[ Full Text - Source: September 2011 issue ]
ചില മതങ്ങളും ആചാര്യന്മാരും തങ്ങൾ ഏകദൈവ ആരാധകരാണെന്ന് അവകാശപ്പെടാറുണ്ട്-ചിലർ ബഹുദൈവ ആരാധകരെ ആക്ഷേപിക്കുന്നത് കേൾക്കാറുമുണ്ട്. ദൈവികചിന്തയിങ്ങനെ അനേകം പന്ഥാവുകളിലൂടെ വളർന്നുകഴിഞ്ഞ കാലഘട്ടത്തിലാണ്, ഭാരതീയ ദർശനങ്ങളിലെ ഈശ്വര സങ്കല്പങ്ങളെക്കുറിച്ച് നാം ചിന്തിക്കുന്നത്.
ഈശ്വര സങ്കല്പങ്ങളെക്കുറിച്ച് ഭാരതീയർ പൗരാണിക കാലത്തുതന്നെ ഏറെ പഠനങ്ങൾ നടത്തിയിട്ടുണ്ട്. അവയുടെ വെളിച്ചത്തിൽ ആദ്യമേ പറയാം- ഒരു സമൂഹമെന്നനിലയിൽ, ഒരു മതവും ഏകദൈവ വിശ്വാസികളു ടേതല്ല; ഒരു വ്യക്തിയും അവന്റെ വികാസപരിണാമങ്ങളുടെ പൂർണ്ണമായ അംശമെടുത്ത് പരിശോധിച്ചാൽ, ഏകദൈവ വിശ്വാസിയല്ല. ജന്മംകൊണ്ട് പൂർണ്ണപ്രജ്ഞരായിവരുന്ന ഭാവാതീതന്മാരായ ഏതാനുംപേരെ മാറ്റിനിർത്തിയാൽ ലോകമെമ്പാടും, ഏകദൈവ വിശ്വാസത്തിൽ ഉറച്ചുനിൽക്കുന്നവരല്ലതന്നെ. സാമാജികസത്തയിൽ ഈശ്വരനെക്കുറിച്ചുള്ള ചിന്തയ്ക്ക് പ്രസക്തിയുണ്ടാവണമെങ്കിൽ ഭാവാതീതന്മാരുടെ തലങ്ങളിലേക്ക് വ്യക്തി വികസിക്കണം- വിശ്വാസവും വിശ്വാസമില്ലായ്മയും തമ്മിലുള്ള സംഘർഷമാണ് ഒരു വ്യക്തിയുടെ ജീവിതമെടുത്ത് പഠിച്ചാൽ കാണുക. അതുകൊണ്ട് വ്യക്തി ഭാവാതീതന്മാരുടെ തലങ്ങളിലേക്ക് വികസിച്ചുകഴിയണമെങ്കിൽ അതിനനുപേക്ഷണീയമായ വിദ്യാദാന പാരമ്പര്യമുണ്ടാകണം- അത് ഇന്നില്ല. അതുകൊണ്ടുതന്നെ, ആധുനിക ചുറ്റുപാടുകളിലെ ഈശ്വരവിശ്വാസവും അവന്റെ വിഷയലോലുപതയും മറ്റൊരു ഇതിഹാസംമാത്രമായി വികസിക്കുകയേയുള്ളു.
വ്യക്തി അവന്റെ ജീവിതരംഗങ്ങളിൽ ഇന്ദ്രിയങ്ങൾക്ക് പ്രാധാന്യം നൽകുന്ന- ഇന്ദ്രിയപരിപ്രേക്ഷ്യത്തോടുകൂടിയ വിഷയലോകങ്ങളെ സത്യമാണെ ന്ന് വിചാരിക്കുന്നു. അപ്പോൾ ഈശ്വരൻ അവന് വെളിയിലാണ്; അതേസമയം അവന്റെ ഇന്ദ്രിയാർത്ഥങ്ങളിൽ നിറഞ്ഞുനിൽക്കുന്നതുമാണ്- ഇതാണ് ഈശ്വരനെക്കുറിച്ചുള്ള ഭാരതീയ ചിന്ത. ഈശ്വരനെ അവന്റെ പ്രാപഞ്ചിക സത്തയിൽ അന്വേഷിക്കുകയാണെങ്കിൽ ആദ്യമവന് പ്രപഞ്ചമുണ്ട്. അതു കൊണ്ട് അവന് തന്റെ ഇന്ദ്രിയങ്ങൾകൊണ്ട് ഈശ്വരനെ പൂർണ്ണമായി കാണാവുന്നതല്ല- തന്റെ സ്പർശരൂപരസഗന്ധാദി വിഷയങ്ങൾ അറിയുന്ന ഇന്ദ്രിയങ്ങൾ പരിമിതങ്ങളും ആ വിഷയങ്ങൾ അപരിമിതങ്ങളുമാകുമ്പോൾ, പരിമിതമായ ഇന്ദ്രിയങ്ങളിലിരിക്കുന്ന ഞാൻ- അതീവപരിമിതനും വിഷയങ്ങളിലിരിക്കുന്ന ചൈതന്യം അപരിമിതമായും ഞാനറിയുന്നു. അതുകൊണ്ട് ലോകമെമ്പാടുമുള്ള മനുഷ്യർ ഒരേതലത്തിൽ വിശ്വസിക്കുന്നത് ബാഹ്യമായ വിഷയങ്ങളിലെ സത്തയെയാണ്- ഏത് മതമായാലും; ഏത് ദേശത്തേയും; ഏത് സമുദായത്തിൽ ജനിച്ചവരായാലും. അവന് ബാഹ്യവിഷയങ്ങളിലെ സത്തതന്നെയാണ് ദൈവവും.
