[ Full Text - Source: November 2011 issue ]
ഇന്ദ്രിയങ്ങളെ തൃപ്തമാക്കുവാൻ മനുഷ്യന് കഴിയും; മനസ്സിനെ തൃപ്ത മാക്കുവാൻ മനുഷ്യന് കഴിയും. എന്നാൽ ഇന്ദ്രിയങ്ങളുടെയും മനസ്സിന്റെയും തലങ്ങളിൽ വിരാചിക്കുന്ന മനുഷ്യന് തൃപ്തിയുണ്ടാവുകയുമില്ല. ഇന്ദ്രിയ ങ്ങളെ തൃപ്തരാക്കാനാവില്ലെന്നുപറഞ്ഞ് വിഷങ്ങളെ വലിച്ചെറിഞ്ഞാൽ ഏ തൊരാൾക്കും ഭ്രാന്തുപിടിക്കും. അതുകൊണ്ട് ഇന്ദ്രിയങ്ങളെ വിഷയങ്ങളിൽ നിന്ന് പിടിച്ചൊതുക്കിനിർത്താൻ ശ്രമിച്ചാൽ, നില്ക്കുന്നവയല്ല ഇന്ദ്രിയങ്ങളെ ന്ന് അറിയണം. അങ്ങനെ ശ്രമിച്ചാൽ പ്രാകൃതികങ്ങളായ വികാരങ്ങളിൽ നിന്ന് അപ്രാകൃതികങ്ങളായ വികാരങ്ങളിലേക്ക് അവൻ വളരും- ഈ നൂറ്റാ ണ്ട്, ഇത്തരം വികാരങ്ങളുടെ നൂറ്റാണ്ടാണ്. പ്രകൃത്യായുള്ള കാമനകളെ ശാന്തമാക്കാൻ പ്രകൃതിതന്നെ തന്നിൽ സർജ്ജനംചെയ്യും. പ്രകൃതി സർ ജ്ജനംചെയ്യുന്ന വികാരങ്ങൾക്ക് ശമനമുണ്ടാക്കാൻ പ്രകൃത്യേതരങ്ങളായ പദ്ധതികൾ ഉണ്ടാക്കിയാൽ അനുഭവങ്ങൾ അപകടകരങ്ങളും അസാന്മാർ ഗ്ഗികങ്ങളും ദുഃഖപൂർണ്ണവുമായിത്തീരും.
ഓരോ ഇന്ദ്രിയത്തെയും ശാന്തമാ ക്കാൻ അജ്ഞാനത്തിന്റെ തലങ്ങളിൽ- പ്രകൃതിയുടെതന്നെ ഒരജ്ഞാനം സ്വീകരിക്കുകയും അജ്ഞാനിയായിത്തന്നെയിരുന്ന് അത് അനുഭവിക്കുക യും ചെയ്യുക; അജ്ഞാനത്താലുണ്ടാകുന്ന വികാരം തന്റെ അകത്ത് ശക്ത മായി നില്ക്കുമ്പോൾ, പുറത്ത് വിജ്ഞാനിയുടെ തലങ്ങൾ നിലനിർത്താൻ ശ്രമിക്കുകയുമരുത്. അതുകൊണ്ട് വിവാഹം കഴിക്കുക; കുട്ടികളുണ്ടാകുക- ആഹാരം കഴിക്കുക, ഇണചേരുക എന്നതൊക്കെ പ്രകൃത്യാപറഞ്ഞിരിക്കു ന്ന മര്യാദകളിൽ ചെയ്തുതീർക്കുക. ഇതെക്കെ മോശമാണെന്നുഭാവിച്ച്, ഇതിനോടൊക്കെ നിഷേധംഭാവിച്ച്- അതിന്റെ മൂർദ്ധന്യഘട്ടത്തിൽ, അതൊ ക്കെ സ്വീകരിക്കുമ്പോഴുണ്ടാകുന്ന പ്രശ്നങ്ങൾ അപകടകരങ്ങളാണ്. ശബ്ദ വും സ്പർശവും രൂപവും രസവും ഗന്ധവും ഏകത്ര, ഏതൊരിന്ദ്രിയത്തിന്റെ ആനന്ദത്തിൽ സദാവർത്തിക്കുന്നുവോ ആ ഇന്ദ്രിയത്തിന്റെ സുഖമുൾപ്പെടെ അനുഭവിക്കുക. അതുകൊണ്ട് അറിയണം, അത്രയും സത്യസന്ധത പുലർ ത്താനാകാത്ത ആത്മവിജ്ഞാനം അപകടമാണെന്ന്.
