അർബുദരോഗം: ആയുർവ്വേദ ദർശനവും ചികിത്സയും

[ Full Text - Source: August 2012 issue ]

ഭാരതീയ ആയുർവ്വേദം അർബുദരോഗത്തെ; കാൻസർരോഗത്തെ മഹാ രോഗങ്ങളുടെ പട്ടികയിലല്ല പെടുത്തിയിരിക്കുന്നത്‌- കാൻസറിനെക്കുറിച്ചുള്ള ഇന്നത്തെ നിലയും പൗരാണിക നിലയുംതമ്മിൽ ഒരുപാട്‌ അന്തരമുണ്ട്.

കാൻസർരോഗം വളരെയധികം വർദ്ധിച്ചുവരുന്ന കാലമാണിത്‌; ഇന്നതി ന്റെ സ്പെഷ്യലിസ്റ്റുകൾ ധാരാളമായി വന്നുകൊണ്ടിരിക്കുകയുമാണ്‌- കാൻ സറിനെക്കുറിച്ചുള്ള പഠനങ്ങളൊക്കെ പരിമിതപരിമാണത്തിലാണ്‌ കഴിഞ്ഞ കാലഘട്ടംവരെ നിലകൊണ്ടത്‌. എന്നാലിന്ന്‌ വേണ്ടത്രപഠനങ്ങൾ പൂർത്തിയാക്കുന്നതിനുമുമ്പുതന്നെ, വ്യാവസായികാടിസ്ഥാനത്തിൽ വൈദ്യശാസ്‌ ത്രം കാൻസർചികിത്സ ആരംഭിച്ചുവെന്നത്‌ ചികിത്സാരംഗത്തെ ഒരു പ്രത്യേക തയാണ്‌. ഒരളവുരെ ശാസ്ത്രീയമായി കാൻസറിന്റെ പ്രൊഗ്നോസിസും (Prognosis) ഡയഗ്നോസിസും(Diagnosis) ട്രീറ്റ്മെന്റും പഠിച്ചുകഴിയുന്നതിനുമുമ്പുതന്നെ, ആഗോളാടിസ്ഥാനത്തിൽ അതിന്റെ ചികിത്സയെ വികസിപ്പിച്ചുവെന്നുള്ളത്‌, ഈ രോഗത്തെക്കുറിച്ച്‌ പഠിക്കുമ്പോൾ പ്രത്യേക ശ്രദ്ധ അർഹിക്കുന്നതാണ്‌- ഈ രോഗത്തെക്കുറിച്ച്‌ ഇന്ന്‌ പലപ്പോഴും വളരെ വിസ്തൃതമായി പഠനങ്ങൾ നടന്നുകൊണ്ടിരിക്കുകയുമാണ്‌.

പല രാജ്യങ്ങളിലും പല കാലങ്ങളിലൂടെ വികസിച്ച്‌ ശാസ്ത്രീയമെന്നു പറഞ്ഞ കാര്യങ്ങൾ, അതിന്‌ പിന്നീടുണ്ടായ ശാസ്ത്രീയങ്ങളെന്നു പറഞ്ഞ കാര്യങ്ങളിൽനിന്ന്‌ വളരെ ദൂരെയാകും. അതുകൊണ്ട്‌ ആധുനിക വൈദ്യ ശാസ്ത്രത്തിൽതന്നെ കാൻസർരോഗത്തിനുള്ള ചികിത്സാരീതികൾ തമ്മിൽ ആഗോളാടിസ്ഥാനത്തിൽ ചിന്തിക്കുമ്പോൾ ഒട്ടേറെ വ്യത്യാസമുണ്ട്‌- വികസിത രാജ്യങ്ങളിലെ ചികിത്സ; വികസ്വരരാജ്യങ്ങളിലെ ചികിത്സ; അവികസിതരാജ്യങ്ങളിലെ ചികിത്സ, ഇവിടങ്ങളിലെ ചികിത്സകൾ തമ്മിൽ വൈരുദ്ധ്യങ്ങളേറെ നിറഞ്ഞ ഭിന്നതകളുണ്ട്‌- ഒരിടത്ത്‌ അരുതെന്ന്‌ നിർബ്ബന്ധിക്കുന്നതാണ്‌ വേറൊരിടത്ത്‌ ശാസ്ത്രമായി സ്വീകരിച്ചുവരുന്നതുപോലും; അതുകൊണ്ടു തന്നെ ചികിത്സയ്ക്കൊരു ഐക്യരൂപമില്ലെന്നുതന്നെ പറയേണ്ടിയിരിക്കുന്നു.

അതുകൊണ്ട്‌ നമുക്കിവിടെ കാൻസർരോഗത്തെ അതിന്റെ പ്രാചീനതല ങ്ങളിൽ നിന്നുള്ളതുമുതൽ ചിന്തിക്കാം; അതിനുമുന്നോടിയായി മദ്രാസ്‌ കാൻസർ ഇൻസ്റ്റിറ്റ്യൂട്ടിലെ ഡോ.കൃഷ്ണമൂർത്തിയുടെ തലവാചകത്തിലൂടെ നമുക്കാരംഭിക്കാം- `Cancer is a disease as old as history. Its recognition as an entity goes back to the days of the Vedas and Greeks.I am surprised to find that in the Vedas, a principle of treatments had been enunciated for one type of cancer, which we use even today only in a refined way’ ­ കാൻസർരോഗത്തിന്‌ ചരിത്രത്തോളം പഴക്കമുണ്ട്‌; ചരിത്രം എന്നുമുതൽ ആരംഭിച്ചുവോ അന്നുമുതൽ ഇതിന്റെ അറിവ്‌ നമുക്കുണ്ട്‌. വേദങ്ങളുടെയും യവനന്മാരുടെയും കാലത്തോളം, സ്വതന്ത്രമായ ഒ വ്യക്തിത്വം ഈ രോഗം നേടിയിരുന്നു; നേടിയിരിക്കുന്നു. ഒരുതരം കാൻസറിനുള്ള പരിഷ്ക്കരിച്ച ചികിത്സാരീതിയുടെ പ്രാക്‌വൈഭവം വേദത്തിൽ കണ്ട്‌, ഞാൻ അത്ഭുതപരതന്ത്രനായി- ഇത്രയുമാണ്‌ അദ്ദേഹം പറഞ്ഞത്‌. വേദകാലത്തോളം; ഗ്രീക്ക്‌ ഇതിഹാസകാലത്തോളം പഴക്കമുള്ളതാണ്‌ അർ ബുദരോഗം; ചരിത്രത്തിന്റെ ആരംഭകാലംമുതൽ ഇതിനെക്കുറിച്ചുള്ള `റഫറൻസ്‌` പ്രാചീന ഗ്രന്ഥങ്ങളിലുണ്ട്‌. കാൻസറിന്‌ ഇന്ന്‌ നാം ഉപയോഗിക്കുന്ന വളരെ പരിഷ്ക്കരിച്ച ചികിത്സാരീതി അതിന്റെ പ്രാക്‌രൂപത്തിൽ, ഒരു പ്രത്യേ കതരം കാൻസറിന്‌ ചികിത്സയായി വേദത്തിൽ വിധിച്ചതുകണ്ട്‌ ഞാൻ അ ത്ഭുതപരതന്ത്രനായിട്ടുണ്ടെന്നാണ്‌ പ്രസിദ്ധ ഭിഷഗ്വരനായ കൃഷ്ണമൂർത്തി രേഖപ്പെടുത്തിയിട്ടുള്ളത്‌. മറ്റൊരു പ്രസിദ്ധ ഭിഷഗ്വരനായ കൽക്കട്ടയിലെ സുബോദ്മിശ്രയുടെ തലവാചകം കൂടി കാണാം. `The well known Karkidaga Roga mentioned in our Ayurvedic Literature is the same disease which at present age goes by the name of cancer’. അന്ന്‌ കർക്കടകമെന്ന രോഗത്തെക്കുറിച്ച്‌ പ്രാചീന ഗ്രന്ഥങ്ങളിൽ ചിലതിൽ കാണുന്നുണ്ട്‌; പക്ഷെ ഇന്ന്‌ നമുക്ക്‌ പ്രിന്റഡായികിട്ടുന്ന സാധാരണ ഗ്രന്ഥങ്ങളിലൊന്നും ഇത്‌ കാണാറുമില്ല. വാഗ്ഭടന്റെയുംമറ്റും സാധാരണപുസ്തകമൊക്കെ എടു ക്കുമ്പോൾ, അവയിൽ വിദ്രധി, ഗ്രന്ഥി, അർബുദം ഇങ്ങനെയൊക്കെ കാണാം- ക്ഷത, ഹസ്ത, സ്തന,വിദ്രധി ഇങ്ങനെയൊക്കെയുള്ള പേരുകളിൽ അറിയപ്പെടുന്ന ഏറെ രോഗങ്ങളുണ്ട്‌; അവയിലൊക്കെ പരന്നുകിടക്കുന്നതാണ്‌ കാൻസറിനെക്കുറിച്ചുള്ള ഇന്നത്തെ പഠനങ്ങൾ.

