[Excerpts - Source: Oct 2010 issue]
ഉപനിഷത്തുകളിലേയും ഇതിഹാസങ്ങളിലേയും തത്വചിന്ത ഉൾക്കൊള്ളാൻ കഴിയാത്തവർക്കുവേണ്ടി, അതിനെ കുറെകൂടി വിശദീകരിച്ചവയാണ് പുരാണങ്ങൾ. അതുകൊണ്ട്, ഉപനിഷത്ചിന്തയുടെ പഠനമില്ലാതെ പുരാണങ്ങളൊന്നും തന്നെ പഠിക്കാൻ സാദ്ധ്യമല്ല. കാരണം, വാചാരംഭണമാണ് പുരാണങ്ങളെല്ലാം. ആ വാചാരംഭണം ഉൾക്കൊള്ളണമെങ്കിൽ ഉപനിഷത്തിന്റെ പഠനം അനിവാര്യമാണ്. ആ നിലയിൽ, ഏറ്റവും ശ്രദ്ധേയമായ ഉപനിഷത്തുകളിൽ ഒന്നാണ് മാണ്ഡൂക്യോപനിഷത്.
വേദങ്ങൾ പ്രായേണ മൂന്നു ഭാഗങ്ങളായാണ് പറയപ്പെടുന്നത്. ഒന്ന്, മന്ത്രങ്ങൾ. രണ്ട്, ബ്രാഹ്മണങ്ങൾ. മൂന്ന്, ആരണ്യകങ്ങൾ.
മന്ത്രങ്ങൾ പ്രകൃതിയുടെ മഹത്വവും പ്രാർത്ഥനയുമൊക്കെയായി പറയുന്ന ആദ്യഭാഗമാണ്. ബ്രാഹ്മണങ്ങളാകട്ടെ, യജ്ഞങ്ങളെക്കുറിച്ചുപറയുന്ന ഭാഗങ്ങളാണ്. ആരണ്യകങ്ങളിലാണ് ഉപനിഷത്തുക്കൾ ഉൾക്കൊള്ളുന്ന തത്വചിന്തകൾ മുഴുവനും പറഞ്ഞിട്ടുള്ളത്.
ഓരോ വേദശാഖയ്ക്കും അനേകം ഉപനിഷത്തുകൾ പറയപ്പെടുന്നുണ്ട്. അവയിൽ ഏറ്റവും ശ്രദ്ധേയമായി നമുക്കു കിട്ടിയിട്ടുള്ളത് നൂറ്റീൺപത്തിമൂന്ന് ഉപനിഷത്തുകളാണ്. പല ഗ്രന്ഥങ്ങളിലും പലതരത്തിൽ ഉപനിഷത്തുകളുടെ എണ്ണത്തെപ്പറ്റി പറയുന്നുണ്ട്. രണ്ടായിരത്തിൽപരം ഉപനിഷത്തുകളെപ്പറ്റി ഉല്ലേഖങ്ങൾ ഉണ്ട്.
കിട്ടിയ നൂറ്റി എണ്പത്തിമൂന്ന് ഉപനിഷത്തുകളിൽ നൂറ്റിയിരുപത്തിയഞ്ച് എണ്ണം പഴയതും ബാക്കിയുള്ളവ പുതിയതുമാണെന്നാണ് പൊതുവെ, ചിന്തകന്മാർ എണ്ണിപ്പോരുന്നത്. ഇതേപ്പറ്റി, പാശ്ചാത്യരും പൗരസ്ത്യരുമായ ചിന്തകന്മാരൊക്കെ വിഭിന്നങ്ങളായ അഭിപ്രായങ്ങൾ പുലർത്തുന്നുണ്ട്. വീണ്ടും, ഏറ്റവും ശ്രദ്ധേയങ്ങളായി എണ്ണുന്നത് പത്തെണ്ണത്തെയാണ്. ആ പത്തെണ്ണത്തിനാണ് ശങ്കരഭാഷ്യം ഉള്ളതെന്നാണ് പൊതുവെ കരുതപ്പെടുന്നത്. എന്നാൽ, പതിനൊന്നെണ്ണത്തിന് ശങ്കരഭാഷ്യമുണ്ട്. പതിമൂന്നെണ്ണത്തിനുണ്ടെന്ന് ഉള്ളൂർ തന്റെ സാഹിത്യ ചരിത്രത്തിൽ പറയുന്നുണ്ട് – `നൃസിംഹതാപിനി`കൂട്ടി. ഇതു തന്നെ വിദ്യാരണ്യ സ്വാമികൾ അദ്ദേഹത്തിന്റെ `ശങ്കരദിഗ്വിജയ`ത്തിലും സൂചിപ്പിച്ചിട്ടുണ്ട്.
