[ Full Text - Source: June 2012 issue ]
ഒരു സംസ്കാരം പ്രവാഹനിത്യതയുള്ളതാണ്. സംസ്കാരത്തിന്റെ പ്രവാ ഹനിത്യതയിൽ വ്യക്തികൾ, കുടുംബങ്ങൾ, സമുദായങ്ങൾ, ദേശങ്ങൾ, രാ ഷ്ട്രങ്ങൾ ഇവയെല്ലാം കാലത്തിന്റെ അനസ്യൂതമായ ഒഴുക്കിലുമാണ്. അതു കൊണ്ട് സൈദ്ധാന്തികതലത്തിൽ; പൂർവ്വപക്ഷതലത്തിൽ; ഉത്തരപക്ഷതല ത്തിലൊക്കെ ഇവയ്ക്ക് മാറ്റങ്ങളുണ്ടാകാം. `സ്ത്രീത്വം ഭാരതീയ സംസ്കൃ തി`യിൽ എന്ന വിഷയമെടുത്ത് പഠിക്കുമ്പോൾ ഏത് പക്ഷതലത്തിൽനിന്നു പഠിക്കുന്നുവെന്നത് വളരെ സങ്കീർണ്ണമായൊരു പ്രശ്നമാണ്.
പൂർവ്വപക്ഷങ്ങൾ ഉദ്ധരിച്ച ഭാരതീയ സംസ്കൃതി സ്ത്രീത്വത്തെ അല്പം പോലും ബഹുമാനിച്ചിട്ടില്ലെന്ന് സമർത്ഥിക്കുവാൻ ഇന്ന് പലർക്കും കഴിഞ്ഞേ ക്കാം; ഉത്തരപക്ഷതലങ്ങളിൽനിന്ന് അനുകൂലവും പ്രതികൂലവുമായ വാദങ്ങ ളും കണ്ടെത്താൻകഴിഞ്ഞേക്കാം. എന്നാൽ സിദ്ധാന്തപക്ഷമെടുക്കുമ്പോൾ അല്പമാത്രമായേ സ്ത്രീത്വത്തിനെതിരെയുള്ള സംവേദനങ്ങൾ ഭാരതീയ സംസ്കൃതിയിൽ കണ്ടെത്തുവാൻ കഴിയുകയുള്ളു. ഈ മൂന്ന് ദിശകളെയും ഒരുമിച്ചുവെച്ചുകൊണ്ട്, വ്യത്യസ്തകാലങ്ങളിലുണ്ടായ ഭാരതീയ നിയമങ്ങ ളെ അടിസ്ഥാനപ്പെടുത്തി നമുക്ക് സമീപിക്കേണ്ടതുണ്ട്- ഒരളവുവരെ ഈ വിഷയം നിയമത്തിൽ ഉൾപ്പെടുന്നതാണ്.
സ്ത്രീയുടെ നിയമപരമായ സംരക്ഷണം, അതും രണ്ടുവിധത്തിലാണ്. ഒന്ന്, അവശതകൊണ്ട് ലഭിക്കുന്ന സംരക്ഷണം. രണ്ട്, ഔന്നത്യംകൊണ്ട് ലഭിക്കുന്ന സംരക്ഷണം. അവശതകൊണ്ട് ലഭിക്കുന്ന സംരക്ഷണം ഔദാര്യ മാണ്; സമാജത്തിലത് വ്യക്തിയെ അധഃപതിപ്പിക്കുമെന്നത് തീർച്ചയാണ്; അത് മാനസികമായ അടിമത്വത്തിനും ദൗർബല്യത്തിനും ഇടയാക്കും. ത നിക്ക് ലഭിക്കുന്ന ആനുകൂല്യങ്ങൾ മറ്റുള്ളവരുടെ ഔദാര്യംകൊണ്ടാണെന്നു വരുമ്പോൾ ക്ഷീണിതരും നിരാശരുമാകും; ശാരീരികം, മാനസികം, ബൗദ്ധി കം, സാന്മാർഗികം എന്നീനിലകളിലെല്ലാം ഈ ക്ഷീണവും നിരാശയും വ്യാ പിക്കുകയും ചെയ്യും- ഇതൊക്കെ വെച്ചുകൊണ്ടുവേണം ഈ വിഷയത്തി ലൂടെ നമുക്ക് കടന്നുപോകാൻ.
സ്ത്രീത്വത്തിന് മുഖങ്ങളേറെയുണ്ട്- ഇവിടെ സ്ത്രീയെന്ന പൊതുശബ്ദ മാണ് ഉപയോഗിച്ചിരിക്കുന്നത്; സ്ത്രീയെന്നത് ഒരു സാമാന്യശബ്ദമാണ്- വിശേഷശബ്ദമല്ല. സ്ത്രീയെന്നത് അനേകം വിശേഷങ്ങളുടെ സമാഹാര മാണ്. സ്ത്രീ ഭാര്യയാണ്; അമ്മയാണ്; മകളാണ്; സഹോദരിയാണ്- സ്ത്രീ ജീവിതത്തിന്റെ വ്യത്യസ്തമുഖങ്ങളാണിവ. എന്നാൽ ആധുനിക കാലത്തി ൽ സ്ത്രീയും പുരുഷനും സമമാകുന്ന വ്യക്തികൾമാത്രമാണ്.
സാംഖ്യം, യോഗം, മീമാംസ, വേദാന്തം മുതലായവയുടെ തലങ്ങളിലൊ ക്കെ സ്ത്രീയെക്കുറിച്ച് വ്യക്തമായ ധാരണകളുണ്ട്; ഇതിഹാസങ്ങൾ, പുരാ ണങ്ങൾ എന്നിവയ്ക്കും വ്യക്തമായ ധാരണകളുണ്ട്- ഇവയൊക്കെ ഭാരതീയ സംസ്കൃതിയുടെ അംശങ്ങളാണ്. എന്നാൽ ഇവയെല്ലാം കാല്പനികമാണെ ന്നൊരു വാദത്തിലാണ് ആധുനികർ നിൽക്കുന്നത്- ഈ വാദത്തോട് യോജി ച്ചുകൊണ്ടല്ല നാമിവിടെ വിഷയത്തെ സമീപിക്കുന്നത്. എന്നാൽ പുരാണ ങ്ങളും ഇതിഹാസങ്ങളുമൊക്കെ കാല്പനികങ്ങളാണെന്നാണ് പണ്ഡിത വരേണ്യരായ സന്യാസിശ്രേഷ്ഠർവരെ ഇന്ന് പറയുന്നതെന്നകാര്യവും മറ ക്കുന്നുമില്ല. ഈ കാലഘട്ടത്തിൽ, നമ്മുടെ മുന്നിലുള്ള ചരിത്രഗ്രന്ഥങ്ങളും സ്മാരകങ്ങളുമെല്ലാം രൂപപ്പെട്ടത് കാല്പനിക വ്യക്തികളുടേതായിട്ടല്ല കാണ പ്പെടുന്നത്. അതുകൊണ്ട് ഭൂതകാലങ്ങളിൽ ഉണ്ടായ സ്മാരകങ്ങളും ജന്മ സ്ഥലമെന്നതും ഗ്രന്ഥങ്ങളുമൊക്കെ കാല്പനികമാണെന്നുപറയാൻ നമു ക്കാവില്ല. വർത്തമാനകാലത്ത് ജീവിച്ചിരുന്ന സ്ത്രീപുരുഷന്മാർക്ക് ജീവചരി ത്രങ്ങളും സ്മാരകങ്ങളും ഉണ്ടാകുകയും കാലാന്തരത്തിൽ അവരുടെ നന്മക ളുടെ അംശം തെളിഞ്ഞുവരുന്നതിനനുസരിച്ച് അവർക്ക് കാല്പനികഭാവം കൈകൊള്ളുകയും ആ ചരിത്രത്തിൽ ജീവിച്ചിരിക്കുന്നവർ ഓരോ അത്ഭുത ങ്ങൾ എഴുതിച്ചേർക്കുകയും പാടിപ്പുകഴ്ത്തുകയും ചെയ്യും. അതുകൊണ്ട് എല്ലാ ചരിത്രവ്യക്തികൾക്കും ഇങ്ങനെ കാല്പനികഭാവങ്ങൾ വന്നുചേരു മെന്ന് നമുക്ക് സമ്മതിക്കാം. ഈ നിലയിൽ പുരാണങ്ങൾ, ഇതിഹാസങ്ങൾ മുതലായവയിൽ സ്ത്രീത്വത്തെ എങ്ങനെ കാണുന്നുവെന്നത് അന്വേഷി ക്കുന്നതിൽ തെറ്റില്ല- അതുകൊണ്ടുതന്നെ `സ്ത്രീത്വം ഭാരതീയ സംസ്കൃ തി`യിൽ എന്ന വിഷയം വളരെ വിപുലമാണ്.