അതുകൊണ്ട്‌ ആയുർവ്വേദഗ്രന്ഥങ്ങൾ സമഗ്രമായി പഠിക്കാനൊരുമ്പോൾ കാണാം, കാൻസറിനെ മഹാരോഗത്തിന്റെ പട്ടികയിൽപ്പെടുത്തിയിട്ടില്ലെന്ന്‌; ഒരു മഹാരോഗത്തിന്റെ പട്ടികയിൽപ്പെടുത്തി പ്രത്യേകമായിക്കാണുന്ന രോഗമല്ല കാൻസർ- കാൻസർരോഗത്തെ ഒരനുബന്ധരോഗത്തിന്റെ നിലയിലാണ്‌ ആയുർവ്വേദം കാണുന്നത്‌. അത്‌ അതിന്റെ കാരണങ്ങളിലേക്ക്‌ കടന്നാൽ, പലപ്പോഴും കാൻസർരോഗം മാറാവുന്നതുമാണ്‌. അതുകൊണ്ടുതന്നെ ഇതിനെ വളരെ ശ്രദ്ധയോടെ പഠിക്കേണ്ടതാണ്‌.

ആയുർവ്വേദ ഗ്രന്ഥങ്ങളിൽ കർക്കിടകരോഗമെന്ന്‌ പറയപ്പെട്ടിട്ടുള്ള പ്രസിദ്ധമായ രോഗംതന്നെയാണ്‌ ഇക്കാലത്ത്‌ അറിയപ്പെടുന്ന കാൻസർരോഗം എന്നാണ്‌ ഡോ.സുബോദ്മിശ്ര അഭിപ്രായപ്പെട്ടത്‌. ഡോ.കൃഷ്ണമൂർത്തിയു ടെയും ഡോ.സുബോദ്മിശ്രയുടെയും അഭിപ്രായങ്ങൾ കാൻസർരോഗത്തിന്റെ പ്രാചീനതയെ വെളിവാക്കുന്നവയാണ്‌. കാൻസറിന്റെ പഠനങ്ങളിലേക്ക്‌ കടന്നുപോകുമ്പോൾ ആയുർവ്വേദത്തിൽ ഇതിനൊരു പ്രത്യേക വ്യക്തിത്വം ലഭിച്ചിട്ടില്ലെന്നു കാണാം. രോഗത്തിന്റെ കാരണംപഠിക്കാൻ തുടങ്ങുമ്പോൾ- ഇപ്പോൾ ഒരു രോഗം കണ്ടെത്തുന്നു; ആരോഗ്യത്തിനപ്പോൾ പുതുതായി കണ്ടുപിടിച്ചതെന്നും പൗരാണികമായി കണ്ടുപിടിച്ചതെന്നുമുള്ള മരുന്നുകൾ – അങ്ങനെയൊന്നില്ല.

ലുക്കേമിയ വിഭാഗത്തിൽപ്പെട്ട Am1, cm1, ​m1, ​‍m2, ​m3 യൊക്കെ അന്നും ഇന്നും അതിന്റെ വ്യത്യസ്ത സ്റ്റേജുകളോടുകൂടിയവയാണ്‌. അവയെക്കുറിച്ചുള്ള അറിവുകൾ പാണ്ഡുരോഗനിദാനാദികളിൽനിന്നുമാത്രമേ, ആയുർവ്വേദത്തിലായി ലഭിക്കൂ. കാരണം രക്തത്തെക്കുറിച്ചുള്ള വളരെ നിഷ്കർഷയോടുകൂടിയുള്ള പഠനങ്ങൾ സുശ്രുതന്റ കാലംമുതലുണ്ട്‌; അതിനുംമുമ്പ്‌ വേദങ്ങളിലുണ്ട്‌ – `വൃദ്ധജീവകീയ`ത്തിലുണ്ട്‌; ആയുർവ്വേദസംബന്ധിയെന്ന്‌ അത്ര പറ യാൻ പറ്റാത്ത `കാമസൂത്രാ`ദികളിൽവരെ രക്താണുക്കളെയും മറ്റും വകതിരിച്ചുള്ള പഠനങ്ങൾ കാണാം. കാമസൂത്രത്തിൽ ധാതുക്കളുടെ പരിണാമങ്ങളെക്കുറിച്ചൊക്കെ പറയുമ്പോൾ, `അപാദവൃത്ത താമ്രശ്ച`യെന്നുതുടങ്ങി `കിഞ്ചിതദർശന`യെന്നുവരെ വാത്സ്യായനൻ രേഖപ്പെടുത്തിവെച്ചിട്ടുണ്ട്‌. അപാദകളാണ്‌ രക്താണുക്കൾ; വൃത്താകാരത്തിലുള്ളതാണ്‌ രക്താണുക്കൾ – ചെമ്പിന്റെ നിറമുള്ളതാണ്‌ ചിലത്‌; ചിലത്‌ വൃത്താകാരം; ചിലത്‌ കാലില്ലാത്തവ; നഗ്നനേത്രംകൊണ്ട്‌ കാണാൻപറ്റാത്തവ എന്നൊക്കെ രേഖപ്പെടുത്തിയിട്ടുണ്ട്‌.‌ വാത്സ്യായനന്റെ കാമസൂത്രത്തിലുള്ളതാണ്‌ ഇവിടെ പറഞ്ഞത്‌; ആയുർവ്വേദഗ്രന്ഥങ്ങളിൽ നിന്നുള്ളതല്ല.