പ്രകൃത്യേതരങ്ങളായ എല്ലാ മാർഗ്ഗങ്ങളും അതൃപ്തിയുടെ മാർഗ്ഗങ്ങ ളാണ്. അതുകൊണ്ട് വിഷയലോകത്തെമുഴുവൻ ശരിക്കറിഞ്ഞ് ഇന്ദ്രിയങ്ങ ളെ പിൻവലിക്കുക. അല്ലാതെ ഇന്ദ്രിയങ്ങളിൽ സുഖമില്ലെന്നുപറഞ്ഞ് ഇന്ദ്രി യങ്ങളെയൊന്നും പിടിച്ചുനിർത്തരുത്. അതുകൊണ്ടാണ് പറഞ്ഞത്, ഇന്ദ്രിയ ങ്ങൾക്ക് വിഷയമായ തലത്തിൽവരുന്ന ഈശ്വരചിന്തയിൽ, ഏതുമതമെടു ത്താലും ഏതുജാതിയെടുത്താലും ഏതുവർഗ്ഗമെടുത്താലും ഏതുവർണ്ണമെ ടുത്താലും ഏതുദേശമെടുത്താലും വിഷയങ്ങളാണ് ഈശ്വരൻ. അതുകൊ ണ്ടാണ് ഈ ജഗത്തുതന്നെ ഈശ്വരനാണെന്ന് ഭാരതീയ ദർശനം പഠിപ്പിക്കു ന്നത്.
ചിന്തയെ സ്ഥൂലസൂക്ഷ്മകാരണദേഹങ്ങളിൽ അതായത് ഇന്ദ്രിയപരി പ്രേക്ഷ്യത്തിൽ; മനസ്സിന്റെ തലങ്ങളിൽ; ബുദ്ധിയുടെ തലങ്ങളിലൊക്കെ നാം അപഗ്രഥിക്കുകയും അതിനപ്പുറം നിലകൊള്ളുന്നതുമാണ് പരമവും കേവലവുമായ സത്തയെന്ന ഈശ്വരനെന്ന് അറിയണം. ആ മൂന്നുതലങ്ങ ളിലും- ശാരീരികങ്ങളും വാചികങ്ങളും മാനസികങ്ങളുമായ കർമ്മങ്ങൾ ഉളവാകുമെന്നും അവ അപരിമേയനും ആനന്ദസ്വരൂപനും പരിപൂർണ്ണനും പരിശുദ്ധനുമായ തന്റെ മേലുള്ള അഴുക്കാണെന്നും താൻ തിരിച്ചറിയണം. അത് കഴുകിക്കളയാതെ തന്റെ മനോവാക്കാകുന്ന, കർമ്മങ്ങളാകുന്ന ശരീ രങ്ങൾ ശുദ്ധമാകുകയില്ലെന്നും തിരിച്ചറിയണം. അതുകൊണ്ട് കർമ്മങ്ങൾ മോക്ഷത്തിന് ആവിർഭവിച്ചവയെല്ലാം ചെയ്തുതീർക്കേണ്ടത് അനിവാര്യ മാണ്.