ജീവിതവും സംസ്കാരവും പ്രവാഹനിത്യതയുള്ളതായതുകൊണ്ടു തന്നെ, ഏത് വിഷയത്തെ സംബന്ധിച്ചും അനുകൂലവും പ്രതികൂലവുമായി അഭിപ്രായങ്ങളുണ്ടാകും; സ്ത്രീത്വത്തെക്കുറിച്ചും ഇങ്ങനെയുണ്ടാകുക സ്വാഭാവികം. സ്ത്രീ അബലയാണ്; സ്ത്രീ ചപലയാണ്; സ്ത്രീ സംരക്ഷിക്ക പ്പെടേണ്ടവളാണ്; മാനവയുദ്ധങ്ങളിൽ ഒട്ടുവളരെയും സ്ത്രീയാണ് എന്നൊ ക്കെയുള്ള പ്രതികൂലവാദമുഖങ്ങൾ ഭാരതീയ സംസ്കൃതിയിൽ സ്ത്രീത്വ ത്തെക്കുറിച്ച് ഇല്ലെന്നില്ല. പക്ഷെ, അവയ്ക്കൊക്കെ സൈദ്ധാന്തികമായ അംഗീകാരമുണ്ടോയെന്നതാണ് പ്രധാനം.
കുമാരൻ- കുമാരി; സ്ത്രീ- പുരുഷൻ എന്നിങ്ങനെയുള്ള ഭേദങ്ങളൊന്നും ആത്മാവിനില്ലെന്ന് ഭാരതീയ സംസ്കൃതി വളരെവ്യക്തമായി പറയുന്നുണ്ട്; എല്ലാം ഏകമാണെന്ന് പറയുന്ന വേദാന്തദർശനവും ഭാരതീയ സംസ്കൃതി യാണ്. വേദാന്തദർശനത്തിന്റെ വെളിച്ചത്തിൽ എല്ലാം ഏകമാണെന്നുപറയു ന്ന ഭാഗം, ആയുർവ്വേദ ശാസ്ത്രത്തിന്റെ തലത്തിൽ പരിശോധിക്കുമ്പോഴോ? ആത്മാവ്, മനസ്സ്, ഇന്ദ്രിയങ്ങൾ ഇവയെ ചേർത്തുവെച്ച് ആയുർവ്വേദം പറ യും- വൈദ്യശാസ്ത്രസംബന്ധമായി ആത്മാവിനെയും ആരോഗ്യത്തെയു മൊക്കെ നിർവ്വഹിച്ചുവരുമ്പോൾ സ്ത്രീപുരുഷ ഭേദങ്ങളെയൊക്കെ പഠിക്കേ ണ്ടിവരുമെന്ന്. സ്ത്രീപുരുഷന്മാരിലുള്ള ശാരീരികമായിവരുന്ന ഭേദങ്ങൾ; ഹോർമോണുകളിൽവരുന്ന ഭേദങ്ങൾ; ചില എൻസൈമുകളിൽവരുന്ന ഭേദ ങ്ങൾ; മാനസികമായ ഭേദങ്ങൾ; ബൗദ്ധികമായിവരുന്ന ഭേദങ്ങൾ എന്നിവയെ ചേർത്തുവെച്ച്, അവയൊക്കെയും നാമിവിടെ അനുസ്മരിക്കേണ്ടതാകുന്നു.
ഏതാണ്ട് ഒരു നാനൂറ് സംവത്സരംകൊണ്ട് ഭാരതീയ വിദ്യാഭ്യാസരീതിക ളൊക്കെ അസ്തമിച്ചുകഴിഞ്ഞിട്ടുണ്ട്. ഇതുകൊണ്ടുണ്ടായ ബൗദ്ധികമാറ്റം നമ്മെ വല്ലാതെ പിടിച്ചുലച്ചിട്ടുമുണ്ട്- ഭാരതീയ സംസ്കൃതിയുടെ ഗ്രന്ഥങ്ങൾ പലതും സംസ്കൃതത്തിലാണുള്ളത്. അതുകൊണ്ട് അവയെ പഠിക്കുവാനും ഉൾക്കൊള്ളാനുമുള്ള വ്യുൽപത്തി ആധുനികർക്കില്ല. ഇതിനുകാരണം ലോർ ഡ്കഴ്സന്റെ യൂണിവേഴ്സിറ്റി ആക്ടാണ്. ഇന്ത്യയിൽകൊണ്ടുവന്ന ഈ ആ ക്ടിനെതിരെ സിസ്റ്റർ നിവേദിതമാത്രമാണ് ശബ്ദമുയർത്തിയതെന്നും ശ്രദ്ധി ക്കണം- കഴ്സനെയായിരിക്കില്ല നിങ്ങൾ ഓർക്കുക, മെക്കാളയെയായിരി ക്കും. ഇന്നത്തെ വിദ്യാഭ്യാസത്തിന്റെ എല്ലാ ഉത്തരവാദിത്വവും നിങ്ങൾ മെക്കാളയുടെ തലയിൽകെട്ടിവയ്ക്കുമ്പോൾ, ഇന്ത്യൻ വിദ്യാഭ്യാസരീതിക ളെ മാറ്റിമറിച്ചതിൽ നിർണ്ണായകപങ്കുവഹിച്ച യൂണിവേഴ്സിറ്റി ആക്ട് കൊ ണ്ടുവന്ന ലോർഡ് കഴ്സനെ മറക്കുകയും ചെയ്യുന്നു. യൂണിവേഴ്സിറ്റി ആക് ടിനെ തുടർന്നുവന്ന വിദ്യാഭ്യാസരീതിയിൽ മലയാളവും തമിഴും ഹിന്ദിയുമൊ ക്കെ നാട്ടുഭാഷകളായി നിർത്തുകയും സംസ്കൃതഭാഷപഠിക്കാൻ പ്രയാസമു ണ്ടെന്ന് നിങ്ങൾ തീരുമാനിക്കുകയും ചെയ്തു- ഈ നാടിന്റെ അക്ഷാംശവും രേഖാംശവുമൊന്നുമല്ലാത്ത മറ്റൊരുനാടിന്റെ ഭാഷയും സംസ്കൃതിയും അടി ച്ചേൽപിക്കാൻ. ഒരുഭാഷ രൂപപ്പെട്ടുവരുന്നതിൽ കാലദേശങ്ങൾക്ക് പ്രത്യേക മായ സ്വാധീനമുണ്ട്; കാലദേശങ്ങളും ആഹാരരീതികളും മനുഷ്യജീവിതവു മെല്ലാം ഭാഷ രൂപാന്തരപ്പെടുന്നതിൽ പ്രധാന പങ്കുവഹിക്കുന്നുണ്ട്; അതു കൊണ്ടാണ് ഭിന്നഭിന്നഭാഷകൾ ഉണ്ടായത്- ലോകഭാഷയെന്ന് അഭിമാനിച്ച് ഇന്ന് നിങ്ങൾ പഠിക്കുന്ന ഭാഷയായ ഇംഗ്ളീഷ് ലോകത്തെ ചെറിയൊരു രാജ്യ ത്തിന്റെ ഭാഷയാണ്; നിങ്ങൾപഠിക്കുന്ന ഇംഗ്ളീഷ് ആ നാട്ടിലെ സംസാരഭാഷ യുമല്ല. നിങ്ങൾപഠിക്കുന്ന ഇംഗ്ളീഷ് കേരളത്തിന്റെ മാത്രം ഇംഗ്ളീഷാണ്; തമിഴ ൻ പഠിക്കുമ്പോൾ തമിഴ് ഇംഗ്ളീഷാകും. അതുകൊണ്ട് വിശ്വഭാഷയാണ് പഠി ക്കുന്നതെന്നും സംസാരിക്കുന്നതെന്നും അഭിമാനിക്കുന്നതിൽ യാതൊരു അ ർത്ഥവുമില്ല. ഇങ്ങനെ ആധുനികസംസ്കാരമുള്ളവരായിത്തീരുകയും സംസ് കൃതം പഠിച്ചിട്ടില്ലെങ്കിലും; സംസ്കൃതഗ്രന്ഥങ്ങൾ വായിച്ചിട്ടില്ലെങ്കിലും- ന ന്നായി പഠിച്ചുകഴിഞ്ഞതുപോലെയാണ് നിങ്ങൾ അതിനെയൊക്കെ എതിർ ത്തുപോരുന്നത്. എന്തിനെയും എതിർക്കാം; അവയൊക്കെ പഠിച്ചിട്ടാണ് എ തിർക്കേണ്ടത്- അനുകൂലിക്കാൻ അത്രയും പഠിക്കണമെന്നുമില്ല. നിങ്ങൾക്ക് `മനുസ്മൃതി`യെ എതിർക്കാം- എതിർക്കുമ്പോൾ ആദ്യം മനുസ്മൃതി ഭാരതീ യ സംസ്കൃതിയിൽ ഏതുദിശയിലാണ് ബന്ധപ്പെടുന്നതെന്ന് അറിയണം- മനുസ്മൃതി സംസ്കൃതിയുടെ സൈദ്ധാന്തിക ഗ്രന്ഥങ്ങളിൽ പെടുന്നതാ ണോ? ഭാരതീയ സംസ്കൃതിക്ക് രണ്ടുതരം ചിന്താധാരകളുണ്ട്, ഇതരസം സ്കൃതികളിൽ നിന്നും വ്യത്യസ്തമായി- ശ്രൗതസത്യങ്ങളുടെയും സ്മാർ ത്തസത്യങ്ങളുടെയും രണ്ട് ധാരകൾ. ഒരു വിഷയത്തെ സൈദ്ധാന്തികതല ത്തിൽ സമീപിക്കുമ്പോൾ അത് ശ്രുതിപ്രസ്ഥാനത്തിലാണോ അതോ സ്മൃ തിപ്രസ്ഥാനത്തിലാണോ പെടുന്നതെന്നത് സംസ്കൃതിയെ സംബന്ധിച്ച് വള രെ പ്രധാനമാണ്. ശ്രൗതസങ്കല്പങ്ങളുടെയും ശ്രൗതപ്രസ്ഥാനങ്ങളുടെയും രംഗവേദിയിൽ ഋഗ്വേദം, യജുർവ്വേദം, സാമവേദം, അഥർവ്വവേദം എന്നിങ്ങനെ നാല് വേദങ്ങളാണുള്ളത്- ഇവയെയാണ് ശ്രുതി എന്നുവിളിക്കാവുന്നത്. ഇവ യിൽ സ്ത്രീപുരുഷസങ്കല്പങ്ങളെക്കുറിച്ച് എങ്ങനെ പറഞ്ഞിരിക്കുന്നുവെന്ന താണ് നമ്മുടെ അന്വേഷണം. ശ്രൗതസങ്കല്പങ്ങളിലും സ്ത്രീപുരുഷന്മാരെ ക്കുറിച്ചുള്ള ഏറെ പ്രകാരഭേദങ്ങൾകാണാം. അതിൽ കർമ്മകാണ്ഡത്തിന്റെ ലോകങ്ങളുണ്ട്- കർമ്മകാണ്ഡത്തിൽ സ്ത്രീയെ എങ്ങനെ ഉൾപ്പെടുത്തി യിരിക്കുന്നു? ജ്ഞാനകാണ്ഡത്തിന്റെ ലോകങ്ങളുണ്ട്- ജ്ഞാനകാണ്ഡമെ ന്നുവിളിക്കാവുന്ന ഔപനഷിദികസത്യങ്ങളിൽ സ്ത്രീയുടെ സ്ഥാനമെന്താ ണ്?
ശ്രുതി അഥവാ വേദങ്ങൾ എടുത്തുപരിശോധിക്കുമ്പോൾ, അതിന്റെ സം ഹിതാഭാഗം- ബ്രാഹ്മണങ്ങളെടുത്ത് പഠിക്കുമ്പോൾ ഒട്ടേറെ മന്ത്രങ്ങൾ കാ ണാം. മന്ത്രം പഠിച്ചവർക്കറിയാം, അതിനൊരു ഋഷിയുണ്ടെന്ന്; ഛന്ദോബദ്ധ മായിരിക്കുമെന്ന്- അനുഷ്ടുപ്പ്, ഗായത്രി തുടങ്ങിയ ഛന്ദസ്സുകളുണ്ടെന്ന്; വൈദിക ഛന്ദസ്സുകളുണ്ടെന്ന്; ഏതെങ്കിലുമൊരു ദേവതയെ ആസ്പദമാക്കി യാണ് ഓരോ മന്ത്രമെന്നും അറിയാം- ദേവതയെന്നുപറയുന്നത് ഒരു ചേതന; ഇന്റലിജൻസ്. ഭാരതീയ സിദ്ധാന്തമനുസരിച്ച് ഈലോകത്ത് കാണുന്നതിനെ ല്ലാം ചേതനയുണ്ട്; ദേവതയുണ്ട്- ചേതനയില്ലാത്തതായി ലോകത്തൊന്നുമി ല്ല; കല്ലിനും മരത്തിനുമെല്ലാം ചേതനയുണ്ട്. ഒരു ജീവി മരിച്ചുകഴിഞ്ഞ് കുഴി ച്ചിട്ട്, ചീഞ്ഞുനാറിയത് പട്ടി മാന്തിപുറത്തിട്ടതിന്റെ എല്ലിനുപോലും ജീവചേ തനയുണ്ട്; അതിനുള്ളിലെ പ്രോട്ടോപ്ളാസത്തിനും ജീവചേതനയുണ്ട്; ഇങ്ങ നെയാണ് ഭാരതീയ സംസ്കൃതിയുടെ പൂർവ്വികർ ചിന്തിച്ചത്. അതുകൊണ്ടവ ർ ദ്രവ്യങ്ങളെ സേന്ദ്രിയമെന്നും അനിന്ദ്രിയമെന്നും രണ്ടായി തിരിച്ചു, ഇന്ദ്രിയ ങ്ങൾ ഉള്ളവയെന്നും ഇന്ദ്രിയങ്ങൾ ഇല്ലാത്തവയെന്നും. സസ്യങ്ങളൊക്കെ ഇന്ദ്രിയങ്ങളുള്ളവയാണ്- ശബ്ദത്തെ അറിയുന്നവ; സ്പർശത്തെ അറിയുന്ന വ. ഇന്ന് നിങ്ങളും ഇവയൊക്കെ സമ്മതിക്കുന്നുണ്ട്- നിങ്ങളുടെ ചില ആശു പത്രികളിലെ ബോർഡുകളിൽ എഴുതിവെച്ചിട്ടുണ്ട്, വീട്ടിലുള്ള പപ്പായമരം വെട്ടിക്കളയാൻ. നിങ്ങൾതന്നെ സ്ഥാപിച്ച ടവറുകളിൽനിന്നുംവരുന്ന നിർദ്ദേശ ങ്ങളെ പപ്പായ പിടിച്ചെടുക്കുന്നുവെന്നതുകൊണ്ടാണ് മുറിച്ചുകളയാൻ ആവ ശ്യപ്പെടുന്നത്- പപ്പായക്ക് ഇന്ദ്രിയമുണ്ട്. `ചരകസംഹിത` വ്യാഖ്യാനിക്കുമ്പോ ൾ ചക്രപാണി ഇത് സമർത്ഥിക്കാൻ ഏറെ ഉദാഹരണങ്ങൾ നമുക്കുതരുന്നു ണ്ട്.