ഈശ്വരഭാവങ്ങൾക്ക് നാമവും രൂപവും നൽകി- അച്ഛനമ്മമാരും നാട്ടുകാരും ആചാര്യന്മാരും ജാതിയും മതവുമെല്ലാം എത്രകാലം പഠിപ്പിച്ചാലും, പരിമിതമായതെന്ന് തോന്നുന്ന വിഷയങ്ങളെ ചേർത്തുവെച്ചല്ലാതെ ഒരുവന് ഒരു ഈശ്വരനെ സങ്കല്പിക്കാനാവില്ല. അതുകൊണ്ടുതന്നെ ആദ്യഘട്ടത്തിൽ അവന് ഈശ്വരൻ തന്റെ ഇന്ദ്രിയങ്ങൾക്കപ്പുറം നിലകൊള്ളുന്ന വിഷയലോക ങ്ങളാണ്.
വിഷയലോകങ്ങളിലൂടെ ഭ്രമിച്ചും രമിച്ചും പോകുന്ന മനുഷ്യന്റെ ജീവിതാ യോധനത്തിൽ- സുഖദുഃഖങ്ങളുടെ ആന്ദോളനങ്ങളിൽ എപ്പോഴെങ്കിലും, അവൻ വിശ്വസിക്കുന്ന വിഷയപ്രപഞ്ചം അവന് അജ്ഞേയമായിരുന്നതിൽ നിന്ന് പരിമിതമാണെന്ന് തിരിച്ചറിയുമ്പോൾ- മനസ്സിന്റെ ഒരു പരിപ്രേക്ഷ്യത്തിൽവെച്ച് തിരിച്ചറിയുമ്പോൾ, ഇന്ദ്രിയങ്ങളെയും വിഷയങ്ങളെയും അതി ക്രമിച്ചുനിൽക്കുന്ന മനസ്സിന്റെ ബഹുമുഖങ്ങളായ ഭാവങ്ങൾ പരിമിതമല്ലാത്തതാണെന്നും സാർവ്വഭൗമത്വമുള്ളതാണെന്നും തിരിച്ചറിയുമ്പോൾ- അതുവരെ വെച്ചുപുലർത്തിപ്പോന്ന ഈശ്വര സങ്കൽപങ്ങൾക്കും ഭാവങ്ങൾക്കും നാമരൂപങ്ങൾക്കും മാറ്റംവരും. മനസ്സ് പരിമിതമല്ലാത്തതാണെന്നും അതിനുള്ളിൽ തന്റെ ഇന്ദ്രിയങ്ങളും വിഷയങ്ങളുമെല്ലാം എരിഞ്ഞടങ്ങുന്നുവെന്നും- ഇന്ദ്രിയങ്ങളെയും വിഷയങ്ങളെയും ഭാവാത്മകമായി സൃഷ്ടിച്ച് തനിക്ക് ആനന്ദിക്കാൻ കഴിയുമെന്നുമുള്ള ഒരറിവ്. അതോടെ തന്റെ അതുവരെയുണ്ടായ ജാതി യും മതവും വർണ്ണവും ദേശവുമൊക്കെ തന്നിൽ എരിഞ്ഞടങ്ങും; മനസ്സിന്റെ ആ ഭൂമികയിൽ, അവന്റെ ഈശ്വരൻ അപരിമേയമായൊരു മനസ്സായി രൂപാന്തരം പ്രാപിക്കുകയായി; തന്റെ ഉണർവ്വിലും ഉറക്കിലും ഒരുപോലെ വ്യാപിച്ചു നിൽക്കുന്ന സ്വപ്നലോകങ്ങളെ ഉളവാക്കുന്ന വൈകാരിക പ്രാധാന്യമുള്ള ഒരു ഈശ്വരസങ്കല്പം തന്നിൽ സംജാതമാകുകയായി- അവന്റെ അതുവരെയുള്ള ആചാരങ്ങളിലും വിശ്വാസങ്ങളിലും നാമരൂപം നൽകിയ എല്ലാ ഈശ്വര സങ്കല്പങ്ങളിലും, മനസ്സിന്റെ ഈ വൈകാരികതലങ്ങൾ ആരോപിച്ചുകൊണ്ടുള്ള പുതിയൊരു ഈശ്വര സങ്കല്പത്തിലേക്ക് അവൻ ഉയരും.