ഈ പ്രാപഞ്ചികവിഷയങ്ങളൊക്കെ ഉണ്ടായി മറയുന്നതാണ്- ഇതൊ ക്കെയും ഈശ്വരനാണ്. പക്ഷേ ഇതൊക്കെ ആപേക്ഷികമാണ്. ഇതൊക്കെ ഈശ്വരനാണെന്ന് വിശ്വസിച്ച് ആരാധിക്കുന്നതിലും സനാതനധർമ്മത്തിന് എതിർപ്പുമില്ല. ആരാധനയിൽ നാല് ഭാവങ്ങളുണ്ട്- കലിയുഗാരാധന, ദ്വാപര യുഗാരാധന, ത്രേതായുഗാരാധന, കൃതായുഗാരാധന. മനസ്സിന്റെ നാല് യുഗ കല്പനകളാണിത്. അവന്റെ ഇന്ദ്രിയപരിപ്രേക്ഷ്യഭൂമികയിൽ ഉണ്ടായി മറ യുന്ന ദൈവങ്ങളെ അവൻ കാണും. അവരുടെ നിർദ്ദേശങ്ങൾ നേരിട്ടോ അ ല്ലാതെയോ അതീന്ദ്രിയമായോ അവൻ കേട്ടുപ്രവർത്തിക്കും. അതല്ലാതെ മ റ്റൊരു പ്രവർത്തനം അവനില്ല. അവന്റെ മനസ്സ് അടുത്ത ഭൂമികയിലേക്ക് പ്രവേശിച്ചുവെങ്കിൽ- അതും ഈശ്വരസങ്കല്പം തന്നെയാണ്. അതിനെ ആരാധിച്ച് അവിടെ നില്ക്കണം. അപ്പോൾ ഈശ്വരസങ്കല്പത്തിന് വീണ്ടും മാറ്റംവരും. പിന്നെയും വികസിക്കുമ്പോൾ പിന്നെയവന് ഈശ്വരനേ വേ ണ്ടെന്നാകും. അപ്പോൾ ധർമ്മം നല്ലതുപോലെ തെളിഞ്ഞതിലൂടെ അവന് സഞ്ചരിക്കാം. അവസാനം ഈശ്വരസ്വരൂപം തന്റെ അന്തർഗതം തന്നെയാ ണെന്ന് തിരിച്ചറിഞ്ഞ് ആത്മാവിൽ ആത്മനാതുഷ്ടനായിത്തീരും. ഭാരതീയ ദർശനങ്ങളിൽ ഈശ്വരനെ തേടുമ്പോൾ ഈയൊരു സത്യമറിഞ്ഞ് ഓരോ തലങ്ങളെയും അപഗ്രഥിച്ച് പഠിക്കണം.
സത്യത്തിലെത്താൻ കർമ്മങ്ങളുടെ ലോകങ്ങളൊന്നും ബാധകമല്ല. അതൊക്കെ നിങ്ങൾക്ക് കിട്ടിയതാണ്. വിധിയാംവണ്ണം ചെയ്തുതീർക്കണം- അവ എന്തെന്നും എങ്ങനെയുമെന്നുള്ളത് നിങ്ങളുടെ പൂർവ്വജന്മാന്തരങ്ങൾ തീരുമാനിച്ചവയാണ്. ആ തലത്തിൽ ഓരോ കർമ്മവും ഒന്ന് മറ്റൊന്നിനേ ക്കാൾ മെച്ചമോ മോശമോ അല്ല- കർമ്മങ്ങളെല്ലാം അജ്ഞാനാവൃതമാണെ ന്ന് അറിഞ്ഞ് അവയെ ചെയ്തുതീർക്കാനാണ് പഠിക്കേണ്ടത്. ജ്ഞാനമെല്ലാം അജ്ഞാനത്താൽ ആവൃതമാണ്. അതുകൊണ്ടാണ് കർമ്മങ്ങൾ ഉണ്ടാകുന്ന ത്. അവ പൂർവ്വനിശ്ചയങ്ങളായി വികസിച്ചതാണെങ്കിൽ ജ്ഞാനമുണ്ടായാലും കുറച്ചുകൂടി മുന്നോട്ടുപോകും- അത് ചെയ്യുകയും വേണം. അങ്ങനെയാണെ ങ്കിൽ താനത് ചെയ്യുന്നുവെന്നും താനത് ചെയ്യിക്കുന്നുവെന്നുമുള്ള അഭിമാന വും താനത് അനുഭവിക്കുന്നുവെന്ന ഭോക്തൃത്വവും ഉണ്ടാകില്ലെന്നുമാത്രം.