സേന്ദ്രിയ പദാർത്ഥങ്ങളും അനിന്ദ്രിയ പദാർത്ഥങ്ങളും, അവയിലെ ജീവ ചേതനകൊണ്ടുണ്ടാക്കുന്ന ഒരു സ്പന്ദമുണ്ട്- ആ സ്പന്ദം അവയിലെ ദേവത യുടെ കർമ്മമണ്ഡലമാണ്. അതിന് അതുമായി സംവദിക്കാവുന്നൊരു ഭാഷ യുണ്ട്. അവയെയാണ് മന്ത്രങ്ങൾ എന്നുപറയുന്നത്. മന്ത്രദൃഷ്ടാക്കൾ ഋഷി കളാണ്- ഋഷിമാരുടെ പട്ടികയിൽ സ്ത്രീകളുണ്ട്. ശ്രുതിയെ അവലംബിച്ച് സ്ത്രീത്വത്തെ ഭാരതീയ സംസ്കൃതി എങ്ങനെകാണുന്നുവെന്ന് അന്വേഷി ക്കാനും പഠിക്കാനും ശ്രമിച്ചാൽ അപാല ആത്രേയി, വിശ്വംവാരാ ആത്രേയി, വാഗംഭ്രിണി, ഘോഷാകാക്ഷീവതി തുടങ്ങിയ സ്ത്രീനാമങ്ങൾ പ്രസിദ്ധരായ മന്ത്രദൃഷ്ടാക്കളാണെന്ന് കാണാം- മന്ത്രം ദർശിക്കുവാനുള്ള തലത്തിൽ ഉയ ർന്ന് അതിന്റെ ദേവതയെ ദർശിക്കുവാനുള്ള ധിഷണ സ്ത്രീക്കുണ്ടെന്ന് വ്യ ക്തമാക്കുന്ന വേദമന്ത്രങ്ങൾതന്നെ ഉണ്ട്. അതുകൊണ്ട് സൈദ്ധാന്തികതല ത്തിൽ, ശ്രുതി പ്രസ്ഥാനത്തിൽ സ്ത്രീക്ക് വളരെയുയർന്ന സ്ഥാനമുണ്ട്- ഇതിൽ ആധുനികരായ നിങ്ങൾക്ക് യാതൊരു ശങ്കയും വേണ്ട. വേദമന്ത്രങ്ങ ൾ ദർശിക്കണമെങ്കിൽ, വേദപ്രവേശനത്തിനുള്ള ഉപനയനാദിസംസ്കാരങ്ങ ളെല്ലാം വേണം; ഇതിൽനിന്നും സ്ത്രീക്ക് സംസ്കാരകർമ്മങ്ങൾ ഉണ്ടായിരു ന്നുവെന്ന് നിശ്ചയിക്കണം- സ്മൃതിയിൽ `പുരാകല്പേഷു നാരീണാം മൗഞ്ഞ് ജീ ബന്ധന വിഷ്യയതേ`യെന്ന് വ്യക്തമായി രേഖപ്പെടുത്തിയിട്ടുമുണ്ട്. ശ്രുതി യുടെ നിശ്ചയബുദ്ധിയെ അംഗീകരിക്കുമാറ്, `കാദംബരി`യിൽ മഹാശ്വേത യുടെ ഒരുവരവുണ്ട്- യജ്ഞോപവീതവും ധരിച്ച് ജ്ഞാനസദസ്സിലേക്ക്; കാ ദംബരി പഠിച്ചാൽ മഹാശ്വേത ആരാണെന്നറിയാം. ഇങ്ങനെ എത്രയോ വേദ ജ്ഞകളായ ഋഷിമാരെ ശ്രുതികളിൽകാണാം; വൈദ്യവിശാരതകളെ കാ ണാം. ഒരു യുദ്ധത്തിൽ പങ്കെടുത്തുകൊണ്ടിരിക്കേ വിശ്വംവാരയുടെ ഒരു കാല് മുറിഞ്ഞുപോകുകയും തുടർന്ന് കൃത്രിമകാൽ വെച്ചുപിടിപ്പിക്കുകയും ചെയ്യുന്ന ഒരു രംഗം ശ്രുതിയിൽതന്നെ കാണാം- ആ കൃത്രിമകാലുവെച്ചാണ് വിശ്വംവാര യുദ്ധംതുടർന്നത്. അതുകൊണ്ട് അറിയണം, ഏറ്റവും പൗരാണിക മായ ഇത്തരം കൃതികളിൽ സ്ത്രീ യുദ്ധംനയിക്കുന്നവളാണെന്ന്- ആ കാല ത്ത് മുറിഞ്ഞുപോയ കാലിനുപകരം കൃത്രിമകാൽ വെച്ചുപിടിപ്പിച്ചുവെന്നത് അന്നത്തെ വൈദ്യവികാസത്തെക്കുറിച്ച് ചിന്തിക്കുമ്പോൾ പ്രധാനപ്പെട്ടതാണ്. എന്നാൽ നമ്മുടെ വിഷയത്തിൽ, കൃത്രിമകാൽവെച്ച് സ്ത്രീ യുദ്ധംചെയ്തു വെന്നതാണ് പ്രധാനം. അതുകൊണ്ട്, സ്ത്രീ മഹായുദ്ധങ്ങൾവരെ വൈദിക കാലത്തുതന്നെ നയിച്ചിട്ടുണ്ടെന്ന് നിശ്ചയിക്കണം- ഋഗ്വേദത്തിലും അഥർവ്വ വേദത്തിലും യജുർവ്വേദത്തിലുമൊക്കെ ഇതുപോലുള്ള സന്ദർഭങ്ങളിൽ സ് ത്രീയുടെ വീര്യത്തെ തേജോമയമായികാണുന്ന എത്രയോ വർണ്ണനകളുണ്ട്; പ്രത്യേകിച്ച് യജുർവ്വേദത്തിൽ ഇതിന്റെയൊക്കെ സാക്ഷ്യങ്ങൾ വേണ്ടത്ര യുണ്ട്.
ഭാരതത്തിന്റെ രണ്ട് പ്രബല ഇതിഹാസങ്ങളാണ് `മഹാഭാരത`വും `രാമായണ`വും. സ്ത്രീത്വത്തെ സമഗ്രമായി കണ്ടുകൊണ്ട് ഇതിഹാസങ്ങളെ പഠിച്ചാൽ, ഭാരതീയചരിത്രത്തെ മുന്നോട്ടുകൊണ്ടുപോകുന്നത് സ്ത്രീകളാണെന്ന് കാണാം. രാമായണത്തിലെ സംഭവങ്ങളുടെമുഴുവൻ ആധാരശില സ്ത്രീകളാണ്; പുരുഷനല്ല. രാമായണത്തിലെ സത്യസന്ധനായ ചക്രവർത്തി ദശരഥന്റെ തീരുമാനങ്ങളൊന്നുമല്ല, കൗസല്യയുടെയും കൈകേയിയുടെയും എ ന്തിന്, മന്ഥരയുടെപോലും അഭിലാഷവും തീരുമാനവുമാണ് നിലനിന്നത്- അതാണ് രാമായണത്തിന്റെ ചരിത്രം. രാമായണവും മഹാഭാരതവും നിങ്ങൾ പലതവണ കേൾക്കുകയും പഠിക്കുകയുമൊക്കെ ചെയ്തതാണ്; രാമായണത്തിൽ ഒരു പുരുഷനെന്നനിലയിൽ ചക്രവർത്തിയായ ദശരഥൻ ഏതുകാര്യത്തിലാണ് പുരുഷത്വം പ്രകടമാക്കുന്ന തീരുമാനങ്ങളെടുത്തത്? അല്ലേങ്കിൽ ഈ ആധുനികകാലത്തുപോലും, കൂട്ടായ്മയും കുടുംബവുമൊക്കെ- സ്ത്രീബന്ധങ്ങളുള്ള ഏതെങ്കിലും പുരുഷൻ, എപ്പോഴെങ്കിലും സ്വതന്ത്രമായ എന്തെങ്കിലുമൊരു തീരുമാനം എടുക്കാറുണ്ടോ? പുരുഷൻ തനിക്ക് ഇഷ്ടമില്ലാത്ത തീരുമാനങ്ങൾപോലും സ്ത്രീയുടെ ഇഷ്ടത്തിനുവേണ്ടി എടുക്കുകയും പിന്നീടതിന്റെ വ്യഥതീർക്കാൻ മറ്റുചിലതിൽ ചെന്നുവീഴുകയും ചെയ്യുന്നതല്ലേ, എല്ലാകൂട്ടായ്മയുടെയും കുടുംബത്തിന്റെയുമൊക്കെ ഇന്ന ത്തെ പ്രശ്നങ്ങൾതന്നെ?
