[ Full Text - Source: July 2012 issue ]
ഒരു ആഗ്രഹം കൊഴിഞ്ഞുപോയാൽ ഉടനെ അടുത്ത ആഗ്രഹം ഉയരു കയായി- നിങ്ങൾ പലപ്പോഴും അനുഭവിക്കുന്ന ചെറിയചെറിയ സന്തോഷങ്ങ ളുണ്ടല്ലോ, അത് ഒരാഗ്രഹംതീർന്ന് അടുത്ത ആഗ്രഹം ആവിർഭവിക്കുന്നതി ന്നിടയിലെ ആഗ്രഹമില്ലായ്മയിലാണ്; ആഗ്രഹത്തിൽ അനുഭവിച്ചതല്ല; ആഗ്ര ഹിച്ച് പൂർത്തിയാക്കിയതിൽ അനുഭവിക്കുന്നതല്ല.
നിങ്ങളൊരു വസ്ത്രംവാങ്ങാൻ ആഗ്രഹിച്ചു; ഉടനെ വസ്ത്രം വാങ്ങിച്ചു കൊണ്ടുവരികയും ചെയ്തു- അടുത്ത ആഗ്രഹം ഉല്പന്നമാകുന്നതിന്നിടയി ൽ ഒരല്പനിമിഷമുണ്ട്. ആ നിമിഷം നിങ്ങളിൽ സന്തോഷമായിരിക്കും. ഉട നെ അടുത്ത ആഗ്രഹം ഉണ്ടായിക്കഴിഞ്ഞാൽ, നിങ്ങൾ ആ വസ്ത്രം മറക്കും. അപ്പോൾപിന്നെ നിങ്ങളാ, വസ്ത്രം സോഫയിന്മേലോ അലമാരയിലോ വെ ച്ചുകഴിഞ്ഞിരിക്കും- വസ്ത്രത്തിലാണ് സന്തോഷമിരിക്കുന്നതെങ്കിൽ; വ സ്ത്രമാണ് നിങ്ങൾക്ക് എല്ലാമെങ്കിൽ അതങ്ങനെ ഉപേക്ഷിക്കുമായിരുന്നില്ല. അതുകൊണ്ട് ഒരാഗ്രഹത്തെ നിങ്ങൾ താലോലിക്കുന്നത് അടുത്ത ആഗ്രഹം ഉണ്ടാകുന്നതുവരെമാത്രമാണ്. ഇങ്ങനെ ആഗ്രഹങ്ങളെ പിന്തുടർന്നും ആഗ്ര ഹത്തെ പോഷിപ്പിച്ചും ആഗ്രഹത്തിനായിക്കൊണ്ട് പരിശ്രമിച്ചും പൂർത്തിയാ ക്കിയും- ആഗ്രഹങ്ങളെ ഇല്ലാതാക്കുന്ന ഒരു പദ്ധതിയായാണ് പൗരാണികർ കുടുംബജീവിതത്തെ രൂപപ്പെടുത്തിയത്; ആഗ്രഹങ്ങളെ മേയ്ച്ച്- ആഗ്രഹ ങ്ങളെമാത്രം നയിക്കാനല്ല. ഇത്തരമൊരു പശ്ചാത്തലത്തിൽവേണം നിങ്ങളു ടെ `ത്രോ എവേ`- ഉപയോഗിച്ചുവലിച്ചെറിയൽ സംസ്കാരത്തെ പഠിക്കാൻ.