ഉപനിഷ്ത്തുകളിൽ ഏറ്റവും ചെറിയ ഉപനിഷത്താണ് മാണ്ഡൂക്യോപനിഷത്. ഏറ്റവും കുറവായ വാക്കുകൾ-ഏതാണ്ട്, നൂറ്റിയറുപത്തിയഞ്ച് വാക്കുകളേയുള്ളൂ; പന്ത്രണ്ടു മന്ത്രങ്ങളേ ഈ ഉപനിഷത്തിലുള്ളൂ.
ഒരു ഉപനിഷത് പഠിക്കുകയാണെങ്കിൽ, അത് മാണ്ഡൂക്യോപനിഷത് ആയിരിക്കണമെന്ന് മുക്തികോപനിഷത്തിൽ ശ്രീ രാമചന്ദ്രൻ ആഞ്ജനേയനോടു പറയുന്നുണ്ട്. മാണ്ഡൂക്യം കൊണ്ട് എല്ലാം പൂർണ്ണമാണ്.
മാണ്ഡൂക്യം രേഖപ്പെടുത്തിയ ചിന്തയുടെ വിശദീകരണങ്ങളാണ് ഇതര ഉപനിഷത്തുകളെല്ലാം- മാണ്ഡൂക്യം ഉൾക്കൊള്ളാൻ കഴിയാത്തവർക്കുവേണ്ടിയുള്ള വിശദമായ മാണ്ഡൂക്യപഠനമാണ് മറ്റ് ഉപനിഷത്തുകളെല്ലാം എന്നൊക്കെ പറയും. ആ ഉപനിഷത് പഠനം കൊണ്ടും തത്വം ഗ്രഹിക്കാത്തവർക്ക് അതിനെ കുറേകൂടി വിപുലമായി വിവരിച്ചിട്ടുള്ളവയാണ് ഇതിഹാസങ്ങൾ. ആ ഇതിഹാസ പഠനങ്ങളും ഉൾക്കൊള്ളാൻ കഴിയാത്തവർക്കാണ് പുരാണങ്ങൾ. ആദ്യം മാണ്ഡൂക്യം. അതിൽനിന്ന് ഉപനിഷത്തുകൾ. ഉപനിഷത്തുകളിൽ നിന്ന് ഇതിഹാസങ്ങൾ. അതിൽനിന്ന് പുരാണങ്ങൾ; ഉപനിഷത്തുകളിൽനിന്ന് ഇതിഹാസങ്ങളും അതിൽ ഉൾപ്പെട്ടിരിക്കുന്ന തത്വചിന്തയുമെല്ലാം ; അതും ഉൾക്കൊള്ളാൻ കഴിയാത്തവർക്കുവേണ്ടി, അതിനെ കുറേകൂടി വിശദീകരിച്ചവയാണ് പുരാണങ്ങൾ എന്നുമൊരു അഭിപ്രായമുണ്ട്. സാധാരണക്കാർക്കുവേണ്ടിയുള്ളതാണ് പുരാണങ്ങളെന്നും ആദ്യമത് ഉൾക്കൊണ്ടിട്ടുവേണം, ഉപനിഷത്ചിന്തകൾ പഠിക്കാനെന്നുമുള്ള ചിന്ത, ഈ കാലഘട്ടത്തിൽ ഉണ്ടായതാണ്.