അമ്മയുടെ തീരുമാനത്തിന്; ഭാര്യയുടെ തീരുമാനത്തിന് മാനസികമായി വഴിപ്പെടേണ്ടിവരുന്നൊരു പുരുഷൻ- ഒരാൾക്ക് അനുകൂലമായി എടുത്തതീരുമാനം മറ്റൊരാൾക്ക് പ്രതികൂലമായിവരുമ്പോൾ ഉണ്ടാകുന്ന വേദനയുടെ യും സംഘർഷത്തിന്റെയും അടിസ്ഥാനത്തിൽ, പുരുഷനിൽ രൂപാന്തരപ്പെടുന്ന മനോവേദനയുടെ ലോകങ്ങൾ; മഹാരോഗങ്ങൾ എത്രവലുതാണ്? മാനിയ, ഡിപ്രഷൻ, മാനിയാഡിപ്രഷൻ എന്നിവയിലൂടെ അതിഘോരമായ പാരനോയിഡ്, സ്കിസോഫ്രീനിയവരെയെത്തുന്ന മഹാരോഗങ്ങളുടെ പരമ്പരതന്നെ ഉണ്ടാകുമെന്ന് നിങ്ങളുടെതന്നെ അനുഭവങ്ങളാണ്. രാമായണമെടുത്തുനോക്കിയാൽ സ്പഷ്ടമായും കാണാം- ദശരഥരാജധാനിയെ വ്യത്യസ്തങ്ങളായ രണ്ട് സങ്കല്പങ്ങളുടെ തീച്ചൂളയിൽ അങ്ങോട്ടുമിങ്ങോട്ടും പന്താടു ന്ന മൂന്ന് സ്ത്രീകളെയെങ്കിലും കാണാം; രാമായണത്തിൽനിന്നും ഈ സ്ത്രീ കളെ മാറ്റിനിർത്തി നിങ്ങൾക്കതിനെ പഠിക്കാൻ പറ്റുമോ? കൗസല്യയേയും കൈകേയിയേയും മന്ഥരയെയും- അവരോടുള്ള നിങ്ങളുടെ അനുകമ്പയും ആദരവും വിശ്വാസവും മാറ്റിവെച്ച് അവരെയൊക്കെ പുരുഷന്മാരുടെ പട്ടികയിൽപ്പെടുത്തിയാണോ, വായിച്ചത്? സ്ത്രീപർവ്വത്തിൽ രാമായണത്തിന് ഒരു പുനർവായന ആവശ്യമായിവരുമോ?
ഗുണത്രയങ്ങളുടെ ആധിക്യത്തിൽ സത്വത്തിന്റെയും രജസിന്റെയും തമസ്സിന്റെയും ആന്ദോളനംകൊണ്ട് ദശരഥമഹാരാജാവും കൗസല്യയും; ദശരഥമഹാരാജാവും കൈകേയിയും ദശരഥമഹാരാജാവും മന്ഥരയും തമ്മിലുള്ള ഗുണങ്ങൾ ഉളവാക്കുന്ന ആന്തരികമായൊരു മഹായുദ്ധത്തിന്റെ- ദശരഥന്റെ അന്തർഗതങ്ങളിൽമാത്രമല്ല; ആ രാജ്യത്തിലെ ജനഹൃദയങ്ങളിൽ മാത്രമല്ല; രാമായണം വായിക്കുന്ന ഓരോ മനുഷ്യന്റെയും അന്തർഗതങ്ങളിൽപോലും ഉളവാകുന്നൊരു മഹായുദ്ധത്തിന്റെ തലമുണ്ട്. ഇവിടെ സ്ത്രീത്വത്തെതന്നെയാണ് വാത്മീകി വരച്ചുകാട്ടുന്നത്. പക്ഷെ സൈദ്ധാന്തികമായി, വാത്മീകി ഒരിക്കലും സംസ്കാരത്തിന്റെ പ്രതീകമായൊരു സ്ത്രീയെ അവതരിപ്പിക്കുന്നത് കൗസല്യയിലൊ, കൈകേയിലൊ, മന്ഥരയിലൊ അല്ല- വാത്മീകിയു ടെ അന്തർഗതങ്ങളിൽ പരിണമിച്ച മഹനീയ സ്ത്രീത്വത്തിന്റെ മാതൃകകൾ വേറെയുണ്ട്; രാമായണത്തെ പഠിക്കുമ്പോൾ സിദ്ധാന്തപരമായി സ്ത്രീത്വം എവിടെ നില്ക്കുന്നുവെന്ന് ബോദ്ധ്യപ്പെടും- സീതയാണ് ആ മാതൃക.
സീതയെ ആദ്യം അവതരിപ്പിക്കുമ്പോൾ അവർ അമ്മയല്ല. കൗസല്യയും കൈകേയിയും അമ്മയാണ്. മന്ഥര തോഴിയുമാണ്- മന്ഥരയെന്ന സ്ത്രീ ക്കുപകരം ഒരു പുരുഷനായിരുന്നു തോഴനെങ്കിലോ? ഒരു സ്ത്രീക്ക് ഒരു രാ ജ്യത്തെ സിംഹാസനത്തെതന്നെ മറിച്ചിടാൻ കഴിയുമെന്ന്- ഈ പ്രയോഗം തന്നെയല്ലേ ഇന്ന് നിങ്ങളും ചെയ്തുകൂട്ടുന്നത്? ഏത് നിയമങ്ങളെയും മാറ്റിമറിക്കാനും നിയമബാഹ്യമായി എന്തുംനേടാനും ഏതറ്റംവരെപോകാനും വാണിജ്യവ്യവസായ രംഗങ്ങളിലെല്ലാം സ്ത്രീയെ ഉപകരണമാക്കി മാറ്റിമറിക്കുകയല്ലേ? അതുകൊണ്ട് സ്ത്രീകൾക്ക് സ്വാതന്ത്ര്യം ലഭിച്ചുവെന്ന് പറയാമോ?
രാമായണത്തിൽ എന്തായിരുന്നു മന്ഥരയുടെ പ്രയോജനമെന്നും എന്താ യിരുന്നു അതിന്റെ തുടർച്ചയെന്നും ചിന്തിക്കുമ്പോഴാണ്, പൂർവ്വപക്ഷത്തുമാത്രംവരുന്ന ഈ ചിന്തയ്ക്ക് പ്രാധാന്യമുണ്ടാകുന്നത്. സിദ്ധാന്തപക്ഷത്ത് വാ ത്മീകി പരിചയപ്പെടുത്തുന്ന കൗസല്യയും കൈകേയിയും ഉത്തമമാതൃകകളാണ്- കൈകേയി രാജ്യമാഗ്രഹിച്ചില്ല; വരം ചോദിക്കണമെന്ന് കൈകേയിക്ക് സ്വയം തോന്നിയുമില്ല; രാമാഭിഷേകത്തിന് വിഘ്നംവരുത്താൻ ഓടിനടന്നുമില്ല; രാമാഭിഷേകവാർത്ത അറിയിച്ച മന്ഥരക്ക് അവർ കനകഹാരം നൽകുകയാണ് ചെയ്തത്. അപ്പോൾ, ദശരഥന്റെ കൊട്ടാരത്തിലെ സ്ത്രീകളിൽ ഒരു വേലക്കാരിമാത്രമാണ് വ്യത്യസ്തമായി നിന്നത്; ആ ഒരു സ്ത്രീയാ ണ് രാജ്യചരിത്രത്തെതന്നെ മാറ്റിമറിക്കുന്നത്.
