[ Full Text - Source: August 2012 issue ]
ആയുർവ്വേദസത്യത്തിൽ കാലം, അർത്ഥം, കർമ്മം എന്നിവയുടെ ന്യൂനമിഥ്യാതി യോഗങ്ങളാണ് രോഗത്തിനു കാരണം എന്ന നിലയിലുള്ളൊരു അന്വേഷണമാണ് നാം നടത്തിവന്നത്. അതിൽ കാലം, ആന്തരികമെന്നും ബാഹ്യമെന്നും കണ്ടു- ആന്തരികകാലത്തെ ആസ്പദമാക്കി വയസ്ചക്രത്തെയാണ് നാം മനസ്സിലാക്കി വരുന്നത്. ഒരു കുഞ്ഞ് ജനിച്ചു മരിക്കുന്നതിനിടയിലുള്ള കാലത്തിൽ ഏതു സമയത്തു വേണമെങ്കിലും രോഗം വരാം- വയസ്സംബന്ധ പ്രകൃതിയെ അടിസ്ഥാനപ്പെടുത്തി, കാലത്തെ അതായത് പ്രായത്തെ വലിയൊരു ഘടകമായി പരിഗണിക്കുകയാണിവിടെ.
പ്രായത്തെ എങ്ങനെയാണ് രോഗത്തെ സംബന്ധിച്ച് നിശ്ചയിക്കുന്നതെന്ന് പ്രത്യേകം അറിയണം. കാലത്തിന്റെ പ്രകടീഭാവത്തിൽ, കുട്ടികളിൽ ആസ് തമയും യുവാക്കളിൽ ത്വക്ക്‌രോഗങ്ങളും വൃദ്ധരിൽ രാജേഷ്മയും ഉണ്ടാകുന്നു; അതേ സമയം ഏതുപ്രായത്തിലും കോശങ്ങളെ വാർദ്ധക്യത്തിലേക്ക് നയിക്കുന്ന അർബുദവുമെല്ലാം പ്രകടമാണ്- ഇത് വയസ്ചക്രത്തോ ടുബന്ധപ്പെട്ട് പറയും.
എങ്ങനെയാണ് ഈ വയസ്ചക്രം പ്രായത്തെയുണ്ടാക്കി വികസിക്കുന്നത്? പ്രാചീനരുടെ ഭാഷയിൽ `അസ്ഥിജായതേ വർദ്ധിതേ വിപരിണാമതേ അപക്ഷിയതേ വിനശ്യതി`യെന്നും പറയും- ഇത് സ്വഭാവേന സംഭവിക്കുന്നതാണ്. അസ്ഥിജായതേ- ജനിക്കുന്നു; വിപരിണാമതേ- പരിണമിക്കുന്നു; അപക്ഷീയതേ- ക്ഷയിക്കുന്നു. ഇതേക്കുറിച്ച് വീണ്ടും ആലോചിക്കുകയാണെങ്കിൽ ഇതിനെ വിഭജിക്കാം; എങ്ങനെ വിഭജിക്കാം? കോശങ്ങളിൽ നിത്യ നിരന്തരമായ പരിണാമപ്രക്രിയ നടന്നുകൊണ്ടിരിക്കുകയാണ്. നമ്മുടെ ഉദരത്തിലുംമറ്റും അഞ്ചുദിവസംമാത്രം ആയുസ്സുള്ള കോശങ്ങളുണ്ട്- ലിബർ ക്കൻ പോലുള്ളവ. അതേസമയം മസ്തിഷ്ക്കത്തിലുംമറ്റും നാം ജനിച്ചതു മുതൽ മരിക്കുന്നതുവരെ ജീവിച്ചിരിക്കുന്ന കോശങ്ങളുമുണ്ട്. കോശങ്ങളിൽ ഓരോന്നിന്റെയും ആയുർദൈർഘ്യം അതിന്റെ പ്രവർത്തനരീതിയനുസരിച്ച് വ്യത്യാസപ്പെടുകയും ഇടയ്ക്കിടയ്ക്ക് അവ മരിച്ച്, പുതിയ കോശങ്ങൾക്ക് ആ സ്വഭാവം കൈമാറ്റുകയും ചെയ്യും- ഇങ്ങനെ നിരന്തരമായൊരു പ്രക്രിയയാണ് ജീവിതം; അപ്പോൾ കോശത്തിന് സ്വഭാവേന എല്ലാവരിലും ഒരു പോലെയാണോ വാർദ്ധക്യംവരുന്നത്; ഒരു പോലെയാണോ വളരുന്നത് ? അല്ല.