സൂക്ഷ്മരക്താണുക്കളെയൊക്കെ വളരെപഴയകാലങ്ങളിൽ ഏത്‌ കരണം കൊണ്ടാണ്‌ കണ്ടെത്തിയതെന്ന്‌ ചോദിച്ചാൽ, ഇന്ന്‌ ഉത്തരംപറയാൻ ആർക്കുമാവില്ല. അതിനുപയോഗിച്ച ഉപകരണങ്ങളൊന്നും കണ്ടെത്താത്തതുകൊണ്ട്‌, അന്ന് അങ്ങനെയൊരു കണ്ടുപിടുത്തമേയില്ലെന്നാണ്‌ ഇന്ന്‌ ബുദ്ധിജീവികൾ തീരുമാനിക്കുക. ഇങ്ങനെ തീരുമാനിക്കുന്നതൊക്കെ കൊള്ളാം, പക്ഷേ തീരുമാനം അവസാനം നമ്മെ കൊണ്ടു ചെന്നെത്തിക്കുന്നത്‌ ഒരപകടത്തിലേക്കാണെന്ന്‌ മനസ്സിലാക്കണം- ഏതൊരു ശാസ്ത്രവും ഒരുദിവസംകൊണ്ട്‌ ഉണ്ടായിവന്നതല്ല. മാത്രവുമല്ല ആധുനികമായ കണ്ടെത്തലുകളൊന്നും ക ണ്ടുപിടിക്കാനുള്ളൊരു സാഹചര്യത്തിലുമല്ല മനുഷ്യനിന്ന്‌ ജീവിക്കുന്നത്‌- ബൗദ്ധികനിഗമനങ്ങൾക്കുമാത്രമുള്ള ബൗദ്ധികസർജ്ജനത്തിലാണ്‌ ആധുനികർ ഇന്ന്‌ ജീവിക്കുന്നത്‌. എന്നാൽ പൗരാണികന്റെ കണ്ടെത്തലുകളിൽ പാരമ്പര്യജനിതകങ്ങളോടൊപ്പം പാരമ്പര്യമായ അറിവുണ്ടായിരുന്നുവെന്ന്‌ മറക്കരുത്‌- ആധുനികർ കണ്ടുപിടിക്കാൻ തുടങ്ങുന്നതുതന്നെ അറിവിന്റെ പാരമ്പര്യം ഹനിച്ചിട്ടാണ്‌. അതുകൊണ്ടാണ്‌ എല്ലാ രംഗങ്ങളിലുമുണ്ടാകുന്ന കണ്ടെത്തലുകളൊക്കെ, മുമ്പ്‌ കണ്ടെത്തിയവയുടെ കോപ്പിയടികളും അനുകരണങ്ങളുമായി മാറുന്നത്‌. ഇന്നൊരു ഉയർന്ന ഉദ്യോഗസ്ഥനുപോലും സ്വന്തം മനസ്സിന്റെ നിലയിൽ ഒരു കത്തെഴുതാൻപോലും അറിയില്ല- തൊണ്ണൂറ്റിമൂന്നു ശതമാനം ഓഫീസേഴ്സും എഴുതാനുള്ള കത്തിന്‌, മുമ്പാരോ ഉണ്ടാക്കിവെച്ചതിന്റെ മാതൃകയിൽ; അതിനനുഗുണമായി അതിലെ വാക്കുകൾമാറ്റി ഡിക്ടേറ്റ് ചെയ്യുകയാണ്‌. അഡ്മിനിസ്ട്രേറ്റീവ്‌രംഗങ്ങളിൽ പോലും പലപ്പോഴും ഇങ്ങനെയാണ്‌ കാര്യങ്ങൾ നടക്കുന്നത്‌. അന്താരാഷ്ട്ര മണ്ഡലങ്ങളിലൊ, അന്തർസംസ്ഥാന മണ്ഡലങ്ങളിലോ അതുകൊണ്ട്‌ സ്വതന്ത്രവ്യക്തിത്വമുള്ള കത്തുകൾതന്നെ ഉണ്ടാകുന്നില്ല- പുതിയ കാലങ്ങളിലെ ആദ്ധ്യാത്മികഗ്രന്ഥങ്ങൾപോലും ഇതേ രീതിയിൽ പകർപ്പുകളോ അനുകരണങ്ങളോ ആണെന്നുകാണാം. ശങ്കരാചാര്യരുടെയൊ, രാമാനുജന്റെയോ, മാധ്വന്റെയൊ, സായണന്റെയൊ- അവർക്ക്‌ ശേഷമുണ്ടായവരുടെയൊക്കെ ദർശനങ്ങളിൽനിന്ന്‌ ചിലത്‌ പെറുക്കിയെടുത്ത്‌ ആധുനിക മാനേജ്മെന്റ്‌ ടെക്നിക്കിൽ പുതിയവയെന്നപോലെ അവതരിപ്പിക്കുകയാണ്‌; അതുകൊണ്ട്‌ സ്വതന്ത്രവും അവക്രവും സ്വന്തവുമായ പഠനങ്ങൾതന്നെ കുറവായിരിക്കുന്നു- ശാസ്ത്രസാങ്കേതികരംഗങ്ങളിൽ ഇതിന്റെ നില കുറേക്കൂടി അയഞ്ഞതാണ്‌.

ഒരു കൊല്ലന്റെ മകൻ അല്ലെങ്കിൽ ഒരു തട്ടാന്റെ മകൻ, അവന്റെ പാരമ്പര്യത്തിന്റെ അറിവ്‌, അവന്റെ ജനിതകത്തോട്‌ ചേർന്നുറച്ചാണുള്ളത്‌- ആ ഉറപ്പിന്മേൽനിന്നുകൊണ്ട്‌; തന്റെ വ്യക്തിത്വത്തിനോടുചേർന്നുകൊണ്ട്‌ അവനൊന്ന്‌ പുതുതായികണ്ടുപിടിക്കുന്നു. അപ്പോഴത്‌ ശാസ്ത്രസാങ്കേതിക വിദ്യകളിൽ അവന്റേയൊരു സംഭാവനയായി മാറുകയുംചെയ്യുന്നു. എന്നാലതിൽ പ്രശസ്തനാകാൻ ശ്രമിക്കാതെ അവയൊക്കെ തന്റെ ജീവിതത്തിന്റെ ഭാഗമാക്കുക മാത്രമാണ്‌ അവൻ ചെയ്യുന്നത്‌. തൊഴിലെന്നതിനപ്പുറം അവനത്‌ ഉപാസ്യത്തിന്റെയും ഉപാസനയുടെയും, ഉപാസനാഫലത്തിന്റെയും ലോകങ്ങളായിരുന്നു- കണ്ടെത്തലിന്റെ ഈയൊരു അനുഭൂതിലോകങ്ങൾ ആധുനിക ശാസ്ത്രസാങ്കേതിക രംഗങ്ങളിൽനിന്നും അന്യമായിരിക്കുന്നു.

ഏതൊന്ന്‌ ഉപാസിക്കുന്നുവോ അത്‌ ഉപാസന; എന്ത്‌ എങ്ങനെചെയ്യുന്നുവോ അത്‌ ഉപാസന- ഉപാസന; ഉപാസ്യൻ. ഏതൊരുകാര്യവും പഠിക്കാൻ ശ്രമിക്കുമ്പോഴും പ്രാധാന്യംനൽകേണ്ടത്‌ അറിവിനാണ്‌. പഠിക്കാൻശ്രമിക്കുന്നവനെ സംബന്ധിച്ച്‌- അവൻ; അറിവ്‌; അറിയേണ്ടുന്ന രീതി എന്നീ മൂന്നെണ്ണമുണ്ട്‌. ഇതിനെ അന്യമാക്കുന്ന തൊഴിലിനെ ഉന്നംവെച്ചാണ്‌ ഇന്ന്‌ എല്ലാവരും പഠിക്കാനിറങ്ങുന്നത്‌. അതുകൊണ്ട്‌ ആ തൊഴിലിന്‌ അത്യാവശ്യമുള്ളതൊക്കെ വശത്താക്കുകയെന്നല്ലാതെ സമഗ്രമായൊരു തൊഴിലറിവ്‌ ഇന്നാർക്കും ഉണ്ടാകുന്നുമില്ല. മുമ്പ‍്‌ അടുക്കളയിലെ ഒരമ്മ ഭർത്താവിനും മക്കൾക്കുമൊക്കെ കഞ്ഞിയും കറികളും പാകം ചെയ്തതുവരെ ഒരു ഉപാസനപോലെ ആയിരുന്നു; കുഞ്ഞിന്‌ ആഹാരം കൊടുക്കുന്നതിൽപോലും ഉപാ സനയുണ്ടായിരുന്നു- എന്താഹാരം കൊടുത്താലാണ്‌ കുഞ്ഞിന്റെ കോശങ്ങൾ ഉണരുന്നത്‌; ഏതുകൊണ്ടാണ്‌ അവന്റെ പ്രഭാവം കൂടുന്നത്‌; ഏതുകൊണ്ടാണ്‌ അവനിലെ പാരസ്പര്യം ഉണരുന്നത്‌; ഏതൊന്നുകൊണ്ടാണ്‌ അവൻ സൗമ്യനായിരിക്കുന്നത്‌ എന്നതൊക്കെ അമ്മയുടെ ഉപാസനയായിരുന്നു; ഉപാസനാഫലമായിരുന്നു. ഇത്തരം അമ്മമാരുടെ മക്കളായവർക്കാണ്‌ അയ ൽപക്കങ്ങളിലെയും ഹോട്ടലുകളിലെയും ആഹാരങ്ങൾ ഇഷ്ടപ്പെടാതെ വരുന്നത്‌. അതുകൊണ്ട്‌ ആ കാലങ്ങളിൽ ഹോട്ടൽ വ്യവസായംതന്നെ ഉണ്ടായതുമില്ല- നല്ലൊരമ്മ, ഉപാസനാപൂർവ്വം നല്ലരീതിയിൽ ആഹാരം പാകം ചെയ്തുകൊടുത്താൽ, അതിന്റെ രുചി നാവിലിരിക്കുന്ന ഒരുത്തനും ഒരിക്കലും, അതിനേക്കാൾ സ്വാദിഷ്ടമായി ലോകത്തൊരിടത്തുനിന്നും; മറ്റൊരാളിൽനിന്നും; ഒരു കടയിൽനിന്നും; ഹോട്ടലിൽനിന്നും കിട്ടില്ല. എന്നാൽ ഇന്ന്‌ ഹോട്ടൽ വ്യവസായം കൊഴുത്തുവളരുകയാണ്‌; വീട്ടിലെ ആഹാരം ഇഷ്ടപ്പെടാതെയാണ്‌ ഹോട്ടലുകളിൽ ആളുകൾപോയി കഴിക്കുന്നത്‌.

ഇതുപോലെതന്നെയാണ്‌ നിങ്ങളുടെ ഇന്നത്തെ വിദ്യാഭ്യാസവും തൊഴിൽ രംഗവുമൊക്കെ- വിദ്യാഭ്യാസത്തിന്‌ പോകുന്നതുതന്നെ ഒരു തൊഴിലെന്ന നിലയിലാണ്‌. അതുകൊണ്ട്‌ അറിവ്‌, പരമാവധി കോപ്പിയടിച്ച്‌ ജയിക്കുകയെന്നതായിരിക്കുന്നു; ശാസ്ത്രസാങ്കേതിക രംഗങ്ങളിൽ വലിയൊരു കുതിച്ചുചാട്ടത്തിന്റെയും കണ്ടുപിടിത്തത്തിന്റെയും സാദ്ധ്യത വളരെവിരളവുമായിരിക്കുന്നു. രണ്ടാമത്തെകാര്യം – ശരീരത്തിന്റെ വ്യത്യസ്ത ധർമ്മങ്ങൾ പുലർത്തുന്ന അവയവങ്ങൾക്ക്‌ സംഭവിക്കുന്ന കേടുപാടുകളുടെ രീതിവിധാനമാണ്‌. അവയ്ക്ക്‌ സാദ്യശ്യമുണ്ടായാൽ അവയെ ഒരു പട്ടികയിൽപ്പെടുത്തി ഔഷധകല്പനയെ ചെയ്യുമ്പോൾ, ആ കർമ്മമെങ്ങനെ ബാധിക്കുന്നുവെന്ന്‌ ചിന്തിക്കാനുള്ള കഴിവുപോലും ഇന്ന്‌ മസ്തിഷ്ക്കത്തിനില്ല- ഇതൊക്കെ വ്യാവസായികാടിസ്ഥാനത്തിൽ പുരോഗമിക്കുമ്പോൾ തീരേയുണ്ടാകുന്നില്ല.

വസ്തിയിൽ- മൂത്രാശയത്തിൽ ഒരു കേടുപാടുവരുമ്പോൾ; യകൃത്തിൽ- ലിവറിൽ കേടുണ്ടാകുമ്പോൾ; ലെൻസിൽ- ശ്വാസകോശത്തിൽ കേടുണ്ടാകുമ്പോൾ; ബ്രൈനിൽ- മസ്തിഷ്കത്തിൽ കേടുണ്ടാകുമ്പോൾ; ആന്ത്രത്തിൽ, ഗുദത്തിൽ, ഗ്രഹണിക്ക്‌, കണ്ഠഗോളത്തിൽ കേടുപാടുകൾ വരുമ്പോൾ; തൈറോയിഡിൽ- ആഗ്നിയാശയത്തിലും; പാൻക്രിയാസിൽ- പിത്താശയത്തിലുമൊക്കെ കേടുപാടുകൾ സംഭവിക്കുമ്പോൾ ആ അവയവങ്ങളുടെ ഘടന; അതിലെ കോശങ്ങളുടെ വ്യതിയാനം; കോശകോശാന്തരബന്ധത്തിന്റെ ഭാവതലങ്ങൾ- ഇവയൊന്നും പരിഗണിക്കാതെ; അവയവങ്ങളുടെ കർമ്മപരമായ വ്യതിയാനങ്ങൾ പരിഗണിക്കാതെയാണ്‌ അവയെ ഒരു പട്ടികയിൽപ്പെടുത്തി ഔഷധകല്പനയെ ഇന്ന്‌ ചെയ്തുവരുന്നത്‌.

ഒന്ന്‌, വിലോമമാകുന്ന വിസർജ്ജനപ്രക്രിയ. രണ്ട്‌, അനുലോമമാകുന്ന വിസർജ്ജനപ്രക്രിയ- ഒന്ന്‌ അനുലോമമാകുന്ന പ്രക്രിയയെയാണ്‌ തരുന്നതെങ്കിൽ മറ്റൊന്ന്‌ വിലോമമാകുന്നൊരു ഛർദ്ദനപ്രക്രിയയാണുണ്ടാക്കുന്നതെങ്കിലോ? മസ്തിഷ്കം – ഹൈപ്പോതലാമസ്സാണ്‌, അതിനോട്‌ അടുത്തിരിക്കുന്ന പിറ്റ്യുറ്ററിയിൽ ചേർന്നാണ്‌; അഡ്രീനൽ യോജിച്ചാണ്‌ മലമൂത്രാദിവിസർജ്ജനങ്ങളെ മുഴുവനും നിയന്ത്രിക്കുന്നത്‌. ഒരു ഛർദ്ദിയുണ്ടാകുമ്പോൾ- മലങ്കാരക്കയുടെ മണമടിക്കുകയോ, മലങ്കാരക്കരൂപാന്തരപ്പെടുത്തിയെടുത്ത `ഫലപിപ്പിലി` കഴിയ്ക്കുകയോചെയ്താൽ ഛർദ്ദി നിൽക്കും. അത്‌ രാസഛർദ്ദ്യുത്തേജനകേന്ദ്രത്തിൽ എത്തുമ്പോൾ ഛർദ്ദിപ്പിച്ചതിന്‌ വിലോമമായി; നേരെ എതിരായി പ്രവർത്തിക്കുകയാണ്‌ ചെയ്തത്‌. Peristalsisനുന്നേരെ വിപരീതമായ Antiperistalsis ഉണ്ടാക്കിയാണ്‌ ഛർദ്ദിപ്പിക്കുന്നത്‌. അപ്പോൾ ഒരല്പം ഇന്തുപ്പും അല്പം തേനുംകൂടി യോജിപ്പിച്ച്‌- ഒന്നിന്റെ ഉഷ്ണസ്വഭാവം മറ്റൊ ന്നിന്‌ വിഷാംശമാക്കിമാറ്റുമ്പോൾ, ഛർദ്ദനത്തെയത്‌ കൂടുതലായി സഹായി ക്കുന്നുവെങ്കിൽ- അങ്ങനെ ഛർദ്ദിപ്പിക്കുവാൻ പറ്റുന്നതരത്തിൽ രാസഛർദ്ദ്യുത്തേജനകേന്ദ്രത്തെ ത്വരിപ്പിക്കുന്നത്‌; ഛർദ്ദിനിയന്ത്രണകേന്ദ്രത്തെ ത്വരിപ്പിക്കുന്നത്‌ വേറൊന്ന്‌ കൊടുത്താൽ ഛർദ്ദിനിൽക്കും; അവിടെ നിയന്ത്രണമുണ്ടാകും. അപ്പോൾ ധർമ്മപരമായി; കർമ്മപരമായി എങ്ങനെയാണെന്ന്‌ അറിയണമെന്നർത്ഥം.