വാത്മീകിരാമായണവും അദ്ധ്യാത്മരാമായണവും രണ്ട് വ്യത്യസ്തകൃതികളാണ്- രണ്ടുമൊന്നല്ല. പക്ഷേ കൗസല്യയിൽനിന്നും കൈകേയിൽ നിന്നും വ്യത്യസ്തമായി വാത്മീകി തന്റെ അന്തഃരംഗത്തിലൊരു സ്ത്രീയെ തേച്ചുമിനുക്കിയെടുത്തിട്ടുണ്ട്- കൈകേയിൽനിന്നും കൗസല്യയിൽനിന്നും സീതയിലേക്കുള്ള സ്ത്രീത്വത്തിന്റെയൊരു അവാന്തരപരിണാമംപോലെ; സൗമ്യതേജസ്സായ ഈ പരിണാമത്തെ ഭാരതീയ ചിന്തയുടെ ഏതുഭാഗത്താ ണ് നമ്മൾ പെടുത്തേണ്ടത്- സിദ്ധാന്തപക്ഷത്തോ; ഉത്തരപക്ഷത്തോ; പൂർവ്വപക്ഷത്തോ? രാമയുടെ അയനം രചിച്ച വാത്മീകി- അയനം ഇതി രാമായണം. `കാരണം` മുഖ്യാംശമായുള്ള കഥയാണ് രാമായണം. വാത്മീകി രാമായണത്തിൽ രാമനെ ഉത്തമനായല്ല വാത്മീകി അവതരിപ്പിക്കുന്നത്. സർവ്വോത്തമയായ സീതയുടെ വാക്കുകളിലൂടെയാണ് രാമനെ സർവ്വോത്തമനായി അവതരിപ്പിക്കുന്നതുതന്നെ. ആരണ്യകാണ്ഡത്തിൽ, സീത പൊയ്പ്പോയതിലല്ല തനിക്കുദുഃഖം, സീതയുടെ യൗവ്വനം പൊയ്പ്പോകുമെന്നോർത്താണ് തനിക്ക് ദുഃഖമെന്നുപറയുന്ന ഒരു രാമനെ കാണാം- അദ്ധ്യാത്മരാമായണത്തിലല്ല വാത്മീകിരാമായണത്തിൽതന്നെ. സീതയെ പരിത്യജിക്കുന്ന ഘട്ടത്തിൽ രാമനുപയോഗിക്കുന്ന പദം, നേത്രരോഗിക്ക് ദീപമെന്നപോലെ നീ അപഥ്യയാണെന്നാണ്. രാമന്റെ വാക്കുകളായി വാത്മീകി ഇവിടെ എഴുതിവെച്ചിരിക്കുന്ന വാക്കുകളിൽപോലും കാണാം; സംസ്കൃതിയോടുചേർത്തുപഠിച്ചാലറിയാം, കളങ്കം സീതയിലല്ലെന്ന്- ദീപം ശുദ്ധമാണ്; ദീപത്തിന് കള ങ്കമില്ല. നേത്രരോഗിക്ക് ദീപം അപഥ്യമാകുന്നത് ദീപത്തിന്റെ കളങ്കംകൊ ണ്ടാണോ; നേത്രരോഗിയുടെ നേത്രത്തിന്റെ രോഗംകൊണ്ടാണോ- ഇതിഹാസകാരൻ സ്ത്രീയിലല്ല കളങ്കം ചാർത്തിയിരിക്കുന്നത് എന്നത് ശ്രദ്ധിക്കേണ്ടതാണ്.
സ്ത്രീയെ; സീതയെ ഇതിഹാസകാരൻ ഉപേക്ഷിക്കുന്നത് കൊടുംവന ത്തിൽ ആരോരുമില്ലാത്തിടത്തല്ല- വാത്മീകി ആശ്രമത്തിലാണ്. കേവലമൊ രു ആശ്രമമല്ലേ; അതും കൊടുംവനത്തിലല്ലേയെന്ന്, ഇന്നത്തെ നിങ്ങളുടെ ആദ്ധ്യാത്മികാശ്രമങ്ങളെ താരതമ്യപ്പെടുത്തി ചോദിക്കരുത്. ഇന്നൊരുപക്ഷേ ആശ്രമങ്ങൾ ലോകമെമ്പാടും ആഡംബരത്തിന്റെയും ഭോഗാലസ്യതയുടെ യും കേന്ദ്രങ്ങളായി മാറിയിട്ടുണ്ടാകും; രാമായണം ചൂണ്ടിക്കാട്ടുന്ന ആശ്രമം ഇങ്ങനെയുള്ളതല്ല. ഇത്തരമൊരു ആശ്രമസങ്കല്പം ഉള്ളിൽവെച്ചുകൊണ്ടാ യിരിക്കണം, ഇന്നത്തെ ആശ്രമങ്ങളോടും അതിലെ സന്യാസികളോടുമുള്ള ജനങ്ങളുടെ എതിർപ്പിന് കാരണംതന്നെ; നിരീശ്വരവാദികൾപോലും എതിർ ക്കുന്നത് അതുപോലെയൊന്നും ഇവ ചെയ്യുന്നില്ലെന്ന കാരണംകൊണ്ടാണ്- അന്നത്തെപ്പോലെ ത്യാഗം ഇന്ന് കാണുന്നില്ലെന്ന് താരതമ്യം ചെയ്യുന്നതുത ന്നെ, അന്നത്തെ ആശ്രമമനസ്സുകളിലെ ത്യാഗവും ആദ്ധ്യാത്മികതയുമൊക്കെ അത്രയും വേരിറങ്ങിയതുകൊണ്ടാണ്. അത്തരമൊരു ആശ്രമത്തിലേക്കാണ്; ഒരു ആശ്രമവാടിയിലേക്കാണ് സ്പഷ്ടമായ ഗർഭലക്ഷണങ്ങളോടുകൂടിയ സ്ത്രീയെ കൊണ്ടുവിട്ടത്.
സ്ത്രീയെ അങ്ങനെ കൊണ്ടുവിടാൻ കല്പിച്ചത് സാധാരണനല്ല- ജാഗ്ര ത്, ബീജജാഗ്രത്, മഹാജാഗ്രത്; ജാഗ്രത് സ്വപ്നം, സ്വപ്നജാഗ്രത്; സുഷുപ് തി, തുര്യക ഒക്കെ പഠിച്ചിട്ടുള്ള; മനസ്സിന്റെ വിഭൂതികളായ- ശുഭേച്ഛ; സുവിചാ രണ; തനുമാനസ; സത്വാപത്തി; അസംസക്തി; പദാർത്ഥ അഭാവനി; തുര്യക ഒക്കെ പഠിച്ചിട്ടുള്ള രാമനാണ് സീതയെ കൊണ്ടുവിടാൻ പറയുന്നത്. വാത്മീ കിയാശ്രമത്തിൽ ജീവിച്ച് രാമന്റെ വംശത്തിന്റെ പ്രജകളെ പ്രസവിച്ച്; അവരെ പിതാവിന് യോഗ്യനായൊരു പുത്രന്മാരാക്കിവളർത്തി; രാജ്യം തന്റെമേൽ ഏല്പിച്ച കളങ്കത്തെ- തന്റെ ഭർത്താവിന് വരുത്തിവെച്ച നിയമപരമായ കളങ്കത്തെ കഴുകിക്കളയുന്ന ഒരു സ്ത്രീയെയാണ് പിന്നെ നാം കാണുന്നത്.