പുരാണങ്ങളും ഇതിഹാസങ്ങളുമെല്ലാം ഉപനിഷത് ചിന്തകൾ ഉൾക്കൊണ്ട മനുഷ്യമനസ്സിന്റെ, കാവ്യഭാവന ഉണർത്തുന്നതാണ്. അതുകൊണ്ട്, ഉപനിഷത്ചിന്തയുടെ പഠനമില്ലാതെ പുരാണങ്ങളൊന്നും തന്നെ പഠിക്കാൻ സാദ്ധ്യമല്ല. പ്രാഥമികമായ അറിവ് ഉപനിഷത്തുകളിൽ നിന്നും ഉൾക്കൊണ്ടേ മതിയാവൂ എന്നുള്ളത് പ്രാചീന ആചാര്യന്മാർക്കെല്ലാം അഭിപ്രായമുണ്ടായിരുന്നു. കാരണം, വാചാരംഭണമാണ് പുരാണങ്ങളെല്ലാം. ആ വാചാരംഭണം ഉൾക്കൊള്ളണമെങ്കിൽ ഉപനിഷത്തിന്റെ പഠനം അനിവാര്യമാണ്. ആ നിലയിൽ ഏറ്റവും ശ്രദ്ധേയമായ ഉപനിഷത്തുകളിലൊന്നാണ് മാണ്ഡൂക്യം.
…
…
പൗരാണിക ഋഷിമാർ സസ്യങ്ങളേയും ജന്തുക്കളേയുമെല്ലാം ഉൾക്കൊണ്ടുകൊണ്ട് കവിത കലർന്നൊരു ഭാഷയിലാണ് എന്നും ശാസ്ത്രം പറഞ്ഞിട്ടുള്ളത്. വളരെകുറച്ചു വാക്കുകളിൽ, വളരെ കൂടുതൽ പറയുന്നവർ. മണ്ഡൂക്യം എന്ന ശബ്ദം തന്നെ മണ്ഡൂകനെക്കുറിച്ചാണ്. മണ്ഡൂകമെന്നു പറഞ്ഞാൽ, തവളയാണ്. തവളകൾ സാധാരണ മുട്ടയിടുന്നത് വെള്ളത്തിലാണ്. മുട്ടവിരിഞ്ഞു കഴിഞ്ഞാലതിനെ വാൽമാക്രിയെന്നാണ് പറയുക. അതിനു വാലുണ്ടാകും. വാൽകുറുകിത്തീർന്നു കഴിയുമ്പോഴാണ് രണ്ടുകാലുകളും പൂർണ്ണമാകുന്നത്- രണ്ടുജോഡി കാലുകളും പൂർണ്ണമായാൽ അതു വെള്ളത്തിലും കരയിലും ജീവിക്കും.