സൂക്ഷ്മമായത്‌ ധർമ്മം; അത്‌ സ്ഥൂലമായി പ്രകടമാകുന്നത്‌ കർമ്മം. ഒരാളിലിരിക്കുന്ന ധർമ്മത്തെ അവലംബിച്ചാണ്‌ അയാളിലെ കർമ്മം രൂപപ്പെടുന്നത്‌. ശരീരത്തിലെ ഓരോ കോശത്തിനും അതിന്റെ സൂക്ഷ്മമായൊരു ധർമ്മവും ആ ധർമ്മത്തെ ആസ്പദമാക്കിയുള്ള ഒരു കർമ്മവുമുണ്ടാകണം. അങ്ങനെ ഈ അവയവങ്ങളിലെല്ലാം – മുകളിൽ സൂചിപ്പിച്ച അവയവങ്ങൾ മാത്രമല്ല, അങ്ങനെ എത്രയോ അവയവങ്ങളുടെ കൂട്ടായ്മയാണ്‌ ഒരു ശരീരം. വ്യത്യസ്തധർമ്മങ്ങളും വ്യത്യസ്തകർമ്മങ്ങളുമുള്ള അവയവങ്ങളിൽ ഉളവാകുന്ന ഒരു മുഴ; ആ അവയവങ്ങളിലുണ്ടാകുന്ന ഒരു വ്രണം; ആ അവയവങ്ങളിലുണ്ടാകുന്ന ഒരു കീറൽ(Scratch) ഇങ്ങനെയൊക്കെയുള്ള ലക്ഷണങ്ങ ൾക്ക്‌ സമാനതകണ്ടാൽ, രോഗമെല്ലാം സമാനമാണെന്ന നിഗമനത്തിൽ ഒരു ഔഷധത്തെ പ്രയോഗിക്കുമ്പോൾ, അതിന്റെ ധർമ്മത്തെയും കർമ്മത്തെയും അതെങ്ങനെ ബാധിക്കുന്നുവെന്ന്‌ പഠിക്കാൻ ആധുനികർക്ക്‌ ഇന്നും കഴിഞ്ഞിട്ടില്ല.

വൈദ്യശാസ്ത്രത്തിന്റെ വികാസപരിണാമങ്ങളിലൂടെ എല്ലാ അവയവങ്ങളിലുംവരുന്ന കാൻസറിനെ ഒരേതരം പട്ടികയിൽപ്പെടുത്തുകയും അവയ്ക്ക്‌ ഒരേതരം ഔഷധത്തെ കൊടുക്കുന്നൊരു പ്രയോഗചാതുരിയും ഉണ്ടാക്കിയെടുത്തു- അങ്ങനെ ഒന്ന്‌ കണ്ടുപിടിക്കുന്നതിലേക്ക്‌; അതിലെ ആ കാൻസ്സറസ്സായിട്ടുള്ള വ്രണമോ മുഴയോ അതിവളർച്ചയെത്തിയ കോശങ്ങളോ നിർമ്മാർ ജ്ജനം ചെയ്യുക; അതിനൊരു ഔഷധം സഹായകമായി എന്നതുകൊണ്ടുമാത്രം, സമഗ്രമായൊരു മാനവപ്രകൃതിയെവെച്ചുകൊണ്ട്‌ ഒരു ഉത്തമ ചികിത്സയുണ്ടായെന്ന്‌ വിശ്വസിക്കേണ്ടിവരുന്നത്‌ ശ്രദ്ധേയമാണ്‌; വികസിതവും പരിഷ്‌കൃതവുമായെന്ന്‌ കരുതുന്ന ഒരു കാലത്ത്‌ കാൻസറിനെ ഒരു മഹാരോഗത്തിന്റെ പട്ടികയിൽ പെടുത്തുന്നതും ശ്രദ്ധേയമാണ്‌.

കാൻസറിനെക്കുറിച്ച്‌ രക്തത്തോട്‌ ബന്ധപ്പെട്ടുവരുന്ന; രക്തവികാരമായ പാണ്ഡുതയിൽപ്പെടുത്തി- പാണ്ഡുതയുടെ വിവിധ വിഭാഗങ്ങളിൽ  വാതജമോ, പിത്തജമോ, കഫജമോ, സന്നിപാതജമോ – സർവ്വലക്ഷണയുക്തമോ ആയിക്കണ്ട്‌, പൈത്തിക പ്രകൃതിയുടെ; കാമലയുടെ; പാണ്ഡുതയുടെ വ്യത്യസ്തതലങ്ങളിലുണ്ടാകുന്ന ലക്ഷണങ്ങളോട്‌ ചേർത്തുവെച്ച്‌ പഠിച്ചൊരു പ്രാചീനതലമുണ്ട്‌.

പാണ്ഡുതയെന്നുപറഞ്ഞാൽ, ആധുനികഭാഷയിലെ  `അനീമിയ`യാണ്‌- അത്‌ പലതരത്തിലുണ്ട്‌; പലവിഭാഗത്തിലുണ്ട്‌. Platelet കുറയുന്നത്‌ അനീമിയയാണ്‌. White Blood Cells (WBC) കൂടുകയോ, കുറയുകയോ ചെയ്യുന്നതിനെ അനീമിയുടെ പട്ടികയിലാണ്‌ പ്രാചീന ആയുർവ്വേദസംജ്ഞകൻ പെടുത്തിയിരിക്കുന്നത്‌. ഹീമോഗ്ളോബിൻ കുറയുന്നതും പാണ്ഡുതയാണ്‌. ഹീമോഗ്ളോബിൻ കുറയുകയോ കൂടുകയോ ചെയ്യുമ്പോൾ ഇരുമ്പിനെ ദഹിപ്പിക്കാൻകഴിയാതെ അത്‌ വേറിട്ട്‌ രക്തത്തിൽ കലരുകയാണെങ്കിൽ, അത്‌ മറ്റൊരു പാണ്ഡുതയുടെ ലക്ഷണമാണ്‌. ചിലരെ കണ്ടാൽ, കറുപ്പടിച്ചവരായി തോന്നും; അതവരുടെ സിറംഫെർട്ടിന്റെ അളവ്‌ പെട്ടെന്ന്‌ കൂടുന്നതുകൊണ്ടാണ്‌. ഇതൊക്കെ ഇന്ന്‌ രക്തംകൊണ്ടുപോയി ലാബുകളിൽ പരിശോധിച്ച്‌ നിർണ്ണയിക്കാം. എന്നാൽ ഇതൊക്കെ പണ്ടെങ്ങനെ നിർണ്ണയിച്ചുവെന്ന്‌ ചോദിക്കരുത്‌- അതേസമയം ഓർക്കണം, കറുത്ത പാടുകൾ കാണുന്നതെല്ലാം പാണ്ഡുതയാണെന്ന്‌ കരുതരുത്‌. എന്നാൽ പാണ്ഡുതയിൽ ചില പ്രത്യേകതരം സന്ദർഭങ്ങളിൽ – സമർത്ഥനായൊരു ഭിഷഗ്വരന്‌ കറുത്തപാടുകളെ തിരിച്ചറിയാം; തിരിച്ചറിഞ്ഞത്‌ ഒരു പൗരാണിക ശാസ്ത്രകാരനായ ഭിഷഗ്വരനാണെങ്കിൽ കണ്ടയുടനെപറയും, പച്ചക്കറികളിൽ പാവയ്ക്കയും വഴുതിനങ്ങയും ഇലക്കറികളിൽ മുരിങ്ങയിലയും ചീരയുമൊന്നും ഉപയോഗിക്കേണ്ടെന്ന്‌; അവയിലൊക്കെ ഇരുമ്പംശം കൂടുതലുണ്ട്‌; രക്തത്തിൽ ഇരുമ്പ്‌ വേറിടാൻ തുടങ്ങിയിരിക്കുന്നുവെന്നും പറയും- അവരുടെ ഭാഷ അതാണ്‌. ആധുനികരാണ്‌ ഇത്‌ കാണുന്നതെങ്കി ൽ, ഉടനെപോയി സിറംഫെർട്ട്‌ ടെസ്റ്റുചെയ്യാൻപറയും- ടെസ്റ്റുചെയ്തുനോക്കി പറയും, ഫെർട്ടിന്റെ അളവ്‌ വളരെ കൂടുതലാണെന്നും വളരെശ്രദ്ധിക്കണമെന്നും ഇനി വളരെബുദ്ധിമുട്ടാണെന്നും- ഇത്രയേ രണ്ടുംതമ്മിൽ വ്യത്യാസമുള്ളൂ. പൗരാണികർ `പാണ്ഡു`വെന്നുപറയുന്ന വിഭാഗത്തിന്റെ കളികളായേ ഇതിനെ കാണുന്നുള്ളു. രക്തത്തിന്റെ വികൃതികളും വികാരങ്ങളുമായി; അതിലെ വികാരങ്ങൾതന്നെ രക്തത്തിലേക്ക്‌, പിത്തശ്രവങ്ങൾ കലർന്നുവരുന്ന പലതരം പിത്തദൂഷ്യങ്ങളായി പരിണമിക്കുന്നു. പൈത്തികദൃഷ്ടികൾ- അതിൽതന്നെ കാമിലാവിഭാഗങ്ങൾ ഉണ്ടാകും. ത്വക്കിൽകാണുന്ന വിളർച്ച പാ ണ്ഡുതയുടെ ഒരു ലക്ഷണമാണ്‌. അത്‌ ത്വക്കിനെ എങ്ങനെബാധിക്കും; പാണ്ഡുതവന്നാൽ കണ്ണിനെയെങ്ങനെ ബാധിക്കും എന്നൊക്കെ  അവർക്കറിയാം- കണ്ണിന്റെ തടം; കൺപോള പതുക്കെ താഴ്ത്തിനോക്കിയാൽ അതിന്റെ വിളർച്ച കാണാം; കിതപ്പുണ്ടാകും.