ഉപയോഗിച്ചുപയോഗിച്ച് വലിച്ചെറിയുന്ന സംസ്കാരത്തിൽ നിങ്ങൾ ഒ രാഗ്രഹത്തിൽനിന്ന് ആഗ്രഹങ്ങളുടെ കുത്തൊഴുക്കിലേക്ക് മേഞ്ഞുമേഞ്ഞു പോയി ജീവിതം വ്യർത്ഥമാക്കുകയാണ്. ഒരു മൺചട്ടി പൊട്ടിപ്പോയാൽപോ ലും, ഇതെന്റെ ഒരാഗ്രഹമായിരുന്നുവെന്ന് ഓർത്ത് സുക്ഷിച്ചുവെയ്ക്കുമ്പോ ഴാണ് ഒരു സ്ത്രീക്ക് മനസ്സിലാകുന്നത്, ആഗ്രഹം തന്നെ എത്രമാത്രം ദുഃഖി പ്പിക്കുന്നുവെന്ന്. അതേസമയം എല്ലാം ഉപയോഗിച്ചുവലിച്ചെറിഞ്ഞ് കടന്നു പോകുമ്പോൾ, ആഗ്രഹങ്ങളിലൂടെ സഞ്ചരിച്ചുകൊണ്ടിരിക്കുകയല്ലാതെ ഒരി ക്കലും തിരിഞ്ഞുനോക്കി ഈ ഓട്ടം നിർത്താനാവില്ല. അതുകൊണ്ട് നിങ്ങ ളിന്ന് സഞ്ചരിക്കുന്ന ആധുനികവഴികൾ ആഗ്രഹങ്ങളിലൂടെ മേയുന്ന വഴിയാ ണെന്ന് തിരിച്ചറിയുക- ഈ വഴിയിൽ ശാന്തി വളരെ വിദൂരതയിലാണ്.
മനഃശാസ്ത്രപരമായും ജീവശാസ്ത്രപരമായും തത്ത്വചിന്താപരമായും നിങ്ങളിന്ന് ഏറ്റവും വലിയ അബദ്ധവഴികളിലൂടെയാണ് സഞ്ചരിക്കുന്നത്; അറിവില്ലായ്മ അതിന്റെ എല്ലാവിധ മര്യാദകളും ഉല്ലംഘിച്ചുനിൽക്കുകയാണ്. എന്നാൽ, എന്റെയൊരു ആഗ്രഹത്തെ; ഞാനായിത്തീർന്ന ഒരാഗ്രഹത്തെ; എന്റെ കൺമുന്നിൽ ഞാൻതന്നെ വെയ്ക്കുമ്പോൾ- ഇനിയും വേദനിക്കാൻ ഇത്തരമൊരു ആഗ്രഹം എനിക്ക് വേണ്ടെന്ന് തീരുമാനിക്കാനുള്ള ഒരറി വുണ്ടായാലോ? ആഗ്രഹങ്ങളോട് അത്രയും നീതിപുലർത്തി പഠനവിധേയ മാക്കുകയും അതിൽനിന്ന് ജീവസന്ധായകമായ ഊർജ്ജംനേടുകയും ആന ന്ദമനുഭവിക്കുകയും ചെയ്യുമ്പോൾ- നിങ്ങൾക്ക് അരോഗദൃഡഗാത്രരായി മരി ക്കാനെങ്കിലും കഴിയും. അതുകൊണ്ടാണ് പൂർവ്വികർ പറഞ്ഞത്, ചിത്തം ആഗ്രഹിക്കുന്നില്ല; ദുഃഖിക്കുന്നുമില്ലെന്ന്.