ഈ വാൽ ഉള്ളിടത്തോളംകാലം സംസാരക്ളേശങ്ങളുടെ മാത്രം തലത്തിൽ ജീവിക്കുന്ന; സംസാരിയായി മാത്രം കഴിഞ്ഞുകൂടന്ന-വാലുകുറുകുന്തോറും തന്റെ സ്വരൂപം അന്വേഷിക്കുന്നൊരു ജീവിയെ ചൂണ്ടിക്കാണിക്കുന്നു, ഈ പദം എന്നൊരു അഭിപ്രായമുണ്ട്. വാൽമാക്രി, വാലുകുറുകുന്നതോടെ കരയിലേക്കു കയറുകയും വിശാലമായൊരു ലോകത്തേക്ക് ഉറ്റുനോക്കുകയും ചെയ്യുന്നു. എപ്പോഴാണോ ഉപനയനാദി സംസ്ക്കാരം കഴിയുന്നത്, അപ്പോഴവൻ ദ്വിജനായിത്തീരുന്നു. ആത്മവിദ്യയിലേക്കു പ്രവേശിക്കുന്നു. പൗരാണിക ചിന്തയനുസരിച്ച്, ഉപനയനം കഴിഞ്ഞാലുടനെ-അഞ്ചാംവയസ്സിൽ, ആറാംവയസ്സിൽ അതുമല്ലേങ്കിൽ എട്ടാംവയസ്സിലൊക്കെ ഉപനയനം കഴിയും. അതുകഴിഞ്ഞാൽ ആദ്യം പഠിപ്പിക്കേണ്ടത് മാണ്ഡൂക്യം ആണെന്നാണ് പ്രാചീന ആചാര്യന്മാരുടെ അഭിപ്രായം. മാണ്ഡൂക്യത്തിന്റെ വിളനിലത്തിൽ നിന്നും ജീവിക്കാൻ പഠിച്ചാൽ, ജീവിതത്തിലൊരിക്കലും പ്രശ്നങ്ങൾ ഉണ്ടാവില്ലെന്ന് ആചാര്യന്മാർ.
…
…
ശാസ്ത്രസത്യത്തെ തിരിച്ചറിയുന്നതിനുവേണ്ടി, തന്നിലേക്കു തിരിച്ചുപോയ; താനെന്താണെന്ന് അന്വേഷിച്ച ഒരു ജീവൻ, തന്നെ കണ്ടെത്തിക്കഴിയുന്നതോടെ നിർഭയനായിത്തീരുന്നു. `അഭയം സോ വൈ ബ്രഹ്മ`. അങ്ങനെ നിർഭയനായിത്തീർന്ന ജീവൻ, താനാസത്യത്തെ- മറ്റൊരാളുടെ ക്ളേശങ്ങളോ ബുദ്ധിമുട്ടുകളോ അവരുടെ മാനസിക ഭാവങ്ങളോ നോക്കാതെ, ഉറക്കെ പറയുന്നുവെന്നതിന്റെ ഭാവവും മാണ്ഡൂക്യശബ്ദം വെളിവാക്കുന്നുവെന്ന് ചില ആചാര്യന്മാർ പറയാറുണ്ട്.
…
…
ശാന്തിപാഠങ്ങൾ ഉപനിഷത്തിലെ ആശയത്തെ വളരെ അവക്രവും ലളിതവുമായി നമുക്കു തരുന്നു- ഉപനിഷത്തിൽ എന്താണോ പറയാൻപോകുന്നത്, അതുനമുക്ക് ഈ ശാന്തിപാഠത്തിലൂടെ ലഭിക്കും.
ശാന്തിപാഠം ചൊല്ലിപ്പഠിക്കണം. ചൊല്ലുന്നതിനുമുമ്പ് അൽപം നിശ്ശബ്ദതയിലേക്കു വഴുതിവീഴുന്നുവെന്ന് സങ്കൽപ്പിക്കണം. അങ്ങനെകിട്ടുന്ന നിശ്ശബ്ദതയിൽ, നിങ്ങളിൽ എന്ത് ഉരുത്തിരിഞ്ഞു വരുന്നുവെന്ന് ശ്രദ്ധിക്കുക. അപ്പോഴാണ് ഉപനിഷത്പഠനം തന്നെ ഉണ്ടാകുന്നത്.