പാണ്ഡുത കൂടുമ്പോൾ ഹൃദയത്തിന്റെ; ഫുത്ഫുസത്തിന്റെ ആവരണകലയിൽ ജലസഞ്ചയമുണ്ടാകും. അത്‌ ഏഴാമത്തെയും എട്ടാമത്തെയും എല്ലുകളുടെ ഇടയിൽനിന്ന്‌ ത്രികൂർച്ഛശസ്ത്രംകൊണ്ട്‌ ചോർത്തിക്കളയണമെന്ന്‌ `ഭൈഷജ്യരത്നാവലി`കാരൻ പറയും. ഇങ്ങനെ രേഖപ്പെടുത്തിയത്‌, പൗരാണികകാലത്തിലാണെന്ന്‌ ഓർക്കണം; ഇന്ന്‌ ആധുനികർ ചെയ്യുന്നതാണ്‌ അന്നവർ ചെയ്തതെന്നും മറക്കരുത്‌. ചക്ക്‌, ഉര, ഉരോഗ്രഹം- ഇതിൽ ഉരസ്‌ തോയി ലക്ഷണം, ഉരസിൽ തോയം; വെള്ളം നിറയുന്നത്‌. ഇതിനുള്ള ചികിത്സയും ഔഷധവുമൊക്കെ, തോയം ചോർത്തുന്ന വഴിയുമൊക്കെ വിശദ മായി ഭൈഷജ്യരത്നാവലിയിൽ കാണാം. Saint Vitus Dance സെയ്ന്റ്‌ വിൽച്ചൂസ്‌ ഡാൻസ്സെന്ന്‌  ആധുനികർപറയുന്ന, കൊറിയ വിൽസ്‌  ഡിസീസ്‌, പാർക്കിൻ സൺസ്‌ ഡിസീസ്‌, ടാർഡീവ്‌  ഡിസ്കൈനേഷ്യ ഇങ്ങനെ ഈഷത്ഔഷധ ഭേദങ്ങളിൽ കുറെയധികം രോഗങ്ങളുണ്ട്‌. ഇതിനെയൊക്കെ `താണ്ഡവരോഗ`മെന്ന പേരിൽ ഭൈഷജ്യരത്നാവലിയിൽ കാണാം- താണ്ഡവം നൃത്തമാണെന്ന്‌ ആർക്കുമറിയാം; നൃത്തം പഠിക്കാതെയാണ്‌ ഈ രോഗികൾ നൃത്തംചെയ്യുന്നത്‌. ഇതിനെയാണ്‌ ആധുനിക വൈദ്യശാസ്ത്രം സെയന്റ്‌ വിൽച്ചൂസ്‌ ഡാൻസ്‌ എന്നുപറയുന്നത്‌. സെയ്ന്റ്‌ വിൽച്ചൂസ്‌ അന്ന്‌ ഭക്തനായിക്കാണിച്ചൊരു നൃത്തമുണ്ട്‌, അതാണ്‌ ഈ രോഗികൾ ചെയ്യുന്നതെന്നാണ്‌ ഇതിന്റെ കല്പന- അപ്പോൾ പ്രാചീനകാലത്ത്‌ എങ്ങനെയാണ്‌ ഭാരതീയ പൗരാണികർ ഇത്‌ കണ്ടുപിടിച്ചതെന്നുമാത്രം ചോദിക്കരുത്‌. ഇതേക്കുറിച്ച്‌ ഡി.ഡി.കൊസാംബിയും മജ്ജുംദാരും രാഹുൽ സാംകൃത്യായനുമൊക്കെ കൃത്യമായി പറഞ്ഞേക്കും; കാരണം ഇവരുടെ വിലയിരുത്തൽ വായിച്ചാൽ തോന്നും, ഇവർക്കൊക്കെ നേരിട്ടുകണ്ടതിന്റെ അനുഭവമുണ്ടെന്ന്‌! അതു കൊണ്ട്‌ പ്രാചീനകണ്ടുപിടിത്തങ്ങളുടെ കാലവും കണ്ടെത്തിയതിന്റെ ഉപകരണങ്ങളുമൊക്കെ തേടിപിടിക്കാൻ ശ്രമിക്കുമ്പോൾ അപകടത്തിൽപെടും. എന്നാൽ ഇന്നത്തേക്കാൾ കൂടിയ സങ്കേതങ്ങളും സാങ്കേതികവിദ്യകളും അന്നുണ്ടായിരുന്നോ; ഇല്ലാതിരുന്നോ എന്നൊക്കെ ചിന്തിക്കുകയുമാകാം. പക്ഷെ, ഇന്നുള്ളവർ ചിന്തിക്കാത്ത രണ്ടുമൂന്ന്‌ കാര്യങ്ങൾക്ക്‌ അവർ പ്രാധാന്യം കൊടുത്തുവെന്നത്‌ ശ്രദ്ധേയമാണ്‌- അത്‌ അർബുദരോഗത്തെക്കുറിച്ച്‌ പഠിക്കുമ്പോൾ ഏറെപ്രാധാന്യമുള്ളതാണ്‌.

അർബ്ബുദത്തിലെ ഒരുവിഭാഗം അർബ്ബുദമെന്ന്‌- ആയുർവ്വേദഗ്രന്ഥങ്ങളിലോ, താളിയോലകളിലോ കണ്ടുപിടിച്ച്‌, അതിനുള്ള ആ മരുന്ന്‌ എഴുതിയെടുത്ത്‌ രോഗികൾക്ക്‌ കൊടുത്താൽ കാൻസറിന്‌ ഇന്ന്‌ ആധുനിക വൈദ്യശാസ്‌ ത്രം ഒരു ഔഷധം കൊടുക്കുന്നതുപോലെ മാത്രമായിത്തീരും. മറിച്ച്‌, കാൻസർ ഏത്‌ അവയവത്തിലാണ്‌; അതുമായി ബന്ധപ്പെട്ടവരാവുന്ന രോഗങ്ങളു ടെ കായചികിത്സാക്രമങ്ങൾ- ഏതെങ്കിലും ആയുർവ്വേദഗ്രന്ഥങ്ങളൊ താളിയോലകളൊ; `സുശ്രുത`ത്തിൽ നിന്നൊ; `ചരക`ത്തിൽ നിന്നോ; വാഗ്ഭടന്റെ `അഷ്ടാംഗഹൃദയ`ത്തിൽനിന്നൊ; `ഭൈഷജ്യരത്നാവലി`യിൽനിന്നോ കുറിച്ചെടുക്കുമ്പോൾ- ഏത്‌ അദ്ധ്യായത്തിൽ, എങ്ങനെയൊക്കെയാണ്‌ വർണ്ണിച്ചിരിക്കുന്നതെന്ന്‌ പഠിക്കണം. അവിടെ ഔഷധത്തെ കൊടുക്കുമ്പോൾ, ആ അവയവത്തിന്‌ കേടുവരാതെയും ആ അവയവത്തിൽ സംബന്ധിച്ചിരിക്കുന്ന വാതികം, പൈത്തികം, കഫജം തുടങ്ങിയ വികാരങ്ങളെമാത്രം ഉച്ചാടനം ചെയ്യുന്നവിധത്തിൽ- ഇതര അവയവങ്ങളുടെ ഘടനാവൈചിത്ര്യങ്ങൾക്ക്‌ കേടുപാടുകളുണ്ടാക്കാതെയൊക്കെവേണം എന്നുള്ള ശാസന പ്രത്യേകം പഠിക്കണം; വൈദ്യജന്യരോഗങ്ങളിലേക്ക്‌ വഴുതിമാറാതിരിക്കേണ്ടതിന്റെ ആവശ്യകത പ്രധാനമാണ്‌ – ആധുനികകാലത്തെ രോഗങ്ങളിൽ അധികവും വൈദ്യജന്യരോഗങ്ങളാണ്‌; ഇതേക്കുറിച്ച്‌ വളരെവിപുലമായ പഠനം ആവശ്യ മാണ്‌; `സോഷ്യൽ അയാട്രോജനിക്‌`, `കൾച്ചറൽ അയാട്രോജനിക്‌`, `ക്ളിനിക്കൽ അയാട്രോജനിക്‌` ഈ മൂന്ന്‌ പരിണാമങ്ങളെക്കുറിച്ച്‌ അറിയേണ്ടതാണ്‌; ഇത്‌ വളരെവിസ്തൃതമായ പഠനമായിരിക്കും. കാരണം ഈ മൂന്നെണ്ണംമാത്രമല്ല, ഇതിന്റെ ഉപവിഭാഗങ്ങൾ എത്രയോ ആയിരിക്കും.