ഗാഢമായ സുഷുപ്തിയിൽ ദുഃഖമില്ല. ദുഃഖിച്ച് എത്ര കരഞ്ഞുകഴി ഞ്ഞാണ് നിങ്ങൾ ഉറങ്ങിയതെങ്കിലും; ഗാഢസുഷുപ്തികഴിഞ്ഞ് ഉണർന്നു വരുമ്പോൾ- ഒന്നും അറിഞ്ഞില്ല; നല്ല സുഖമായിരുന്നുവെന്നേവരൂ. ആ സു ഖം ആഗ്രഹങ്ങളില്ലാത്തതിന്റെ; ദുഃഖമില്ലാത്തതിന്റേതാണ്. അത് നോർമലാ കുമ്പോഴാണ് നിങ്ങളുടെ ബി.പി. നോർമലാകുന്നത്; ഷുഗർ നോർമലാകു ന്നത്. നിങ്ങളുടെ ബി.പി.യും ഷുഗറുമൊക്കെ അബ്നോർമലാകുമ്പോൾ പിന്നെ നിങ്ങൾക്ക് ഉറക്കം ഒരിക്കലും സ്വച്ഛന്ദമായി ലഭിക്കുകയില്ല- വളരെ ചെറിയൊരു വേദന ദേഹത്തൊ മനസ്സിനൊ ഉണ്ടായാൽ ഉറക്കം പിന്നെ സ്വ ച്ഛന്ദമായിരിക്കില്ല; പിന്നെയത് സ്വപ്നവിഭൂതികളോടുകൂടിയതായിത്തീരും; സ്വപ്നങ്ങൾ അപ്പോൾ ശാന്തങ്ങളുമായിരിക്കില്ല. അതുകൊണ്ടാണ് പഴയകാ ലത്തെ ഭിഷഗ്വരൻ രോഗിയോട് ചോദിച്ചിരുന്നത്, ഉറക്കമുണ്ടോയെന്ന്; നല്ല ഉറക്കമുണ്ടെന്ന് രോഗി പറഞ്ഞാൽ ഉടനെ പറയുകയുംചെയ്യും, എങ്കിൽ സാരമില്ലെന്ന്- ആ കാലങ്ങളിൽ രോഗംവന്ന് ഉറക്കം കിട്ടാത്തവർ അപൂർവ്വ മായേ ഉണ്ടായിരുന്നുള്ളു; അതുകൊണ്ട് അവരെയൊന്ന് ഉറക്കിക്കിടത്തിയാൽ തന്നെ അവരുടെ രോഗം മാറുകയുംചെയ്യും. ഉറങ്ങുന്നത് ഒരിക്കലും ആധുനി കരെപ്പോലെ ഉറക്കഗുളികകഴിച്ചുംമറ്റും ഞരമ്പ് തളർത്തിക്കൊണ്ടാകരുതെന്ന് മാത്രം- ശാന്തമായി ഉറങ്ങണം. അതുകൊണ്ടാണ് പഴയ അമ്മമാർ കുട്ടി ക്കെന്തെങ്കിലും അസുഖം തോന്നിയാൽ, മോൻപോയി ഒന്നുറങ്ങിയാൽ ഇ തെല്ലാം മാറുമെന്ന് പറഞ്ഞിരുന്നത്.
ഒന്നും ആഗ്രഹിക്കാതിരിക്കുക; ദുഃഖിക്കാതിരിക്കുക- ഒന്നും ഉപേക്ഷിക്കാ തിരിക്കുക; സ്വീകരിക്കാതിരിക്കുക- ഒന്നിനുവേണ്ടിയും കോപിക്കാതിരി ക്കുക; സന്തോഷിക്കാതിരിക്കുക- ഒന്നിനോടും ഒന്നിനെക്കുറിച്ചും സന്തോഷ വുമില്ല; സന്താപവുമില്ല. ഇത്തരത്തിൽ ആരെങ്കിലും നിങ്ങളുടെ ലോകത്ത് ജീവിക്കുന്നതായി കണ്ടിട്ടുണ്ടോ? കണ്ടാൽതന്നെ, അയാളോട് ബന്ധപ്പെടാ നും ആരും ഇഷ്ടപ്പെടുകയുമില്ല- കാരണം, അവർ ബന്ധങ്ങളൊന്നും മു ന്നോട്ടുകൊണ്ടുപോകാത്തവരാണ്. അത്തരക്കാർക്ക് ജീവിതത്തിലൊന്നും സന്തോഷിക്കാനും ദുഃഖിക്കാനുമുള്ള യാതൊരു കാര്യവും ഉണ്ടാകില്ല. അതു കൊണ്ടവർക്ക് ഒന്നിലും കോപിക്കേണ്ടുന്ന ആവശ്യവുമില്ല- ഇതാണ് ബന്ധ മുക്തിയുടെ രഹസ്യം; ബന്ധവും മോക്ഷവും അളക്കുന്നത് ഇങ്ങനെയാണ്.