ഈശ്വരഭാവങ്ങളെക്കുറിച്ചുള്ള അന്വേഷണത്തിൽ ഒരു വ്യക്തിയുടെ നില പാടെടുത്താൽ ഇങ്ങനെ അയാൾ ബഹുദൈവാരാധകനാണെന്ന് കാണാം. ഒരേയൊരു ഈശ്വരനാമത്തിൽ തന്നെയാണ് ജീവിതകാലംമുഴുവൻ ഒരാൾ പൂജിക്കുന്നുവെന്നതുകൊണ്ട് മാത്രമയാൾ ഏകദൈവാരാധകനാകുന്നില്ലെന്ന് അർത്ഥം. രണ്ട്, വ്യക്തി വിഷയലോകങ്ങളിൽ ഭ്രമിക്കുമ്പോൾ ഒരേസമയം ഈശ്വരവിശ്വാസിയും അവിശ്വാസിയുമാണ്- എന്നാൽ ഇതിനപ്പുറംമാത്രമേ ഈശ്വരചിന്തയ്ക്കുപോലും പ്രസക്തിയുള്ളു. ഒരാൾ ഒന്നാഗ്രഹിക്കുന്നു. ആഗ്രഹിച്ചത് നടപ്പാകുമ്പോൾ അയാളെ സംബന്ധിച്ച് ഈശ്വരൻ നീതിബോ ധമുള്ളവനും സർവ്വജ്ഞനും സമ്മതനുമാകുന്നു. തന്റെ ഒരാഗ്രഹത്തെ മുൻ നിർത്തിയാണ് ഈശ്വരന്റെ സർവ്വജ്ഞത്വവും സർവ്വശക്തിരൂപവുമൊക്കെ താനളക്കുന്നത്. താൻ എന്താഗ്രഹിക്കുന്നു, അതെല്ലാം ധർമ്മവും തനിക്ക് വെളിയിലുള്ളവർ ആഗ്രഹിക്കുന്നതെല്ലാം അധർമ്മവുമെന്നതാണ് അറിവില്ലാ ത്തവരുടെ നീതിശാസ്ത്രം. അതുകൊണ്ട് തന്റെ ആഗ്രഹങ്ങൾ സാധിച്ചുത രുന്ന ഈശ്വരൻ ധർമ്മിഷ്ഠനും സർവ്വജ്ഞനുമൊക്കെയാകുന്നു. എല്ലാമത ങ്ങളിലെയും ഈശ്വരന്റെ സർവ്വവ്യാപിത്വവും സർവ്വജ്ഞത്വവും സർവ്വശക്തി ത്വവും അളക്കുന്നത് മതാനുയായിയുടെ ആവശ്യങ്ങളും ആഗ്രഹങ്ങളും നട പ്പാക്കുന്നതിനെ ആസ്പദമാക്കി മാത്രമാകുന്നു. ഇതുതന്നെയാണ് നിങ്ങൾ ഇടപെടുന്ന സകല രംഗവേദികളിലുമുള്ള നിങ്ങളുടെ നീതിശാസ്ത്രം- നിങ്ങ ളൊരു ഓഫീസിലെത്തി. ചെന്നപ്പോൾ ഓഫീസർ നിങ്ങൾക്ക് ഇരിക്കാനൊരു കസേര തന്നു. അർഹതയുള്ളവരെ മാറ്റിനിർത്തി അർഹതയില്ലാത്ത നിങ്ങൾ ക്ക് ഒരു കാര്യം സാധിച്ചുതരികയും ചെയ്താൽ നിങ്ങൾക്ക് ആ ഓഫീസർ ധർമ്മിഷ്ഠനും നീതിമാനും നല്ലവനുമാണ്. നിങ്ങളെ അയാളിങ്ങനെ പരിഗണി ച്ചില്ലെങ്കിലോ, അയാൾ കൊള്ളരുതാത്തവനുമാണ്. ലോകം കൊട്ടിഘോഷി ക്കുന്ന ഉത്തമന്മാരുടെ ചരിത്രങ്ങൾ ഇത്തരത്തിലുള്ളതായതുകൊണ്ട് ഈശ്വ രനെക്കുറിച്ചുള്ള ലോകരുടെ ചിന്തയും ഇങ്ങനെ തന്നെയാണ്.