മനസ്സിന്റെ സ്വാപ്നിക സങ്കല്പങ്ങളെ അപഗ്രഥിക്കുമ്പോൾ- ബൗദ്ധികസർജ്ജനത്തിന്റെ ഉപരിലോകങ്ങളിലേക്ക് എടുത്തെറിയപ്പെടുമ്പോൾ; കാര്യകാരണപടലങ്ങളെ അഴിക്കാനുള്ള ഏകാന്തതയും ബൗദ്ധികപ്രതിഭയും നേടിക്കഴിയുമ്പോൾ- താൻ ഇന്നോളം വികാരപൂർണ്ണമായി വെച്ചുപുലർ ത്തിയ ഈശ്വരനെന്ന സങ്കേതം തന്നെ, തന്റെ ദുഃഖത്തിന്റെ സങ്കേതമായി മാറും. അപ്പോൾ ധനാത്മകമായ നിലയിലേക്കുയർന്ന്; അന്തരിന്ദ്രിയമണ്ഡലങ്ങളേയുംകടന്ന്; സ്വചേതനയുടെ കാരണഭൂതനായ ഈശ്വരനെ കണ്ട്, പഠനാർഹമായൊരു തലത്തിലേക്ക് തനിക്ക് ഉയരാം- നാളിതുവരെ തന്നെ അബദ്ധങ്ങളിൽനിന്ന് അബദ്ധങ്ങളിലേക്ക് കൊണ്ടുപോയ തന്റെ ഇന്ദ്രിയങ്ങളുടെയും മാനസികമായ ഓരോ വികാരങ്ങളിൽ ഈശ്വരനെ ആരോപിച്ച്- വിപരീ ത ഭാവനയോ;തനിക്കും ലോകത്തിനും ഉപദ്രവകാരിയായി മാറിയത്; അതിനനുഗുണമായി മറ്റുള്ളവരെ നേരിടുവാൻ പര്യാപ്തമായൊരു ഈശ്വരനിഷേധിയായി- യുക്തിവാദത്തിന്റെ സങ്കേതങ്ങളിൽ ഉയർന്നതുമൊക്കെ തനിക്കപ്പോൾ വായിച്ചെടുക്കാം.
അഗാധമായ അജ്ഞാനത്തിന്റെ- സുഷുപ്തിയുടെ അന്തസ്ഥതല ങ്ങളിലെ നിശ്ശബ്ദതയെ ഈശ്വരനെന്ന് ധരിച്ച്, യുക്തിപൂർവ്വം താൻ ഈശ്വരനെ കണ്ടെത്തിയെന്ന് ബോധ്യപ്പെടുമ്പോൾ, ബുദ്ധിയുടെ ഈ തലവും ഈശ്വരൻതന്നെയാണ്. എന്നാൽ അവിടെയും നിൽക്കാതെ- ഉണർവ്വിലും സ്വപ്നത്തിലും ഈ പ്രപഞ്ചത്തെയാകെ സൃഷ്ടിക്കുന്ന, മറവിയിൽ ആധാരഭൂതമായ അജ്ഞാനത്തെ കടന്നുചെല്ലണം. മാനവസാദ്ധ്യമായ ആത്മോപാസനയിലൂടെപോയി, അതീതസത്തയായ ആ ആത്മാവിനെ കണ്ടറിയണം- ആത്മാവുമായിമാത്രം രമിച്ച്, ഏകവും അദ്വയവുമായ ആ ബോധമാണ് ഈശ്വരനെന്ന് അനുഭവിക്കണം. അപ്പോൾ തന്റെ അറിവിന്റെ ഓരോ പുടങ്ങളിലും, താൻ തിരിച്ചറിഞ്ഞതെല്ലാം ആപേക്ഷികസത്തയാണെന്ന് അറിയും. അപ്പോഴെത്തുന്നത് അനപേക്ഷവും കേവലവുമായൊരു ബോധത്തിലാണെന്നും അത് ഏകമാണെന്നുമുള്ള അറിവിൽ തന്നെയാണ്- ഇതിനെയാണ് വ്യത്യസ്തതലങ്ങളിൽ, മനസ്സിന്റെ; ബുദ്ധിയുടെ; ഇന്ദ്രിയങ്ങളുടെ തലങ്ങളിൽ പണ്ഡിതന്മാർ വ്യത്യസ്തമായി വ്യാഖ്യാനിച്ചുകൊണ്ടിരിക്കുന്നത്.
ബോധം വ്യാഖ്യാനമില്ലാതെ ഏകമായി നില്ക്കുന്നുവെന്ന് തിരിച്ചറിയ ണം- ആ തിരിച്ചറിവും ആ ഈശ്വരൻ തന്നെയാണ്. ഭാരതീയ ദർശനത്തിൽ ഇതെല്ലാം ഈശ്വരനാണ്. ഈശ്വരൻ എന്ന പദത്തിന് ഇത്രയേറെ വ്യാപ്തി നൽകി പഠിച്ചിട്ടുള്ള മറ്റൊരു ദർശനമില്ല- അതുകൊണ്ട് ഈശ്വരനെന്നു പറഞ്ഞ് എങ്ങനേയും, ജനങ്ങളെ കളിപ്പിക്കാനും കബളിപ്പിക്കാനും ആർക്കും കഴിയുകയും ചെയ്യും. അതിനാൽ ഒരു സമൂഹമെന്നനിലയിൽ, പണ്ഡിതന്മാർക്ക് മനുഷ്യരെ കബളിപ്പിക്കാൻ ഈ കാലഘട്ടത്തിലെ ഏറ്റവും നല്ലവിഷയം ഈശ്വരൻ തന്നെയാണ്. അതുകൊണ്ട് വിഷയലോകങ്ങൾക്ക് ഈശ്വരത്വം നൽകി അവയൊക്കെ ഈശ്വരനാണെന്ന് ഉറപ്പിച്ചുപഠിച്ച്; അടങ്ങാത്ത ദാഹമുള്ള ഒരു ഈശ്വരനെ താലോലിച്ചുനിർത്തി; നിങ്ങളുടെ വികാരങ്ങളെ ജ്വലിപ്പിച്ച്, നിങ്ങളുടെ പോക്കറ്റുകൾ കാലിയാക്കാൻ കഴിയുന്നു-നിങ്ങളുടെ മനസ്സി ന്റെ ആന്ദോളനങ്ങളും വികാരങ്ങളുമറിഞ്ഞ്, നിങ്ങളുടെ ഇന്ദ്രിയപരിപ്രേക്ഷ്യത്തിലേക്ക് പൂർവ്വികർ വികസിപ്പിച്ചുനിർത്തിയ ആപേക്ഷികങ്ങളും നാമ രൂപാത്മകങ്ങളുമായ ഈശ്വരപാപങ്ങൾക്ക് സത്താപ്രാധാന്യം നൽകി; വികാരോജ്ജ്വലമായവയെ അവതരിപ്പിച്ച് തൃപ്തിപ്പെടുത്താനും അവർക്ക് കഴി യുന്നു.
ഇന്ദ്രിയങ്ങൾക്കും മനസ്സിനുമപ്പുറം- ഇനിയും അജ്ഞേയമായ, സുഷുപ്തിയുടെ മറവിൽ അജ്ഞാതനായിരിക്കുന്ന ഈശ്വരൻ. ഈശ്വരൻ എന്ന സങ്കല്പത്തെക്കുറിച്ച് പഠിക്കുമ്പോൾ, അത് ഇത്രയും വിപുലമാണെന്ന് നാം ആദ്യമറിയണം. പഠിക്കുമ്പോൾ, ഏതെങ്കിലും സങ്കേതത്തിൽമാത്രംനിന്ന് പഠിക്കുമ്പോൾ അതിന്റെ പരിമിതി കാരണം സുഖംതോന്നും. എന്നാൽ പഠനാർഹമായ സങ്കേതങ്ങൾക്ക് വെളിയിലേക്ക് വികസിച്ച് പഠിതാവിനെയും പഠിപ്പിക്കുന്നവനേയും അത്ഭുതപരതന്ത്രനാക്കുന്നതാണ് ഭാരതീയ ദർശനം- മതങ്ങളും ഈശ്വരന്മാരും ആരാധനാസമ്പ്രദായങ്ങളുമെല്ലാം അതീവതുച്ഛവും പരിമിതവുമായി നിന്നുപോകുന്ന ഭാരതീയ ദാർശനികന്മാരുടെ അറിവിന്റെ മഹത്വം ഇതായിരുന്നു. അവർ പഠിപ്പിച്ചതേ ഇന്നും സത്യമായിട്ടുള്ളു; നാളെ പഠിക്കാനുള്ളതും പഠിപ്പിക്കാനുള്ളതും ഇതുതന്നെയാകുകയും ചെയ്യുന്നത് അതുകൊണ്ടാണ്. അങ്ങനെ പഠിക്കാതെ `സെമറ്റിക്` സമ്പ്രദായത്തിൽ അതിന്റെ അരികുംമൂലയും കാണാൻ ശ്രമിച്ച്, തൃപ്തിവരാത്ത മനസ്സുകൾ- ലൗകികങ്ങളായ ചെറിയ കാര്യങ്ങൾക്ക് ശ്രമിക്കുന്നവർ. ഇങ്ങ നെ ജാഢ്യംവന്ന നിങ്ങളുടെ വിശ്വാസപ്രമാണങ്ങൾക്ക് ശക്തിനൽകുന്ന ചിലർ- ശരീരികളായ അത്തരം ആൾക്കുപോലും ഈശ്വരഭാവമുണ്ടെന്ന് വരുത്തി തീർക്കുന്നവർ. അവർക്കെതിരെ ഒരു വാക്കുപറഞ്ഞാൽപോലും കൂട്ടായൊരു അധിക്ഷേപത്തിന്റെ വാക്കായിക്കണ്ട്, പറഞ്ഞവനെ ഹിംസിക്കുന്നവർ- അത്തരക്കാരെ ഹിംസിക്കുന്നതിൽവരെ ഈശ്വരീയത കണ്ടെത്തുന്നവർ. ഇതൊക്കെ ഈശ്വരസങ്കല്പം സംബന്ധിച്ചുള്ള ഈ കാലഘട്ടത്തിന്റെ പ്രത്യേകതകളാണ്. നിലനിൽപിന്റെ ഈശ്വരവിശ്വാസങ്ങൾ നിലനിൽക്കുമെന്നും അതിലൂടെ താൻ രക്ഷിക്കപ്പെടുമെന്നും വ്യാമോഹിച്ച് ഒടുവിൽ മരിച്ചുപോകുന്നവർ! ഇവരൊന്നും മരണമില്ലായ്മയുടെ കേവലതയിലേക്ക് ഉയരുന്നില്ല ല്ലോയെന്ന് പരിതപിക്കുന്നതാണ് ഭാരതീയ ദാർശനിക സംസ്കാരം.