മനസ്സാണ് ഈ ആഗ്രഹിക്കുന്നതും സന്തോഷിക്കുന്നതും; മനസ്സാണ് ഈ ദുഃഖിക്കുന്നതും കോപിക്കുന്നതും- ഇതൊക്കെ പെട്ടെന്നാണ് മനസ്സിലു ണ്ടായി മറയുന്നത്. ഇതറിയാതെ; മനസ്സിനെ പഠിക്കാതെ ഓരോന്ന് സമ്പാ ദിച്ചുവെച്ചാലൊന്നും സുഖവും സന്തോഷവും ഉണ്ടാകാൻ പോകുന്നില്ല- മന സ്സിനെ നോക്കിക്കണ്ടാലേ, ഇതൊക്കെ നേടാൻ കഴിയൂ. എന്തൊക്കെയോ സമ്പാദിച്ചുകൂട്ടാൻ പരക്കം പാഞ്ഞിട്ടൊന്നും യാതൊരു കാര്യവുമില്ല; സമ്പാ ദിക്കേണ്ടതിന് വെറുതെ ഓടിത്തളർന്നിട്ടും കാര്യമില്ല- തന്നിൽ വന്നുചേരേ ണ്ടതാണെങ്കിൽ അവയൊക്കെ വന്നുചേരുകതന്നെ ചെയ്യും; എങ്ങനെയൊ ക്കെ കറങ്ങിത്തിരിഞ്ഞാണെങ്കിലും; ആരുടെയൊക്കെയോ കൈകളിലൂടെ കയറിയിറങ്ങിയാലും, വന്നുചേരേണ്ടത് തന്റെ കയ്യിൽ എത്തിച്ചേർന്നിരിക്കും. അതുകൊണ്ട് അറിയണം, ഓരോ ദ്രവ്യത്തിലും ഓരോരുത്തരുടെ പേരെ ഴുതപ്പെട്ടിട്ടുണ്ടെന്ന്- അതിൽ കൂടുതലൊന്നും തങ്ങളുടെ കയ്യിൽ വന്നുചേരു കയുമില്ല; ആർക്കെങ്കിലും എന്തെങ്കിലും കിട്ടിയിട്ടുണ്ടെങ്കിൽ, അതിൽ ആഗ്ര ഹിച്ചതുകൊണ്ടുമല്ല; അവർ പണ്ട് കൊടുത്തതാണ് ഇന്നവർക്ക് കിട്ടിയത്. അതുകൊണ്ട് നിങ്ങൾ കൊടുത്തത് നിങ്ങൾക്ക് കിട്ടുകതന്നെ ചെയ്യും- വെറു തെ; ആഗ്രഹിക്കാതെതന്നെ എവിടെയെങ്കിലും പോയി ഇരുന്നാൽമതി നിങ്ങ ളിലത് എത്തിച്ചേരും- കൊടുക്കാത്തത് നിങ്ങളെത്ര ആഗ്രഹിച്ചാലും അതിനു വേണ്ടി എത്ര പരിശ്രമിച്ചാലും കിട്ടുകയുമില്ല. ചിലർക്ക്, ചിലപ്പോൾ എന്തൊ ക്കെയോ വന്നുചേരും. അതുകണ്ട് അത്തരക്കാരെ കൂടെക്കൂട്ടും- അപ്പോഴും എന്തൊക്കെയോ വന്നുചേരുകയുംചെയ്യും. പിന്നെപ്പിന്നെ, താൻ കാരണമാ ണ് ഇതൊക്കെ വന്നുചേരുന്നതെന്ന് തോന്നാൻ തുടങ്ങും. അപ്പോഴായിരി ക്കും, കൂടെക്കൂട്ടിയിരുന്നവൻ തിരിച്ചുപോകുന്നത്- പോയവന്റെ കൂടെ എല്ലാം ഒഴുകിപ്പോകുകയും ചെയ്യും. കാരണം ഒരിക്കൽ കൊടുത്തതുകൊണ്ടാണ് അവനിൽ അതൊക്കെയും വന്നുചേരുന്നത്- അവൻ എവിടെപ്പോയാലും അവയൊക്കെ അവനെ പിന്തുടരുകയാണ്; ഇത് ചിത്തത്തിന്റെ കളിയാണ്. ചിത്തത്തിന്റെ ഈ കളിയറിയാത്തവരിൽ സുഖദുഃഖങ്ങളും കോപതാപാദി കളും ആഗ്രഹങ്ങളും ബന്ധങ്ങളും മാറിമാറി വരും.