രാമന്റെ രാജ്യത്ത് നിലനിന്നത് `മനുസ്മൃതി`യാണ്. മനുസ്മൃതിയനുസരി ച്ച് സ്ത്രീക്ക് കളങ്കമില്ല- രാമന്റെ ആ വാക്കുകൾ അതുകൊണ്ട് ശരിയാണ്; ദീപംപോലെ സ്ത്രീ പരിശുദ്ധയാണ്; കളങ്കം പുരുഷന്റേതാണ്. വികാരപരത ഒരിക്കലും സ്ത്രീയുടേതല്ല; പുരുഷജീവിതം വികാരപരമാണ്- സ്ത്രീജീവി തം വിചാരപരവുമാണ്. ഇത്തരമൊരു മൗലികമായ അടിത്തറയിൽനിന്നുകൊണ്ടാണ് ഭാരതീയ സംസ്കൃതി സ്ത്രീത്വത്തെക്കുറിച്ച് സംവദിച്ചത്. വാ ത്മീകിയാശ്രമത്തിൽ താമസിക്കുകയും കുട്ടികളെ വളർത്തുകയുമൊക്കെ ചെയ്തുവരുമ്പോൾ ഒരിക്കൽപോലും വികാരപരമായൊരു വാക്കുപോലും സീതയുടേതായി നമുക്ക് കാണാനാവില്ല. അതുകൊണ്ട് സ്ത്രീത്വത്തിന്റെ സാമാന്യനിയമമാണ് സീതയെന്ന് അറിയണം.
ഭാരതീയ സ്ത്രീത്വത്തെക്കുറിച്ച് പറയുമ്പോൾ നിങ്ങൾ `ന സ്ത്രീ സ്വാതന്ത്ര്യമർഹതി` എന്നൊരു ശ്ളോകാംശത്തെ ഓർക്കാതിരിക്കില്ല- ആ നിയമാംശത്തെക്കുറിച്ച് പറയുന്നതിനുമുമ്പ് പലകാര്യങ്ങളും ശ്രദ്ധിക്കേണ്ടതുണ്ട്. കു ടുംബമെന്നൊരു തലത്തെക്കുറിച്ച് പറയുമ്പോഴാണ് സ്ത്രീയുടെ പരിരക്ഷയുടേതായ പ്രശ്നം ഉയർന്നുവരുന്നത്. ഈ പ്രശ്നത്തിൽ മനുസ്മൃതി സ്ത്രീ യെ എങ്ങനെയാണ് കണ്ടതെന്ന് ആദ്യം മനസ്സിലാക്കണം- ഏത് രാജ്യത്ത്; എവിടെ സ്ത്രീയെ അനാദരിക്കുന്നുവോ അവിടെ ദേവതകൾ അർക്യം കൈ ക്കൊള്ളുകയില്ലെന്ന് പറയുന്നു; മനുസ്മൃതിയാണ് പറയുന്നത്- ഏത് രാജ്യ ത്ത്; എവിടെ സ്ത്രീയെ അപലപിക്കുന്നുവോ, ആ രാജ്യവും രാജാവും നീച വും നീചനുമാണെന്നാണ് പറയുന്നത്. ആ ശ്ളോകത്തിന്റെ പൂർണ്ണരൂപം ഇങ്ങനെയാണ്- `പിതാ രക്ഷതി കൗമാരേ ഭർത്താ രക്ഷതി യൗവ്വനേ രക്ഷന്തി സ്ഥവിരേ പുത്രാ ന സ്ത്രീ സ്വാതന്ത്ര്യമർഹതി`. സ്ത്രീയെ വളരെ ആദരിക്കണമെന്നാണ് ഉയർത്തിപ്പറഞ്ഞിരിക്കുന്നത്. ആ ഔന്നത്യത്തിൽ നിൽക്കുന്നയാളെ സംരക്ഷിക്കണമെന്നൊരു നിയമമുണ്ടാക്കിയാൽ അതിനെ എങ്ങനെയാണ് കാണേണ്ടത്? നിയമപരമായ സംരക്ഷണം ഏർപ്പെടുത്തുമ്പോൾ; നിയമപരമായൊരു ആനുകൂല്യം നൽകുമ്പോൾ- ദൗർബല്യത്തെ അംഗീകരിക്കുകയാണ് ചെയ്യുന്നത്; ഔന്നത്യത്തെ അംഗീകരിക്കുകയല്ല ചെയ്യുന്നത്. നീ ദുർബലനാണ്; നിന്റെ മക്കൾ ദുർബ്ബലരാണ്- അതുകൊണ്ട് നിങ്ങൾ ക്ക് ഞങ്ങൾ നിയമപരമായ പരിരക്ഷ നൽകുന്നു; നിയമത്തിന്റെ ഔദാര്യം കൊണ്ടുമാത്രമേ ഇനി നിങ്ങൾക്ക് ജീവിക്കാനാകൂ- ആത്മാഭിമാനമുണർന്നവൻ സ്വീകരിക്കില്ലാത്തതാണിത്. അധമമായ മനസ്സുകളിലേക്ക് മാനവചേതനയെ താഴ്ത്താനും നിരന്തരമായി പീഡിപ്പിക്കുവാനുംമാത്രമേ നിയമപരമായ ഈ ആനുകൂല്യങ്ങൾ സഹായിക്കുകയുള്ളു; ദുർബലനായി വാങ്ങിക്കൂട്ടുന്ന ഔദാര്യങ്ങൾ എത്ര ഉന്നതങ്ങളിലായിരുന്നാലും ആത്മാഭിമാനത്തിന് പോറലേല്പിക്കുന്നവയാണ്. ഇത്തരമൊരു ആധുനിക സംഹിതയെപോലെയാണ് നിങ്ങൾ മനുസ്മൃതിയെ സമീപിച്ചതെങ്കിൽ- മനുസ്മൃതിയിലെ വിവാഹങ്ങളും മനുസ്മൃതിയിലെ സ്ത്രീക്കുള്ള സ്ഥാനമാനങ്ങളും അപഗ്രഥിച്ച് പഠിക്കേണ്ടതാണ്; എന്നിട്ട് നിങ്ങൾക്കത് കത്തിക്കുകയോ കത്തിക്കാതിരിക്കുകയോ ചെയ്യാം- എന്നിട്ട് നിങ്ങൾ ആലോചിക്കണം, നിങ്ങളുടെ ആധുനിക നിയമസംഹിതകളെക്കുറിച്ച്. ഏറ്റവും ആധുനികമായൊരു കാലത്തിൽ; ലോകത്തിലെ ഏറ്റവും വലിയൊരു ജനാധിപത്യ രാജ്യത്തിൽ; ഏറ്റവും പരിഷ്കൃത സമൂഹമായി വളർന്നൊരു രാജ്യത്തിന്റെ നിയമസംഹിതയിൽ- ഭൂരിപക്ഷം ന്യൂനപക്ഷത്തിന് ഇട്ടുകൊടുക്കുന്ന ഔദാര്യമല്ലേ സംരക്ഷണാവകാശമെന്ന് അപഗ്രഥിച്ച് പഠിക്കേണ്ടതാണ്. ആത്മാഭിമാനം ചോർന്നുപോകാതെ നിയമത്തിന്റെ ഊടുംപാവും അഴിച്ചപഗ്രഥിച്ചാണോ, നിയമജ്ഞന്മാർ നിയമസംഹിതകൾ എഴുതിവെച്ചിരിക്കുന്നത്? പ്രാചീന നിയമസംഹിതകളെയും ആധുനിക നിയമസംഹിതകളെയും അപഗ്രഥിച്ചുനോക്കണം- എ ട്ടോ, ഒമ്പതോ വിവാഹങ്ങൾ മനുസ്മൃതിയിലുണ്ട്; ഒന്നിൽപോലും സ്ത്രീധനമില്ല. ബ്രാഹ്മം, ആർഷം, പ്രാജപത്യം, ഗാന്ധർവ്വം തുടങ്ങിയ അനേകം വി വാഹങ്ങളുണ്ട്. രാക്ഷസം, പൈശാജം, ആസുരം എന്നീ വിവാഹങ്ങളിൽ പുരുഷധനമുണ്ട്- അതേക്കുറിച്ച് ഇന്നെവിടെയും ഒരു കേട്ടുകേൾവിപോലുമില്ല. അതുകൊണ്ട് ആലോചിക്കാം, സ്ത്രീധന സങ്കല്പങ്ങളൊക്കെ ഭാരതീയ സംസ്കൃതിയുടേതാണോയെന്ന്.