ഈശ്വരനെ അന്വേഷിച്ചുപോകുന്നവർ തമ്മിലാണ് വഴക്ക്- ഈശ്വരനുണ്ടെന്ന് എതിരാളികൾ സമ്മതിച്ചുതരാത്തതിന്റെപേരിൽ ഈശ്വരാന്വേഷണം തനിക്ക് വെളിയിലായതുകൊണ്ട്- ഇല്ലാത്ത കറുത്തപൂച്ചയെ ഇരുട്ടത്ത് തപ്പുന്നവനായി മാറുന്നതുകൊണ്ട്, അവനന്വേഷിക്കുന്നത് ഇല്ലാത്ത ഈശ്വരനെയാണ്. ഇതാണ് ഏറ്റവുംവലിയ ഈശ്വരനിഷേധം. ഈശ്വരൻ ഉണ്ടോ ഇല്ലയോ എന്നുള്ളതൊന്നുമല്ല പ്രശ്നം- ഈശ്വരാനുഭവങ്ങളിലെത്തി യവരുടെ ആനന്ദവും ഈശ്വരാനുഭവങ്ങളിൽ എത്തിച്ചേർന്നവരുടെ ശാന്തി യും ഈശ്വരാനുഭവങ്ങളിൽ ജീവിക്കുന്നവരുടെ കാരുണ്യവും ഈശ്വരാനു ഭവങ്ങളിൽ വിരാചിക്കുന്നവരുടെ അനുഭൂതിവിശേഷങ്ങളും, മറ്റുള്ളവർ ഒരു മിമിക്രി ആർട്ടിസ്റ്റിനെപ്പോലെ അനുകരിച്ച് കാണിക്കുന്നതിലാണ്. ആദ്യത്തെ യാളുകളുടെ ഗുണങ്ങളെല്ലാം അനുകരിക്കുന്നവന് കിട്ടണമെന്ന ദുശ്ശാഠ്യ മാണ് ലോകത്തെവിടെയും കാണപ്പെടുന്നത്. ഇത്തരക്കാർ ആരെയും ആന ന്ദിപ്പിക്കാത്തതുകൊണ്ട്; ആർക്കും ശാന്തിനൽകാത്തതുകൊണ്ട് ഇത്തരക്കാ രെവെച്ച്- ഈശ്വരൻ എന്ന സങ്കല്പമേയില്ലെന്ന് വാദിക്കരുത്. ഇത്തരക്കാർ തമ്മിലാണ് ലോകത്ത് ഏറ്റുമുട്ടിക്കൊണ്ടിരിക്കുന്നത്. ഇതിൽനിന്നാണ് എല്ലാ മതങ്ങളും എല്ലാ രാഷ്ട്രീയവും എല്ലാ സംഘടനകളും തമ്മിൽ വാദപ്രതിവാദ ങ്ങളും സംഘർഷങ്ങളും തുടങ്ങുന്നത്. അതുകൊണ്ട്, ഈശ്വരാന്വേഷണങ്ങ ളൊന്നും പുറത്തൊന്നിലേക്കും പോകരുത്; മനസ്സിന്റെ അകത്തളങ്ങളിലേ ക്കുമാത്രമേ കടന്നുപോകാവൂ.