ശ്രവണം നല്ലതാണ്. അദൃഷ്ടപ്രതിബന്ധനാശകമാണു ശ്രവണം. അദൃഷ്ടങ്ങളായുള്ളതെല്ലാം ശ്രവണം കൊണ്ടുമാറിക്കിട്ടും. എന്നാൽ, മനനവും നിദിദ്ധ്യാസനവും ചെയ്യാൻ കഴിയണമെങ്കിൽ അദൃഷ്ടത്തെ അറിയണം. അദൃഷ്ടമെന്നുപറഞ്ഞാൽ, പൂർവ്വ വാസനയാൽ നാം സമ്പാദിച്ചുവെച്ചിട്ടുള്ള; വാസനാജന്യങ്ങളായ അനവധി കാര്യങ്ങളാണ്-നമ്മുടെ അറിവും സമ്മതവുമില്ലാതെ പുറത്തേക്കു ചാടിവരുന്നത്. അതാണു നമ്മുടെ ജീവിതത്തെ നശിപ്പിക്കുന്നത്. അതിനുത്തരവാദികൾ നാം മാത്രമാണ്. അവിടെ, ഈശ്വരൻ നിമിത്തകാരണമോ ഉപാദാനകാരണമോ അല്ല. മാണ്ഡൂക്യം ഉറപ്പിച്ചുപറയാൻ പോകുന്നതും ഇതാണ്.
നമുക്ക് അജ്ഞാതമായ, നാം ഇന്നലെയും മിനിഞ്ഞാന്നുമായി രൂപപ്പെടുത്തിവെച്ചിട്ടുള്ള ആ ബീജങ്ങളെങ്ങനെയാണ് നമ്മുടെ ബോധത്തിലേക്കു കൊണ്ടുവരിക. അതിപ്പോഴൊരു അബോധത്തിലാണ്. അബോധത്തെക്കുറിച്ചുള്ള ദർശനം ഫ്രോയിഡിന്റേതാണ്. ഫ്രോയിഡിന്റെ സൈക്കോ പാഥോളജി ഓഫ് എവരി ഡേ ലൈഫ് എന്ന ഗ്രന്ഥത്തിൽ, വാക്കുകളുടെ പിശക്, ബാലസ്മൃതി എന്നിവയെപ്പറ്റിപറയുമ്പോഴാണ് അതേപ്പറ്റി പറയുന്നത്. പതിനെട്ടാം നൂറ്റാണ്ടിന്റെ ഉത്തരാർദ്ധത്തിൽ, ആയിരത്തിയെണ്ണൂറ്റിയമ്പതിനടുത്ത് രൂപപ്പെടുത്തിയ പാശ്ചാത്യമന:ശാസ്ത്രത്തിലാണ്, ആദ്യമായി സ്വപ്നവും നിദ്രയുമൊക്കെ പഠനവിഷയമായത്. എന്നാൽ, അയ്യായിരത്തിൽപ്പരം സംവത്സരങ്ങൾക്കുമുമ്പ്-ക്രിസ്തുവിനു ആയിരം കൊല്ലമ്മുമ്പ് എന്നു ചൂണ്ടിക്കാണിക്കാൻ കഴിയുന്ന മാണ്ഡൂക്യത്തിൽ ഈ അബോധത്തെക്കുറിച്ചുള്ള ഗംഭീര പഠനങ്ങൾ കാണാം. ഇതുവെച്ചുകൊണ്ടാണ്, കാൾ ഗുസ്താവ് യങ്ങ് തന്റെ ഇന്ത്യൻ പര്യടനം കഴിഞ്ഞ് പറഞ്ഞത്-അബോധത്തെപ്പറ്റി നിങ്ങൾക്ക് കൂടുതൽ പഠനം ആവശ്യമാണെങ്കിൽ, ഭാരതീയ ചിന്തകളിലേക്ക് തിരിയണമെന്ന്. തന്റെ ഇന്ത്യൻ പര്യടനം കഴിഞ്ഞ് യങ്ങ് മടങ്ങിയത് കൊണാർക്ക് ക്ഷേത്രം കണ്ടതിനു ശേഷമാണ്. അതുകണ്ടതോടുകൂടിയാണ് അദ്ദേഹത്തിനു തന്റെ പഠനം മതിയാക്കാൻ തോന്നിയത്. ഇന്ത്യൻ ക്ഷേത്ര സിംബലുകളെക്കുറിച്ചെല്ലാം പഠനം നടത്തിയിരുന്ന യങ്ങ്; കുട്ടിയായിരുന്ന കാലത്തുതന്നെ `എപ്പിലപ്പറ്റിക്` ആയിരുന്ന യങ്ങ്, തന്റെ സജഷൻ തെറാപ്പി കൊണ്ട്-സ്വന്തം സജഷൻ കൊണ്ടുതന്നെ, തന്റെ രോഗം മാറുന്നതായി കണ്ടു. യങ്ങിനെയത് മന:ശാസ്ത്രത്തിലേക്കു നയിക്കുകയും, ലോകം മുഴുവൻ സഞ്ചരിച്ച് സങ്കൽപങ്ങൾ ശേഖരിക്കുകയും ചെയ്ത യങ്ങിന്, അവസാനം അങ്ങനെ പറയേണ്ടിവന്നു.