സ്ത്രീയെ ഏറ്റവും കൂടുതൽ ആദരിക്കുന്നുവോ അവിടെമാത്രമേ ദേവതകൾ അർക്യം സ്വീകരിക്കുകയുള്ളൂ എന്നുവരെ ഉയർത്തിപ്പറയുമ്പോൾ; സ്ത്രീയെ പിതാവ് ബാല്യത്തിലും ഭർത്താവ് യൗവ്വനത്തിലും പുത്രൻ വാർ ദ്ധക്യത്തിലും സംരക്ഷിക്കണമെന്ന് നിയമപരമായി എഴുതിവെയ്ക്കുമ്പോൾ- അസ്വാതന്ത്ര്യമെന്നത്, സംരക്ഷിക്കപ്പെടുന്നയാളിനാണോ സംരക്ഷിക്കുന്നയാളിനാണോയെന്ന് നോക്കണം; അപ്പോൾ ആരുടെ സ്വാതന്ത്ര്യമാണ് പോയത്? പുരുഷന്റെയോ സ്ത്രീയുടേയോ? ഉയരങ്ങളിലിരിക്കുന്ന ഒരാളെ സംരക്ഷിക്കുകയെന്ന് പറയുമ്പോൾ, അത് ഔദാര്യമല്ല. കുടുംബത്തിന്റെ ചുമതലയുള്ള; കുടുംബിനിയാകാൻപോകുന്ന; മകളായും ഭാര്യയായും, അമ്മയായും മാറുന്ന സ്ത്രീത്വത്തെ ഔന്നത്യത്തിലേറ്റവും വലിയ സ്വത്തായി കണ്ട് സംരക്ഷിക്കേണ്ടതിന്റെ നിയമമുണ്ടാക്കിയതിനെ- നൂറ്റാണ്ടുകൾക്കു ശേഷം നിങ്ങൾ തെറ്റായിവ്യാഖ്യാനിക്കുമ്പോൾ, ആ അനുഭൂതികളത്രയും അനുഭവിച്ച നിങ്ങളുടെ പൂർവ്വമാതാക്കൾ നിങ്ങൾക്ക് മാപ്പുതരുമോ? അന്ന ത്തെ സൗകര്യങ്ങളെല്ലാം അനുഭവിച്ചുകൂട്ടിയ പ്രാചീന ഭാരതീയ സ്ത്രീകളുടെ ജനിതകപാരമ്പര്യത്തിൽ ജനിച്ച നിങ്ങൾ, ആംഗലേയഭാഷാജ്ഞാനത്തിന്റെപേരിൽ നീതിന്യായങ്ങളെ കീഴ്മേൽമറിച്ച് നിഷേധിക്കുമ്പോൾ- നിങ്ങളുടെ ജനിതകങ്ങൾ നിങ്ങൾക്ക് മാപ്പുതരുമോ?
പിതാവിന്റെ ഉത്തരദായിത്തമാണ് മക്കളെ സംരക്ഷിക്കുകയെന്നുള്ളത്; ഇല്ലേങ്കിൽ ആ പിതാവ് ശിക്ഷാർഹനാണ്. ഭാര്യയെ സംരക്ഷിക്കുകയെന്നുള്ളത് ഭർത്താവിന്റെ ഉത്തരദായിത്തമാണ്; ഇല്ലേങ്കിൽ ആ ഭർത്താവ് ശിക്ഷാർഹനാണ്- എന്നൊക്കെയുള്ള മനുസ്മൃതിയുടെ നിയമത്തിൽനിന്നുകൊണ്ട് സീതാത്യാഗത്തെ പഠിക്കണം- സീത വാത്മീകിയാശ്രമത്തിൽ നിശ്ശബ്ദം തന്റെ പുത്രന്മാരെ വളർത്തി രാമന്റെ സിംഹാസനത്തിലേക്ക്; പു ത്രന്മാരെ രാമൻതന്നെ സിംഹാസനത്തിലേക്ക് പിടിച്ചുകയറ്റി; വസിഷ്ഠന്റെ സാന്നിദ്ധ്യത്തിൽ പുരോഹിതൻ അഭിഷേകം ചെയ്യുന്ന അളവുവരെ പുത്രന്മാരെ വളർത്തിയെടുത്തു; തന്റെ ഭർത്താവിന്റെമേൽ ഏൽപ്പിച്ച കളങ്കമ്മാറ്റി ഇറങ്ങുന്നു- ഇതിന്റെ മിത്തിക്കൽ എക്സ്പ്രഷൻ ചെറുതല്ല- അബോധപ്രബോധനം. സ്ത്രീപുരുഷബന്ധത്തിന്റെ; ഭാര്യാഭർതൃബന്ധത്തിന്റെ അനിവദ്യസുന്ദരമായ മേഖലകളിലൂടെയാണ് രാമായണം സഞ്ചരിക്കുന്നത്.
കളങ്കം സീതയ്ക്കുമേലല്ല; നിയമപരമായി രാമനുമേലാണ്- രാമന്റെ ഉത്തരദായിത്തമാണ് സീതയെ സംരക്ഷിക്കുകയെന്നത്; പ്രതിജ്ഞയും അതാണ്- വിവാഹത്തിലെ പുണ്യാഹവും ഉദകപൂർവ്വവും പാണിഗ്രഹണവും പാ ണിഗ്രഹണമന്ത്രവും സപ്തതിയും ശതംജീവയെന്ന ഋക്കുമെല്ലാം സമുജ്ജ്വലമായി ഘോഷിക്കുന്നതും ഈ ഉത്തരദായിത്തത്തെയാണ് സർവ്വോപരി സ്ത്രീയെയാണ് സംരക്ഷിക്കുന്നത്. അദ്ധ്യാത്മരാമായണത്തിൽ പറയുന്നത് സീത അഗ്നിയേക്കാൾ പരിശുദ്ധയാണെന്നാണ്. ഒടുവിൽ, കളങ്കംചാർത്തിയ ജനങ്ങൾതന്നെ സീത അഗ്നിയേക്കാൾ ശുദ്ധയാണെന്ന് വിളിച്ചുപറയുന്നത്, വാത്മീകി രാമായണത്തിലല്ല. തന്റെ പുത്രനെ സിംഹാസനത്തിലേറ്റാൻ തയ്യാറെടുത്തിരിക്കുമ്പോൾപോലും, താൻ ചെയ്തത് രാമന്റെ പട്ടമഹർഷിയാകാനൊ, രാജമാതാവാകാനൊ ഒന്നുമല്ലെന്ന് കാണിച്ച് അന്തർധാനംചെയ്യുന്ന ഒരു സീത- ഇന്ത്യൻ സംസ്കൃതിയുടെ അബോധപ്രബോധനത്തിന്റെ ഏറ്റവും വലിയ മാതൃകയാണ്.
സ്ത്രീജീവിതത്തിന്റെ ഒരാവർത്തനചരിത്രമാണ് ഇതെന്ന് വാത്മീകി വീ ണ്ടുംവീണ്ടും ഓർമ്മിപ്പിക്കുകയാണ്- ഏത് രാമനാണ് സീതയെകൂടാതെ വനത്തിൽ പോയിട്ടുള്ളത്? ഏത് രാമനാണ് സീതാപരിത്യാഗമില്ലാതെ അയോദ്ധ്യയിലേക്ക് പുനഃപ്രവേശിച്ചിട്ടുള്ളത്? ഏത് രാമനാണ് തള്ളിക്കളഞ്ഞ സീതയുടെ പുത്രനെ സിംഹാസനത്തിലേറ്റാതിരുന്നിട്ടുള്ളത്? ഇതൊരു ചരിത്രാവർത്തനമ്മാത്രമാണണെന്ന് സീതതന്നെ പറയുമ്പോൾ, ആവർത്തിക്കാനിരിക്കുന്ന ചരിത്രങ്ങളിൽ ആനന്ദംതരാൻ ഈ മിത്തിന് കഴിയുമെന്നത് തീർച്ചയാണ്- കർത്തവ്യകർമ്മത്തിന്റെ ഭാവതലങ്ങൾ- ഭാരതീയ സ്ത്രീത്വത്തെ വേദങ്ങൾ, ഇതിഹാസങ്ങൾ, സ്മൃതി എന്നിവവെച്ചാണ് നാം ഇത്രയും കണ്ടത്.
Great Post! Congrats.