ഏതൊരു ചിത്തമാണോ ജഗദാകാരേണ വിളങ്ങുന്നത്, അത് ചിദ്ശക്തി കൊണ്ടാണ്- ആകെ ഒരു ചിദ്ശക്തിയേയുള്ളു. ആ ഒരു ചിദ്ശക്തിതന്നെ യാണ് ജഗദാകാരേണ അനേകവിധത്തിൽ വിളങ്ങുന്നത്; സമർത്ഥന്മാർ അവ രുടെ പൂർവ്വപൂർവ്വപടലങ്ങൾ അഴിച്ചാണ് അതിനെ കടന്നുപോകുന്നത്. ഉറ ങ്ങാൻ കിടക്കുമ്പോൾകാണുന്ന സ്വപ്നങ്ങൾപോലെ ഓരോ വ്യക്തിക്കും അനന്തകോടി ജന്മങ്ങളുണ്ട്; അതിന്റെ വാസനകളൊക്കെ; സംസ്ക്കാരമൊ ക്കെ തന്നിൽ കിടപ്പുണ്ട്. എപ്പോഴെങ്കിലുമൊരിക്കൽ സമാധിയനുഭവവും അനുശീലനവുമുണ്ടായാൽ, ആ രുദ്രശക്തിയുമായി തന്റെ അനന്തകോടി ജന്മങ്ങളിലൂടെയാണ് താനൊരു തീർത്ഥാടനം നടത്തുന്നത്- താൻ ഏതെ ല്ലാം ദേശങ്ങളിലൂടെ സഞ്ചരിച്ചു; താൻ ഏതെല്ലാം കർമ്മങ്ങളിൽ വ്യാപൃതനാ യി; ഏതേതുതരത്തിലുള്ള ജന്തുജാലങ്ങളോടെല്ലാം ബന്ധപ്പെടുകയുമൊ ക്കെ ചെയ്തു, അതൊക്കെയും തന്റെ പൂർവ്വരൂപങ്ങൾ മാത്രമാണ്. അവയെ ല്ലാം വീണ്ടും കണ്ടുംകേട്ടും പുനരാശ്രയിച്ചും കടന്നുപോകുകയാണ്; ഈ അനന്തപരിചയങ്ങളുടെയും അനന്തകോടി വിശ്വാസങ്ങളുടെയും അനന്ത കോടി രാഗദ്വേഷങ്ങളുടെയും, ഈ രംഗവേദിയിൽ- ഒരു നിമിഷമെങ്കിലും ബോധത്തെ സ്വതന്ത്രമാക്കി വെയ്ക്കാൻ കഴിയുക! ബോധത്തെ സ്വതന്ത്രമാ ക്കിയാൽ അറിയാം, എന്തുകൊണ്ടാണ് എനിക്കിവിടെ ഇന്ന് രാഗവും ദ്വേഷ വും ബന്ധവും ആഗ്രഹവും ഉണ്ടാകുന്നതെന്ന്; ഇതൊക്കെയും തന്റെ പൂർവ്വ ജന്മവൃത്താന്തങ്ങളെയാണ് തിരിച്ചുതരുന്നതെന്ന്.