മാനവന്റെ ഈശ്വരവിശ്വാസം അവന്റെ ലഭ്യതയുടെ അടിസ്ഥാനത്തിലാ യതുകൊണ്ട് അലഭ്യതയിൽ അവൻ നിരീശ്വരവാദിയാകുന്നു. അഥവാ എല്ലാ മനുഷ്യനും അവന്റെ അജ്ഞാനത്തിന്റെ ഒരു തലത്തിൽ ഈശ്വരവിശ്വാസി യും മറ്റൊരു തലത്തിൽ നിരീശ്വരവാദിയുമാണ്- പൊയ്ക്കാലിൽ നടക്കുന്നവ ൻ കാലില്ലാത്തവനെ പരിഹസിക്കുന്നതുപോലെ. ഇതുപോലെയാണ് ഈശ്വ രനെക്കുറിച്ചുള്ള ആധുനിക ചിന്തയും. ഇങ്ങനെ വളരുന്നതുകൊണ്ട് ഈശ്വ രവിശ്വാസവും മതവും വളരുന്നുവെന്ന് കച്ചവടം കൊഴുക്കുന്നതുകണ്ട് അ വരുടെ നേതാക്കൾ വിശ്വസിക്കുന്നു. അവിടെ വിശ്വാസികളുടെ എണ്ണം കൂ ടുന്നതിനനുസരിച്ച് കച്ചവടം കൊഴുക്കുകയാണ്. ഇതൊന്നും ഒരിക്കലും തിരുത്താനാവില്ല- അറിവിന്റെ കുറവുകൊണ്ടാണിങ്ങനെ സംഭവിക്കുന്നത്. അറിവില്ലായ്മതന്നെ അറിവായി രൂപാന്തരപ്പെട്ട് അറിവില്ലായ്മയായിരിക്കുന്നു; കടുത്ത അറിവില്ലായ്മ. ഒരാൾ സത്യം പറയുന്നതും മറ്റൊരാൾ കള്ളം പറയുന്നതും മനസ്സിലാക്കാം. കള്ളത്തെ സത്യമാക്കി വ്യാഖ്യാനിച്ചുപറയുന്ന ത് മനസ്സിലാക്കാനും തിരുത്താനും കഴിയില്ല. ആത്മലോകത്ത് ഇതുവളരെ പ്രധാനപ്പെട്ടതാണ്. സത്യധർമ്മാനുഷ്ഠാനങ്ങളിൽ എത്തിപ്പിടിക്കാൻ വിശ്വാ സത്തിന്റെ തലങ്ങളിൽ വളരെ പ്രധാനപ്പെട്ടതാണ്.