ഭാരതത്തിന്റെ എല്ലാ ഉപനിഷത്തുകളും ഈ അൺകോൺഷ്യസിനെ- അബോധത്തെക്കുറിച്ചുള്ള അന്വേഷണത്തിലാണ്. യാജ്ഞവൽക്യന്റെയും ഗാർഗ്ഗിയുടെയുമൊക്കെ ചിന്തകളും പഠനങ്ങളും നമ്മെ നയിക്കുന്നത് അങ്ങോട്ടാണ്. ആ നിലയിൽ, അബോധത്തിൽ മറഞ്ഞുകിടക്കുന്ന അദൃഷ്ടങ്ങളെ മാറ്റുവാൻ ശ്രവണം സഹായിക്കുമെന്ന് യങ്ങ്, യങ്ങിന്റെ തന്നെ അനുഭവത്തിൽ നിന്ന്- തന്റെ രോഗം മാറിയതിൽനിന്ന് ചൂണ്ടിക്കാണിച്ചു. അതുകൊണ്ട്, അദൃഷ്ടപ്രതിബന്ധനാശകമാണ് ശ്രവണം.
…
…
മനുഷ്യനു ജീവിക്കാൻ വേണ്ടത്ര, ഈ ഭൂമിയിലുണ്ട്. അവന്റെ അത്യാഗ്രഹത്തിനു വേണ്ടത്ര ഈ ഭൂമിയിലില്ലതാനും. ഇനിയുമൊരു ദശലക്ഷം ജനസംഖ്യ ഉണ്ടായാൽകൂടി, സുഭിക്ഷമായി കഴിയാൻ പ്രകൃതിയിവിടെ കനിഞ്ഞുതന്നിട്ടുണ്ട്. പക്ഷേ, ഇന്നത്തെ നമുക്ക് തികയാതെ പോകുന്നതു കൾട്ടിവേറ്റുചെയ്തു ഉൽപ്പാദിപ്പിച്ച നമ്മുടെ ആഗ്രഹങ്ങളെ – Cultivated Desires-നെ പൂർത്തീകരിക്കാൻ കഴിയാതെ പോകുമ്പോഴാണ്. അല്ലാത്തതിനൊക്കെ; വിശപ്പിനും ദാഹത്തിനുമെല്ലാം നമുക്ക് വേണ്ടത്രയുണ്ട്. പക്ഷെ നമുക്ക്, നാം തന്നെ ഉൽപ്പാദിപ്പിച്ച, വാസനാജന്യമായ ഏറെ ആഗ്രഹങ്ങളുണ്ട്. അവയെ പൂർത്തീകരിക്കാൻ വസ്തുക്കൾ ഇവിടെ പോരാ. മൂന്നുശാന്തിക്കും ഈഷൽഭേദത്തിലാണ് അർത്ഥമുള്ളത്- ആധിദൈവികം, ആധിഭൗതികം, ആധ്യാത്മികവുമായ ദു:ഖങ്ങൾ. ഇതേക്കുറിച്ച്, `ഋതം വദിഷ്യാമി സത്യം വദിഷ്യാമി` എന്നതിന്, ഋതം സമംസത്യമെന്നത് മലയാളത്തിൽ അദ്ധ്യാപകർ പറഞ്ഞുതരും. സത്യംപറയണം സത്യംപറയണമെന്ന് രണ്ടുപ്രാവശ്യം പറഞ്ഞിരിക്കുന്നതു കൊണ്ട്, സത്യമേ പറയാവൂ എന്നുറപ്പിക്കാൻ വേണ്ടി