ഇങ്ങനെ തങ്ങളുടെ പൂർവ്വജന്മവൃത്താന്തങ്ങളെ എത്രകണ്ട് തിരിച്ചുതരു ന്നുവെന്ന് തിരിച്ചറിയണം. അതിൽ സ്വപ്നമുതിർത്തുകിടക്കുന്ന ജീവനെ തട്ടിയുണർത്താൻ കഴിയുകയും സ്വപ്നത്തെ വിടുവിക്കാൻ കഴിയുകയും ചെയ്യുമ്പോൾ, ചിത്തം എകാകാരം ആയിത്തീരുവാൻ തുടങ്ങുകയായി- ഇങ്ങ നെ തന്റെ പൂർവ്വരൂപങ്ങളെമൊത്തം അഴിച്ചുപണിയുമ്പോൾ മാത്രമാണ് ഒരു വൻ മോക്ഷപദവിയെ പ്രാപിക്കുന്നത്.
മാനവൻ ചെല്ലുന്നിടങ്ങളിലെല്ലാം പുതിയപുതിയ ബന്ധങ്ങളും അവയിൽ നിന്ന് പുതിയപുതിയ ആഗ്രഹങ്ങളും; സ്വപ്നങ്ങളും ഉണ്ടാക്കിയാണ്- പുതി യ ജന്മങ്ങൾക്കുള്ള ബീജവും വിതച്ചാണ് കടന്നുപോകുന്നത്. എന്നാൽ അറി വുള്ളവൻ കടന്നുപോകുന്നത്, ഓരോ തലത്തിലും തന്റെ പൂർവ്വസ്മൃതികളെ തിരിച്ചറിയുകയും പൂർവ്വപൂർവ്വ ബന്ധങ്ങളും ആഗ്രഹങ്ങളും ഉണ്ടാക്കിയ വിഷയരാഗങ്ങളിൽനിന്ന് ബോധത്തെ; ജീവനെ സ്വതന്ത്രമാക്കുകയും ചെ യ്തുകൊണ്ടാണ്. ഇങ്ങനെ തന്റെ പൂർവ്വരൂപങ്ങൾ ഓരോന്നും സ്വതന്ത്രമാകു മ്പോൾ, താൻ ഏകനും അദ്വയനും നിത്യാനന്ദത്തിന്റെ; ബ്രഹ്മാനുഭൂതിയുടെ അനിർവ്വചനീയമായ തലത്തിലേക്ക് ഉയരുന്നുവെന്നും അയാൾക്ക് ബോദ്ധ്യ പ്പെടും. പരമ്പരാർജ്ജിതമായ ഈ ജ്ഞാനത്താൽ തന്റെ ചിത്തിനെ ബ്രഹ്മമു ഖമാക്കിത്തീർത്ത അസ്മാദൃശ്യന്മാരായ ആചാര്യന്മാർ- ആ ചിത്തം ബ്രഹ്മം തന്നെയാണ്. ആ അസ്മാദൃശ്യന്മാരായ ആചാര്യന്മാരെ സ്മരിച്ചാൽ നമ്മുടേ യും ചിത്തം പരിണമിക്കും. ബ്രഹ്മമുഖമായ അനുഭൂതികളെ ചിത്തത്തിലേക്ക് ഉണർത്തുകയും തിരിച്ച് ബ്രഹ്മാനുഭവത്തിലേക്ക് പോകുകയും ചെയ്ത; വിശ്വത്തെ ഒരു ലീലയായി കണ്ട, അവരുടെ ലീലകളെ സ്മരിച്ചാൽ; പഠിച്ചാൽ നമ്മുടെ ചിത്തവും ശുദ്ധമാകും; അത് അനുഭൂതിക്ക് ഉതകുകയും ചെയ്യും.