വിദ്യാഭ്യാസമില്ലാത്തതെന്നുപറയുന്ന കാലങ്ങളിലെ ശാസ്ത്രീയമായ മതബോധനത്തെ അശാസ്ത്രീയമാക്കി; അന്ധവിശ്വാസമാക്കി വളർത്തിയെ ടുത്തിരിക്കുന്നു. ഇത്തരമൊരു പശ്ചാത്തലത്തിലാണ് നാം ഇവിടെ ഈശ്വരാ ന്വേഷണം നടത്തുന്നത്. ഇതൊക്കെ നമ്മുടെ ഇന്ദ്രിയതലങ്ങളിൽ രൂപാന്തര പ്പെട്ടുനില്ക്കുമ്പോൾ ഇതിനപ്പുറത്തേക്ക് നമുക്കെങ്ങനെ കടന്നുപോകാനാ കും? ഇന്നത്തെ മതങ്ങൾതരുന്ന ഈശ്വരചിന്തകളെ എങ്ങനെ നോക്കിക്കാ ണും? ഒരു സമൂഹമെന്നനിലയിൽ വ്യത്യസ്തങ്ങളായ അജ്ഞാനതലങ്ങളും പൂർവ്വപൂർവ്വ കർമ്മങ്ങളും കിടക്കുമ്പോൾ- ഒരുവന്റെ മനസ്സിന് ഇണങ്ങും വിധമാണ് അവൻ ചെയ്യുന്ന കർമ്മവും അവൻ പഠിക്കുന്ന സിദ്ധാന്തവുമൊ ക്കെ രൂപാന്തരപ്പെടുന്നതെങ്കിൽ എങ്ങിനെയാണ് ആദ്ധ്യാത്മികപഠനത്തിലൂ ടെ എല്ലാവർക്കും സമ്മതമായ ഈശ്വരനെ കാണിച്ചുകൊടുക്കാനും മത മുണ്ടാക്കുവാനും സാധിക്കുക? ലോകത്തെന്നെങ്കിലും എവിടെയെങ്കിലും അ ത് സാധ്യമാണോ? സാധ്യമല്ലെന്നുതന്നെ ഉത്തരം. അങ്ങിനെയെങ്കിൽ, ലോക ത്ത് എത്ര മനുഷ്യരുണ്ടോ അത്രയും ഈശ്വരന്മാർ അജ്ഞാനാവൃതമായ കർമ്മരംഗത്തുണ്ടാവുകയും ചെയ്യും.
ഒരു വ്യക്തിക്ക് അവന്റെ ജീവിതത്തിന്റെ വിവിധതലങ്ങളിൽ എത്രയെത്ര ഭാവങ്ങളുണ്ടോ, അത്രയും ഭാവതലങ്ങളുടെ ഈശ്വരചിന്തകൾ അവനുണ്ടാ കും. കോടിക്കണക്കിനുള്ള വ്യക്തികൾ ഭൂമിയിലുള്ളപ്പോൾ- ഒരു വ്യക്തിയു ടെ എത്രഭാവങ്ങളുണ്ടോ അതിന്റെ അത്രയും ഗുണിതങ്ങളിലുള്ള കോടാനു കോടി ഈശ്വര ചിന്തകളുമുണ്ടാകും. അപ്പോൾ വെള്ളംതളിച്ചും കൂടെച്ചേർ ത്തും നൂലുജപിച്ചും ചരടുകെട്ടിയും പൊട്ടുതൊടുവിച്ചുമൊക്കെ ഒരേയൊരു ഈശ്വരചിന്തയിലെത്തിക്കാൻ പറ്റുമോ? ജനനം, ആചാരം, കർമ്മം ഇവകൊ ണ്ടൊക്കെ ഞങ്ങളൊരേ മതത്തിലാണെന്നും ഒരേ വിശ്വാസപ്രമാണത്തിലാ ണെന്നും പരസ്പരം നിങ്ങൾ പരിചയപ്പെടുത്തുന്നതിന്റെ അർത്ഥശൂന്യത സ്പഷ്ടമല്ലേ? അതുകൊണ്ട് അറിയണം, ഒരു മതത്തിന് അകത്തുതന്നെയു ള്ള അനുയായികളിൽ ആയിരമായിരം ഭാവതലങ്ങളുണ്ടെങ്കിൽ ആയിരമാ യിരം ഈശ്വരന്മാരുടെ ഭിന്നഭിന്ന ആരാധനാസമ്പ്രദായങ്ങൾ നിലനില്ക്കുന്നു ണ്ടെന്ന്- ഈ സത്യം സമ്മതിച്ചുതരുന്നതാണ് ഭാരതീയ ഈശ്വരസങ്കല്പം. അപ്പോൾ, നിന്റെ ഈശ്വരസങ്കല്പം ശരിയല്ലെന്നും എന്റേതുമാത്രമാണ് ശരിയെന്നും ആരെങ്കിലും പഠിപ്പിക്കുന്നുവെങ്കിൽ അത് സനാതനധർമ്മമല്ല.