രോഗത്തെക്കുറിച്ച്‌ ഒരു ഭിഷഗ്വരപ്രമാണി സമൂഹത്തിൽ ഭയമുളവാക്കും വിധം മാധ്യമങ്ങളിലൂടെ സംസാരിക്കുമ്പോൾ- രോഗത്തെക്കുറിച്ചുള്ള അയാളുടെ അറിവുകളും, അയാളുടെ വൈദ്യശാസ്ത്രത്തിന്റെ അറിവുകളും, ഒരാളിൽ ഭയം ഉല്പാദിപ്പിക്കുന്ന ഹിസ്റ്റമിനുകളും ഭയം ഹേതുവായി അയാളുടെ അവയവങ്ങളിലുണ്ടാകുന്ന പരിണാമങ്ങളും; അത്‌ ഹേതുവായി അയാളിൽ വരുന്ന അന്തഃസ്രാവികൾ ശ്രവിപ്പിക്കുന്ന ശ്രവങ്ങളും ശ്രദ്ധേയമാണ്‌. ഭിഷഗ്വരന്റെ ഭയമുളവാക്കുന്ന വാക്കുകളെ നേരിട്ടുകേൾക്കാത്തവരാണെങ്കിൽ- അതേക്കുറിച്ച്‌ കേട്ടറിഞ്ഞാൽ; വായിച്ചറിഞ്ഞാൽ; അതേക്കുറിച്ച്‌ കുടുംബാംഗങ്ങളുമായി ചർച്ചചെയ്താൽ- ഇങ്ങനെയൊക്കെ ആ ഭയം സോഷ്യ ലായൊരു രീതിവിധാനമായി വളരുമ്പോൾ, ആ രോഗം തന്റെയൊരു ബന്ധുവിന്‌ ഉണ്ടെന്നറിയുമ്പോൾ; ശത്രുവിന്‌ ഉണ്ടെന്നറിയുമ്പോൾ അവന്റെ മൃത്യു കഴിഞ്ഞുവെന്ന്‌ തോന്നുക; ഇതേ വികാരത്തോടെ അവന്റെ അമ്മയും അച്ഛനും മകനും മകളും ഭാര്യയുമൊക്കെ അവന്റെയരികത്ത്‌ ചെന്നിരുന്ന്‌ അവനെ ക്കുറിച്ച്‌ വിലപിക്കുക; അവർ പറയുന്നതിനെക്കുറിച്ച്‌ അവൻ സങ്കല്പിക്കുക- കാണുകയും വിലപിക്കുകയും ചെയ്തതിനെ സങ്കല്പിക്കുമ്പോൾ അവൻ ആ സങ്കല്പങ്ങളിലൂടെ മൃത്യുവിലേക്ക്‌ പോകുന്നു; മൃത്യുവിലേക്ക്‌ കടന്നു പോകുന്നത്‌ യഥാർത്ഥത്തിലിവിടെ, രോഗം കൊണ്ടാണോ അതല്ല, `സോഷ്യൽ അയാട്രോജനിക്‌ നേച്ചർ` കൊണ്ടാണോ? കോട്ടയത്തുകാരൻ ഒരു മത്തായി- ശരീരത്തിലൊരു വേദനയെന്നുംപറഞ്ഞ്‌ അദ്ദേഹത്തെ ആശുപത്രിയിൽ അഡ്മിറ്റ്ചെയ്ത വിവരമറിഞ്ഞ്‌ സുഹൃത്ത്‌ ഓടിച്ചെന്നു; രോഗം കാൻസറാണെന്ന്‌ സങ്കല്പിച്ച്‌, ഇതു പോലെ അദ്ദേഹത്തിന്റെ മകളും മരുമക്കളും ഓടിച്ചെന്നു; അമേരിക്കയിൽനിന്നും ഇംഗ്ളണ്ടിൽനിന്നുമൊക്കെ ഓടിവന്നു. ഇങ്ങനെ എല്ലാവരും ഓടിക്കൂടിയത്‌ കാണുന്ന മത്തായി- അതുവരെ പ്രസന്നതയോടെ സംസാരിച്ചിരുന്ന മത്തായി, വന്നുചേർന്നവരുടെ മുഖവൈകല്യങ്ങളും ശരീരഭാഷയും കാണുമ്പോൾ താൻ മൃത്യുവിന്നടുത്താണെന്ന്‌ സങ്കല്പിക്കുകയായി; അപ്പോൾ ഓടിയെത്തിയ ഒരു ബന്ധു `എന്റെ മത്തായിച്ചാ`യെന്ന്‌ നിലവിളിക്കുകകൂടി ചെയ്തപ്പോൾ മത്തായി തീരുമാനിച്ചു- കർത്താവ്‌ തന്റെ ദിവസം തീരുമാനിച്ചുകഴിഞ്ഞുവെന്ന്‌. അതുവരെ സുഖമായി സംസാരിച്ചിരുന്ന മത്തായിയുടെ സ്വരം താണു; വിഷാദിയായി; വേദന ശരീരമാകെ വ്യാപിക്കാനും തുടങ്ങി. മത്തായിയുടെ അന്തഃസ്രാവികൾ അയാളെകൊല്ലാൻപര്യാപ്തമായ സ്രവങ്ങളെല്ലാം തള്ളിവിടാൻ തുടങ്ങി; ആന്തരികാവയവങ്ങളുടെ കെട്ടുകളഴിയാൻ തുടങ്ങി- അങ്ങനെ മത്തായി സമയമാം രഥത്തിൽ യാത്രയുമായി; ജീവനോടെതന്നെ; ഇതിന്‌ സോഷ്യൽ അയാട്രാജനിക്കെന്നു പറയും.