Emphasis-നു വേണ്ടി പറഞ്ഞിരിക്കുകയാണെന്ന് ചില വ്യാഖ്യാതാക്കളുടെ അഭിപ്രായം. ഋതവും സത്യവും രണ്ടാണ്. കഴിഞ്ഞതൊക്കെ ഋതമെന്ന വിഭാഗത്തിൽപ്പെടുന്ന സത്യമാണ്. നടന്നുകൊണ്ടിരിക്കുന്നതൊക്കെ സത്യമെന്ന വിഭാഗത്തിൽപ്പെടുന്ന സത്യവുമാണ്. ഇവിടെയൊക്കെ പദത്തിന് അൽപം വ്യത്യാസമുണ്ട്. സുഖവും ആനന്ദവും തമ്മിലുള്ള വ്യത്യാസം പോലെ- രണ്ടും തമ്മിലുള്ള ഭാവങ്ങൾ രണ്ടാണ്. ഈ പദങ്ങൾക്കുള്ള വ്യത്യാസംപോലെ ഈഷൽഭേദം പര്യായ ശബ്ദങ്ങൾക്കെല്ലാമുണ്ട്.
പാശ്ചാത്യ പണ്ഡിതന്മാർ ഇതു മനസ്സിലാക്കാതെയാണ് Emphasis എന്നു ധരിച്ചുവശായത്. ഇവരുടെ പഠനത്തെ ആധുനിക വക്താക്കളും അങ്ങനെതന്നെയാണ് പറയുന്നത്. കാരണം, ഉപനിഷത് ഉൾക്കൊണ്ടുകൊണ്ട് ആധുനിക കാലത്ത് കവിതയെഴുതി നോബൽ സമ്മാനം വാങ്ങിച്ച ടി.എസ്. എലിയട്ടിനെപോലുള്ള കവികൾ ഈ ചിന്തതന്നെ ആവർത്തിച്ചിട്ടുണ്ട്. `Om peace, peace, peace!` എന്നു പറഞ്ഞാണ് അദ്ദേഹത്തിന്റെ `What the Thunder Said` ന്നെ കവിത അവസാനിക്കുന്നത്. അവിടെ പറയുന്ന പീസും ഇവിടെ പറയുന്ന ശാന്തിയും തമ്മിൽപോലും അർത്ഥ്യവ്യത്യാസങ്ങളുണ്ട്. `Pax` ന്നെ പദത്തിൽ നിന്നാണ് Peaceന്നെ പദമുണ്ടായത്. Peace സമാധാനമെന്ന അർത്ഥത്തിൽ പ്രയോഗിക്കുന്നുണ്ടെങ്കിലും, ഒരു കരാറിന്റെ ഭാവം ഉൾക്കൊള്ളുന്നതാണ്. ശാന്തിയാകട്ടെ, അതല്ലതാനും. ഭാഷാന്തരം വരുമ്പോൾ പദങ്ങളുടെയൊക്കെ ഉദ്ദേശിക്കുന്ന അർത്ഥം, മാറുന്നതുകൊണ്ടുകൂടിയാണ്. വ്യാഖ്യാനങ്ങളും മാറിപ്പോകുന്നത്.
Namsthe
this blog is really really great thank you for great effort