ഞാനും നിങ്ങളും ജന്മജന്മാന്തരങ്ങളായി പെട്ടുപോയ എല്ലാ കൂട്ടുകെട്ടു കളെയും അപഗ്രഥിക്കേണ്ടത് മനസ്സിന്റെ അകത്തളങ്ങളിലാണ്; പുറത്തേ ക്കല്ല- ഈശ്വരനെക്കുറിച്ച് പഠിക്കുമ്പോൾ ഈ തലത്തിൽനിന്ന് നോക്കിയാൽ ലോകത്തിലെ സമസ്ത പ്രശ്നങ്ങളും ഈ രണ്ടുതലങ്ങളിൽ നിന്നാണ് ഉത്ഭ വിക്കുന്നതെന്നുകാണാം. അപ്പോഴാണ് ഈശ്വരാനുഭവങ്ങളിൽ എത്തിച്ചേർ ന്നവരെ അനുകരിക്കുന്ന മിമിക്രി ആർട്ടിസ്റ്റുകളെ മനസ്സിലാകുക- പേരെടു ത്ത് പറഞ്ഞാലേ മനസ്സിലാകൂ എന്നാണെങ്കിൽ, നാരായണ ഗുരുവിനെ അനു കരിക്കുന്ന കുറേ മിമിക്രിക്കാരും ചട്ടമ്പി സ്വാമികളെ അനുകരിക്കുന്ന കുറേ മിമിക്രിക്കാരും കൃഷ്ണനെയും രാമനെയും യേശുകൃസ്തുവിനെയും മുഹ മ്മദ് നബിയെയും ബുദ്ധനെയും വിവേകാനന്ദനെയും മഹാവീരനെയു മൊക്കെ അനുകരിക്കുന്ന കുറേ മിമിക്രിക്കാർ- തങ്ങളീകാണിക്കുന്നത് മിമി ക്രിയാണെന്ന് അറിയുമ്പോഴും, ഈശ്വരാനുഗ്രഹംനേടിയ ആ മഹാപുരുഷ ന്മാർക്കുണ്ടായ അനുഭവങ്ങളൊന്നും തങ്ങൾക്കില്ലാതെപോയല്ലോയെന്നുള്ള ഖേദം കുറച്ചൊന്നുമല്ല, ഇവരെ വികലരാക്കുന്നത്. അതുകൊണ്ട് ഇവർ കേവ ലംമിമിക്രി ആർട്ടിസ്റ്റുകളാണെന്ന് ആദ്യമറിയണം- ഈശ്വരാന്വേഷണത്തിന് ഇറങ്ങിത്തിരിക്കുമ്പോൾ വേഷമഴിച്ചുവെക്കാതെ മിമിക്രിക്കാരൻ ഇറങ്ങിച്ചെ ന്ന്, നാരായണ ഗുരുവിന്റെ വിഗ്രഹം പിഴുതെറിയുമ്പോഴും ബുദ്ധന്റെയും രാമന്റെയും കൃഷ്ണന്റെയുമൊക്കെ വിഗ്രഹങ്ങൾ പിഴുതെറിയുമ്പോഴും- പിഴുതെറിഞ്ഞ് പ്രതിഷ്ഠാസ്ഥാനത്ത് കയറിയിരിക്കുമ്പോഴും രാമനും കൃഷ് ണനുമൊക്കെയായി രൂപാന്തരപ്പെടാൻശ്രമിക്കുന്ന അഭിനയം ലോകത്തിന് സ്വീകാര്യമല്ലാതെവരുമ്പോഴാണ് വഴക്കുകൾ രംഗപ്രവേശം ചെയ്യുന്നത്. അനുകർത്താക്കളുടെ പോരായ്മകൾ തീർക്കാൻ, കെട്ടിയ വേഷത്തിനും മുഖത്തുതേച്ച പൗഡറിനും പേസ്റ്റിനും ലിപ്സ്റ്റിക്കിനുമൊന്നും കഴിയില്ലെന്ന യഥാതഥമായ ഒരു ചിന്തയുടെ തലം- അതുണ്ടാകുമ്പോഴാണ് ഇവർക്ക് രോഗവും ആസക്തികളും വർദ്ധിക്കുന്നത്.
ആയിരമായിരമായ ദൈവചിന്തകൾ രണ്ട് സമുദ്രങ്ങളൊന്നിക്കുന്നതു പോലെ; രണ്ട് ദീപങ്ങളൊന്നിക്കുന്നതുപോലെ ഏകവും അദ്വയവുമായ ആത്മസ്വരൂപത്തെ കരതലാമലകംപോലെ കേവലമായറിഞ്ഞ അനുഭൂതി- ഇതി നെക്കുറിച്ചാണ് ഭാരതീയ ദർശനത്തിന്റെ പ്രണയതാക്കൾ പേർത്തുംപേർ ത്തും നമ്മെ ഓർമ്മിപ്പിച്ചുകൊണ്ടിരുന്നത്. വിഷയങ്ങളെല്ലാം ഈശ്വരനായും ആ വിഷയങ്ങൾക്ക് ദാസനായിരിക്കുന്ന; അതിനായി ഈശ്വരപൂജചെയ്യുന്ന പൂജാരിയും പരിവാരങ്ങളും- ഈ ഈശ്വരചിന്തയുടെയും മതത്തിന്റെയും ലോകമാണിത്. തന്റെ ദേഹബുദ്ധിയിൽനിന്ന് തെല്ലുപോലും വികസിക്കാൻ തയ്യാറാകാതെ, വെളുത്തവനായും കറുത്തവനായും നായരായും ഈഴവനാ യും നമ്പൂതിരിയുമൊക്കെയായി മാറിമാറി അരങ്ങേറുന്ന ഞാൻ- ഇവയുടെ യൊക്കെ അഭിമാനത്തിന്റെ ഉദരങ്ങളിൽ ജനിക്കുകയും മരിക്കുകയും വീണ്ടും വീണ്ടും പെറ്റുപെരുകുന്ന ഞാൻ. ആ അഭിമാനോദരങ്ങളെ തിരിച്ചറിയുമെങ്കി ലാണ്, പ്രസവക്രിയയുടെ നീണ്ടുകിടക്കുന്ന തന്റെ ഭാവതലങ്ങളെ മനസ്സിലാ കുക. ശ്വേതാംബരത്തിലും നീലാംബരത്തിലും പീതാംബരത്തിലും അഗ്ന്യം ബരത്തിലും മാറിമാറി വേഷങ്ങൾ കെട്ടിയിട്ടും- തന്റെ അഭിമാനാംബരം മറച്ചുവെക്കാൻ മാത്രമേ, ഈ വേഷങ്ങൾ ഉപയുക്തമാകുന്നുള്ളൂവെങ്കിൽ അഭിമാനത്തെ കൂടുതൽ ജാഢ്യം വരുത്താനാണെന്നറിയണം. വെള്ളമാത്ര മുടുത്ത് ശ്വേതാംബരനായി, അതീവസ്വച്ഛനായിനടന്ന തന്റെ കാലം; മേഘ ത്തിന്റെ സ്വച്ഛതപുലർത്തുന്ന പീതാംബരംധരിച്ച് പീതാംബരനായി, മലകളും തടിനികളും പുഴകളുമടങ്ങുന്ന തീർത്ഥഘട്ടങ്ങളെമുഴുവൻ സേവിച്ച തന്റെ കാലം- തന്റെ ഈ നിലകളിലൊക്കെയുള്ള പോരായ്മകളെ തീർക്കാൻ ഒടുവിൽ, അഗ്നിശുദ്ധനായി; അഗ്ന്യാംബരംധരിച്ച്; കാവിവസ്ത്രത്താൽ സമാച്ഛാദിതശരീരനായി സഞ്ചരിച്ച തന്റെ കാലം- ഈ അംബരങ്ങളെല്ലാം മാറിമാറി തന്റെ ശരീരത്തെ പുൽകുമ്പോഴും, ജനനപര്യന്തമുണ്ടാക്കിയ വ്യത്യസ്തങ്ങളായ അഭിമാനങ്ങൾ- ജാതീയവും മതപരവും ദേശീയവും വർണ്ണപരവും വർഗ്ഗപരവും തൊഴിലധിഷ്ഠിതങ്ങളുമായ ആയിരമായിരം അഭിമാനങ്ങൾ- തന്റെ വസ്ത്രങ്ങളെയൊക്കെ ഉല്ലംഘിച്ച് പുറത്തേക്ക് പ്രവഹിക്കുന്നുവെങ്കിൽ, തന്റെ അഭിമാനപ്രചോദിതങ്ങളായ തലങ്ങളിൽ താനുളവാക്കിയാരാധിക്കുന്ന ഈശ്വരഭാവങ്ങളത്രയും സമസ്യകളായി മാറു മെന്ന് അപഗ്രഥിച്ചതാണ് ഭാരതീയ ദർശനം.
സത്യസന്ധമായി ഒരുവൻ മതത്തിന്റെ ലോകങ്ങളെ അപഗ്രഥിക്കാൻ ശ്രമിച്ചാൽ, ലോകത്തിൽ ഇന്നോളമുണ്ടായിട്ടുള്ള എല്ലാമതങ്ങളുടെയും ഭാവങ്ങൾ- ഭൂതഭവ്യഭവിഷത്തുകളിൽ വ്യാപിച്ചുനിൽക്കുന്നവയാണെന്നും അവയെ പൂർണ്ണമായി നിഷേധിക്കാതെ അവന് മതബോധനത്തിന്റേതായൊ രു ഈശ്വരസങ്കല്പത്തിലേക്ക് വളരാനാകില്ലെന്നും അവന് മനസ്സിലാകും; ഏറ്റവും താഴത്തെ ശ്രേണിയിൽനിന്ന് നടക്കുന്ന വഴക്കുകളാണ് മത ത്തിന്റെ ഇന്നത്തെ ആഘോഷങ്ങൾ മുഴുവനുമെന്നും മനസ്സിലാകും- ഇന്ദ്രി യപരതയുടെ ലോകങ്ങളിൽ വിഷയങ്ങൾ ആകുവോളം ഭുജിക്കുന്ന മനു ഷ്യൻ, ആ വിഷയങ്ങളുടെ സമാന്തരങ്ങളെ സൃഷ്ടിച്ച് അവയ്ക്ക് ഈശ്വരഭാവങ്ങളും നൽകി, കാല്പനികമായി അവയെ ഭുജിക്കുന്ന ഇടങ്ങളിൽ നടക്കുന്ന വഴക്കുകളും ആക്രോശങ്ങളുമാണ് ഇന്നത്തെ ലോകത്തിന്റെ ദുഃഖം- മൊബൈൽ ഫോണുകളുടെ ഉപയോഗംകൊണ്ട് ഉണ്ടാകുന്ന അനാ രോഗ്യത്തെ ചെറുക്കാൻ; ആ തരംഗങ്ങളെ ചെറുതാക്കാൻ നിങ്ങൾ ആരാധി ക്കുന്ന ആൾദൈവത്തിന്റെ ചിത്രം ഫോണിൽ ഒട്ടിച്ചാൽ മതിയെന്ന നിങ്ങളു ടെ വിശ്വാസപ്രമാണങ്ങൾ- ആൾദൈവങ്ങളുടെ ചിത്രമൊട്ടിച്ചതിന്റെ പേരിൽ; തരംഗങ്ങൾ മസ്തിഷ്കത്തെ ബാധിക്കില്ലെന്ന വിശ്വാസത്തിൽ; എത്രയും നേരം വിളിക്കുന്ന വിശ്വാസപ്രമാണങ്ങൾ വളർന്നുനിൽക്കുന്ന ആധുനികമായൊരു നൂറ്റാണ്ടിൽ, കേവലതയിലൂടെ ഈശ്വരനെ അന്വേഷിക്കാൻ ശ്രമിക്കു ന്നത് വിഡ്ഢിത്തമല്ലേ? മരിച്ചൊടുങ്ങുന്ന ജീവപ്രപഞ്ചത്തിന്റെ ഭാവഹാവാദി കളത്രയും പരിമിതങ്ങളായവയെ ആശ്രയിച്ചുനിൽക്കുന്നതും അതിന്, മറ്റുള്ള വയ്ക്ക് ആശ്രയദാതാവാകുവാൻ കഴിയാത്തതുമാണെന്ന് തിരിച്ചറിയാതെ പോകുന്നതുമാണ് നിങ്ങളുടെ ജീവിതയാത്രകളത്രയും.