രോഗത്തെക്കുറിച്ച്‌ രോഗി അറിഞ്ഞില്ലെന്ന്‌ ബന്ധുക്കൾ എല്ലാവരോടും പറയും- രോഗത്തെക്കുറിച്ച്‌ രോഗിയോട്‌ പറയാതിരിക്കാൻ. അങ്ങനെ രോഗത്തെക്കുറിച്ച്‌ എല്ലാവരും അറിഞ്ഞു; ഇപ്പോൾ അറിയാത്തത്‌ രോഗിമാത്രമേ യുള്ളൂ വെന്നാണ്‌ പരസ്പരം എല്ലാവരും പറഞ്ഞുഫലിപ്പിക്കുന്നത്‌. എന്നാൽ, ഇപ്പോൾ നന്നായി അറിഞ്ഞത്‌ രോഗിമാത്രമാണ്‌- രോഗവിവരമറിഞ്ഞ്‌ ഓടി യെത്തിവരുടെ ഭാവഹാവാദികളിലൂടെ  രോഗി ഉത്കണ്ഠപ്പെടുമ്പോൾ, ആദ്യ ത്തെ ടെസ്റ്റ്‌ ഫെയിൽഡാണ്‌; എപ്പിത്തീലിയൽ സെൽസ്‌ ഇല്ല. രണ്ടാമത്‌ വീണ്ടും നോക്കി CEA-CA125, CA19.9. ഒക്കെ നോക്കി; അതിലൊന്നും മാറ്റമില്ല. രോഗി പുരുഷനാണ്‌- `പ്രോസ്ട്രേറ്റി`ലെങ്ങാനും ഇനി കടന്നുകൂടിയിട്ടുണ്ടോ എന്നറിയാൻ PSAയും നോക്കി, അതിലുമില്ല. ടെസ്റ്റുകളിലൊന്നും അർബുദലക്ഷണങ്ങൾ ഉണ്ടെന്നുപറയാവുന്ന ഒരു തെളിവും കണ്ടില്ല. എന്നാലും ഡോക്ടർ നിശ്ചയിച്ചു, രോഗം അർബുദമാണെന്ന്‌- Somehow it is Cancer. കാൻസറാണെന്ന്‌ ഡോക്ടർ നേരത്തെ ബന്ധുക്കളോട്‌ പറഞ്ഞുകഴിഞ്ഞു; ഇനിയത്‌ അങ്ങനെയല്ലെന്ന്‌ പറയാനാവില്ല; തന്റെ ഇത്രയുംകാലത്തെ അറിവുകൾക്കുമുന്നിൽ ഒരു ചോദ്യമാകും. ഉടനെ കുറെമരുന്നുകളും ഉപദേശങ്ങളും കൊടുക്കും. പിന്നെ, മറ്റൊരു ഡോക്ടർക്ക്‌ `റെഫർ` ചെയ്യും; ഇവർ അവസാനം മുകളിലൊരാൾക്ക്‌ റെഫർ ചെയ്യും.

അനേകം ആളുകളുടെ മരണങ്ങൾ കണ്ടുകഴിഞ്ഞ ഒരു  രോഗസംസ്ക്കാരം- എന്റെ അമ്മ കാൻസർ വന്നാണ്‌ മരിച്ചത്‌; അമ്മൂമ്മയുടെ മരണകാരണവും അതാണെന്നാണ്‌ കേട്ടത്‌- കാൻസറാണെന്ന്‌ അന്ന്‌ ടെസ്റ്റ്‌ ചെയ്തെങ്കിലും, ഇതുപോലൊരു മുഴ അവർക്കുണ്ടായിരുന്നു. പിന്നെ എനിക്കൊരു അമ്മാവനുണ്ടായിരുന്നു, അങ്ങോരുമരിച്ചതും ഇങ്ങനെയാ. എനിക്കൊരു മൂത്ത സഹോദരനുണ്ടായിരുന്നു, അദ്ദേഹം മരിച്ചത്‌ എങ്ങനെയായിരുന്നുവെന്ന്‌ കൃത്യമായി അറിയില്ലെങ്കിലും, ഇതിന്റെ സൂചനയുണ്ടെന്നാണ്‌ തോന്നുന്നത്‌- ഇത്തരമൊരു രോഗിക്ക്‌, അവന്റെ സംസ്ക്കാരത്തിൽ രോഗഭീതിയുണ്ടെന്നാണ്‌ അർത്ഥം; ഈ രോഗത്തെ ആനയിക്കുന്നൊരു ഭീതി- ഇത്‌ കൾച്ചറൽ അയാട്രോജനിക്കാണ്‌.

ആളെ നോക്കിക്കണ്ടയുടനെ, ഇയാൾക്ക്‌ കാൻസറാണെന്ന്‌ ഡോക്ടർ തീരുമാനിച്ചു; പോയി CEA എടുത്തുകൊണ്ടുവരാൻ പറഞ്ഞു. ആദ്യം മൂത്രമൊന്നുപരിശോധിച്ചു- എപ്പിത്തീലിയൽ സെൽസ്‌ ക്രമാധീതമായിട്ടുണ്ടോ? കൂടുതലുണ്ടെങ്കിൽ കാൻസറിന്റെ ലക്ഷണമെന്ന്‌ ബുദ്ധിയിൽ കുറിച്ചിടുന്നു. പക്ഷെ, മൂത്രം പരിശോധിച്ചപ്പോൾ അങ്ങനെ കണ്ടില്ല; ഡോക്ടർ നേരത്തെ അങ്ങനെ തീരുമാനിച്ചിട്ടുമുണ്ട്‌. ഡോക്ടർ അയാളുടെ ബന്ധുവിനെ വിളിച്ചു പറഞ്ഞു, ഇയാൾക്ക്‌ കാൻസറാണോയെന്ന്‌ ശങ്കയുണ്ടെന്ന്‌- ബന്ധുവിന്റെ മുഖം അപ്പോഴേ, `കൾച്ചറും` `സോഷ്യലും` കൊണ്ട്‌ വാടിക്കഴിഞ്ഞു; അയാൾ അടുത്ത ബന്ധുക്കളോടുപറഞ്ഞു, വിദഗ്ധ ഡോക്ടറാണ്‌; നല്ലപോലെ വികസിച്ച ശാസ്ത്രമാണ്‌, ശങ്കയെ അവിശ്വസിക്കേണ്ടതില്ലെന്ന്‌. ഇങ്ങനെ ക്ളിനിക്കൽ അയാട്രോജനിക്‌, സോഷ്യൽ അയാട്രോജനിക്‌, കൾച്ചറൽ അയാട്രോജനിക്‌- ഇത്‌ വളരെ വിപുലമായൊരു ശാഖയാണെന്ന്‌ അറിയണം. ഇവയൊക്കെ സംജാതമാകുന്നത്‌ സമഗ്രമായി മാനവശരീരത്തെയും മാനവമനസ്സിനെയും മാനവചിത്തത്തെയും ബുദ്ധിയെയും അഹന്തയെയും ഒന്നും പരിഗണിക്കാത്തതുകൊണ്ട്‌ മാത്രമാണ്‌. അതുകൊണ്ട്‌ ഏതെങ്കിലും ഒരു അവയവത്തിന്‌ സംഭവിക്കുന്ന ജീർണ്ണത, മറ്റൊരു അവയവത്തിൽ സംഭവിക്കുമ്പോൾ ആ അവയവങ്ങളുടെ വൈജാത്യത്തെ അവലംബിച്ച്‌ പഠനങ്ങൾ നടത്തണം. അത്തരം പഠനങ്ങളുടെ അപര്യാപ്തതയും ആ അവയവങ്ങളുടെ ധർമ്മത്തെ അവലംബിച്ചുനടത്തേണ്ടുന്ന പഠനങ്ങളുടെ അപര്യാപ്തതയും വെച്ചുകൊണ്ടുവേണം ആ അവയവങ്ങൾ ഏതേതുതരം കോശങ്ങളാൽ നിർണ്ണയിച്ചിരിക്കുന്നുവെന്ന്‌ മനസ്സിലാക്കാൻ. ആ കോശാന്തരവ്യാപാരങ്ങളെ അടിസ്ഥാനപ്പെടുത്തി നടത്തേണ്ടിയിരുന്ന പഠനങ്ങളുടെ അപര്യാപ്തതയുമെല്ലാം ഇന്ന്‌ ശാസ്ത്രരംഗത്ത്‌ വളരെപ്രാധാന്യമർഹിക്കുന്ന വിഷയങ്ങളാണ്‌- ഇത്തരം പഠനങ്ങൾക്കൊക്കെ വ്യാവസായിക പ്രാധാന്യം കുറവുമാണ്‌; രോഗത്തെക്കുറിച്ചുള്ള പ്രാചീനരുടെ ഊന്നൽ ഇവിടെയാണ്‌; ഇതാണ്‌ ആധുനികരും പ്രാചീനരും തമ്മിലുള്ള അന്തരവും.

 

Category(s): ആയുര്‍വ്വേദം
Tags: , , ,

Leave a Reply

Your email address will not be published. Required fields are marked *

*

 

You may use these HTML tags and attributes: <a href="" title=""> <abbr title=""> <acronym title=""> <b> <blockquote cite=""> <cite> <code> <del datetime=""> <em> <i> <q cite=""> <strike> <strong>