മാംസചക്ഷുസ്സുകൊണ്ട് ഈശ്വരനെ കാണാമോ എന്നുചോദിച്ചാൽ കാണാമെന്ന് ഭാരതീയ ദർശനം പറയും. ദുർജീവിതം നയിക്കുന്ന ദുഷ്ടന്മാർ ക്ക് ഈശ്വരനെ കാണാമോയെന്ന് ചോദിച്ചാലും കാണാമെന്ന് പറയും. അതു കൊണ്ട് ഈശ്വരനെ കണ്ടുവെന്ന് പറയുന്നതിലൊന്നും വലിയെ കാര്യമില്ലെ ന്നർത്ഥം. ഇന്ദ്രിയങ്ങൾ കണ്ടതും കാണാത്തതും ചേർത്തുവെച്ച് ഇന്ദ്രിയങ്ങ ളെ അതിജീവിക്കുന്നൊരു മനസ്സുണ്ടെങ്കിൽ ഈശ്വരനെ കണ്ടുവെന്ന് ആർക്കും പറയാം. കണ്ടത് കാണും. കേട്ടത് കേൾക്കും അനുഭവിച്ചത് അനു ഭവിക്കും. കണ്ടതും കാണാത്തതും ചേർത്തുവെച്ച് കാണും. കേട്ടതും കേൾ ക്കാത്തതും ചേർത്തുവെച്ച് കേൾക്കും. അനുഭവിച്ചതും അനുഭവിക്കാത്തതും ചേർത്തുവെച്ച് അനുഭവിക്കും- അതാണ് സ്വപ്നപ്രക്രിയ. ഇങ്ങനെയൊരു പ്രക്രിയ ഉള്ളിടത്തോളും ഈശ്വരനെന്ന ഒരു ശബ്ദത്തിൽനിന്ന് അതിന്റെ രൂപഭാവങ്ങൾ ഉൾക്കൊണ്ട്- ഒന്നിനെ കാണുക; അതിനെ തൊടുക; അതുവ ന്ന് തന്നെ കെട്ടിപ്പിടിക്കുക; അത് എനിക്ക് നിർദ്ദേശങ്ങൾ തരിക തുടങ്ങിയ ജീവിതാനുഭവങ്ങളൊക്കെ ഉണ്ടായിയെന്ന് ആരെങ്കിലും പറഞ്ഞാൽ- ഉണ്ടാ കുമെന്നുതന്നെയാണ് സനാതനധർമ്മം പറയുക. ഈശ്വരനെ കണ്ടു എന്നത് മഹത്വമുള്ള കാര്യല്ലെന്നും സനാതനധർമ്മം പറയുന്നുണ്ടെന്ന് മറക്കരുത്. രാവണൻ ഈശ്വരനെ കാണുകയും വിളിച്ചുവരുത്തി വരംവാങ്ങുകയും ചെയ്തതാണ്. എന്നാൽ ഈശ്വരനെ കണ്ടുവെന്നതിന്റെപേരിൽ ആരും രാവ ണനെയും ഹിരണ്യകശിപുവിനെയും ആരാധിക്കുന്നില്ല. എന്നാൽ ഈശ്വര നെകണ്ടുവെന്ന് പറയുന്ന പലരേയും ഇന്ന് ആരാധിച്ചുവരുന്നത് ഈ ദർശനം അറിയാത്തതുകൊണ്ടാണ്.