വിഷയ പ്രപഞ്ചമെല്ലാം പരിമിതമാണെന്നും ആപേക്ഷികമാണെന്നും ഇവ യൊക്കെ- ഇന്ദ്രിയങ്ങളുടെ തലങ്ങളിലും പൂർണ്ണമായൊരു മനസ്സിന്റെ തലങ്ങളിലും പൂർണ്ണമായൊരു ബുദ്ധിയുടെ തലങ്ങളിലുംമാത്രമേ പ്രസക്തിയുള്ളൂ വെന്നും അറിയണം. ദേഹബോധത്തിന്റെ തലങ്ങളിൽനിന്ന് ഈ പ്രാപഞ്ചിക വിഷയങ്ങളെ കാണുമ്പോൾ- ദേഹബോധത്തെ വിട്ടാൽ; ജീവബുദ്ധിയുടെ പ്രാണാപാനങ്ങളുടെ തലങ്ങളിലേക്ക് തന്റെ മനസ്സ് ഉയർന്നാൽ; ഈശ്വരാം ശമായി താൻ പരിണമിക്കുമെന്നും അതിന്റെ ഭാവം മാത്രമാണ് താനെന്നും അറിയും. പരിമിതികളെ ഉല്ലംഘിച്ച് ആത്മവിദ്യയുടെ അനന്തവിശുദ്ധങ്ങളായ മേഖലയിലേക്ക് ഞാനുയർന്നുകഴിഞ്ഞാൽ- വിഷയങ്ങളെല്ലാം അല്പപ്രാണങ്ങളായി മാറുകയും, ഏകവും അദ്വയവുമായ സത്തമാത്രമാണ് ഈശ്വരനെ ന്നും- ഈ അനുഭവത്തിനൊന്നും നിഷേധിക്കേണ്ടതില്ലെന്നും, അങ്ങനെ താൻ സർവ്വസഹിഷ്ണുതയുടെ സദാജാജ്വല്യമായ തലത്തിലേക്ക് ഉയരുമെന്നും പഠിക്കണം.
…[തുടരും]
നമസ്തെ അങ്ങയുടെ ബ്ലോഗ് ഈയ്യിടെയാണ് കണ്ടത്, നിര്‍മലാനന്ദഗിരി മഹരാജിന്‍റെ പ്രഭാഷണങ്ങള്‍ കേള്‍ക്കാറുണ്ട്. കൂടുതല്‍ പോസ്റ്റുകള്‍ക്കായി കാത്തിരിക്കുന്നു…
വളരെ ഉപയോഗപ്രദം ..നന്ദിയുണ്ട് ഇങ്ങനെ ഒരു വിശദീകരണം തന്നതിന്..എന്നാ ല്‍വളരെ ഗഹനമായ വീക്ഷണ മായതിനാല്‍ സാധാരണകാര്‍ക്ക് മനസില്‍ക്കാന്‍ ഒരു അല്‍പ്പം ബുദ്ധിമുട്ട് ആണെന്ന് തോന്നുന്നു..എന്നാലും എന്നെ പോലെ ജിജ്ഞാസുകള്‍ക്ക് വളരെ പ്രയോജനകരം തന്നെ..
വളരെ വിജ്ഞാനപ്രദമാണ്…..മനസ്സിൽ പേറിവന്നിരുന്ന പല അൽപങ്ങളായ അറിവുകളേയും തൂത്ത്മാറ്റാനും അവിടേക്ക് പ്രകാശമാനമായ ധാരാളം അറിവുകളുടെ വിത്തുകൾ പാകാനും ഈ ബ്ലോഗ് വളരെ അധികം ഗുണപ്രദമായി ഭവിക്കുന്നു…..പ്രണാമം..