന്റെ ഭാഗങ്ങളുമാണ്, ഇതിൽതന്നെ സ്വഗാത്രരുധിരമാംസസാധനയോളംവരെ പോകും- സ്വന്തം ശരീരംമുറിച്ച് രക്തം കുടിക്കുക, സ്വന്തം മാംസം മുറിച്ചുവേവിച്ച് തിന്നുകയൊക്കെ. ഇതിലെ രക്തസാധനയൊക്കെ `ക്രൂശിതസങ്കല്പ`ങ്ങളിൽ സമുജ്ജ്വലങ്ങളാണ്- ചില ഭക്തന്മാരുടെ ക്രൂശിത സങ്കല്പങ്ങളിൽ രക്തംവരുന്നതുമൊക്കെ അത്ഭുതമായി കാണിച്ച് ആളുകളെ കൂട്ടാറുമുണ്ട്; ഇതെല്ലാം തന്ത്രസാധനയുടെ വിവിധരൂപങ്ങളാണ്- ഇതെല്ലാം ഇന്ന് കേരളത്തിൽ പലരൂപത്തിലും ഭാവത്തിലും ആദരിക്കപ്പെടുന്നുമുണ്ട്. ഈ മാർഗ്ഗത്തിലുള്ളതാണ്, ശവസാധനയും മുണ്ഡസാധനയും. ശ്മശാനത്തിൽ ശവത്തിനുമുകളിലിരുന്ന് സാധനചെയ്യുകയെന്നതാണ് ശവസാധന. ശ്മശാനത്തിൽ മൂന്നുതലകൾക്കുമുകളിൽ; അഞ്ച് തലകൾക്കുമുകളിൽ ഇരുന്ന് സാധനചെയ്യുകയെന്നതാണ് മുണ്ഡസാധന. മൂന്നാമത്തെ തരത്തിലുള്ളത് ആറുതരം നിഗൂഢസാധനകളാണ്. അവയെ ആഭിചാരമെന്നാണ് പറയുന്നത്- വശീകരണം, സ്തംഭനം, വിദ്വേഷണം, ഉച്ചാടനം, മാരണം, അസ്വാരസ്യം എന്നിവ.
1. ഒരു വ്യക്തിക്കുമേൽ ആധിപത്യം നേടുക.
2. ഒരു കാര്യത്തിലെ ഫലം തടയുക.
3. വ്യക്തികൾ തമ്മിലുള്ള ബന്ധം തകർക്കുക.
4. മറ്റുള്ളവരുടെ മനസ്സിൽ അസ്വാസ്ഥ്യമുണ്ടാക്കുക.
5. കൊല്ലുക- മാരണംവെയ്ക്കുക
ഇതൊക്കെയാണ് ഈ വഴികൾ.
[Contd.]