ബാഹ്യകാലം കോശവളർച്ചയിൽ ഒരു പങ്കുവഹിക്കുന്നുണ്ട്; ചില കോശങ്ങളിൽ ആയുർദൈർഘ്യം കുറയാറുണ്ട്. ദേശപ്രകൃതി നേരത്തെ പ്രവർത്തിക്കുകയാണ്. ചില ആഹാരപദാർത്ഥങ്ങളുടെ ശീലം വാർദ്ധക്യത്തെ നേര ത്തെ എത്തിക്കാറുണ്ട്- ചില മാതാപിതാക്കൾക്ക് ജനിക്കുന്ന കുട്ടികൾക്ക് വാർദ്ധക്യം നേരത്തെയുണ്ടാകാറുണ്ട്; മാതാപിതാക്കൾ ജീവിച്ചിരിക്കുമ്പോൾതന്നെ വാർദ്ധക്യംവന്ന് മക്കൾ മരിച്ചുപോകാറുണ്ട്. നാം ബാഹ്യമായ ആയുർദൈർഘ്യമേ കണക്കാക്കാറുള്ളൂ- സൈറ്റോക്രോമിനെ; കോശ സമയമാപിനിയെ ആസ്പദമാക്കി ആയുർദൈർഘ്യത്തെ കണക്കാക്കാറില്ല. മുതിർന്നവരേക്കാൾകൂടുതൽ ചിന്തയും മുതിർന്നവർ പെരുമാറുന്നതുപോലെ വളരെപക്വമായി പെരുമാറുകയുംചെയ്യുന്ന കുട്ടികളെ കാണാം; അത്തരം കുട്ടികളിൽ മാതാപിതാക്കൾ അഭിമാനിക്കാറുണ്ട്; സന്തോഷിക്കാറുണ്ട്- പക്ഷേ, വളരെ സൂക്ഷിക്കണം; തന്റെ പ്രായത്തിന് അനുഗുണമായതിൽകൂടുതൽ കാര്യങ്ങൾ കുട്ടികൾ ചെയ്യുമ്പോൾ പഴയ ആളുകൾ പറയും, അവന്റെ കാര്യത്തിൽ ഒന്ന് ശ്രദ്ധിക്കണമെന്ന്; നമ്മളെ ദുഃഖിപ്പിച്ച് നേരത്തെ കടന്നുപോകാനുള്ള വരവാണിതെന്ന്- അവൻ വളരെ വേഗത്തിലാണ് വാർദ്ധക്യത്തിലേക്ക് പോകുന്നത്; അപ്പോഴവന്റെ ആയുസ്സിനെ പിടിച്ചു നിർത്താനാവില്ല- ആയുർവ്വേദത്തിന്റെ ചിന്ത താത്ത്വികമായി ഇങ്ങനെയാണ്. വ്യക്തിയുടെ വയസ്ചക്രത്തെ മാറ്റിമറിക്കുന്നതിന്; ആന്തരികകാലത്തെ മാറ്റി മറിക്കുന്നതിന്, കോശവിഭജനപ്രക്രിയയിൽ കോശകലനം(സൈറ്റോകാല്ക്കുലസ്) ചുറ്റുപാടുകൾവഴി വഹിക്കുന്ന പങ്ക്; ആഹാരംവഴി വഹിക്കുന്ന പങ്ക്; ഔഷധങ്ങൾവഴി വഹിക്കുന്ന പങ്ക്- ഇതേക്കുറിച്ചെല്ലാം പൂർവ്വികരുടെ പഠനങ്ങളിലുണ്ട്.
പഴയകാലത്തെ ആളുകൾ വളരെക്കുറച്ച് സ്ഥലത്തുമാത്രമേ കൃഷി ചെ യ്തിരുന്നുള്ളു; വളരെക്കുറച്ച് സ്ഥലങ്ങൾമാത്രമേ താമസത്തിന് തെരഞ്ഞെടുത്തിരുന്നുള്ളു- വളരെചെറിയ വീടുകൾവെച്ചാണ് താമസിച്ചിരുന്നത്; മണ്ണുകൊണ്ടുണ്ടാക്കിയ ഭിത്തികളും നിലവുമൊക്കെ മണ്ണുമെഴുകി; ചാണകമെഴുകിയ മുറികളുമായിരുന്നു അവർ ഉപയോഗിച്ചിരുന്നത്. അന്നത്തെക്കാലത്ത് അവർ ഇങ്ങനെയൊക്കെ ചെയ്തത് അറിവില്ലായ്മകൊണ്ടായിരുന്നോ; അറിവുള്ളതുകൊണ്ടായിരുന്നോ? ഇതിന് ഉത്തരം കണ്ടെത്തേണ്ടത് വികാരം കൊണ്ടല്ല; പഠനം കൊണ്ടാണ്- അതിന് വ്യാസനും വസിഷ്ഠനും അത്രിയുമടങ്ങുന്ന ഭാരതീയ ചിന്തകന്മാരെയും പ്ളാറ്റോയും അരിസ്റ്റോട്ടലുമടങ്ങുന്ന പാശ്ചാത്യചിന്തകന്മാരെയും ഉദാഹരിക്കാം. ആ കാലഘട്ടത്തിന്റെ ചിന്തയുടെ ലോകം വളരെശക്തമായി ഉണർന്നുനില്ക്കുന്നു; ഭാഷ അവക്രമായിരിക്കുന്നു; നിഘണ്ടുനിരുക്താദികളൊക്കെ ഉണ്ടായിരിക്കുന്നു; ശാസ്ത്രസാങ്കേതികവിദ്യകൾ അത്രയും വളർന്നിരിക്കുന്നു; പൊതു ഇടങ്ങളും ആരാധനാഇടങ്ങളുംമറ്റും ഇന്ന് ലോകംകണ്ടതിൽവെച്ച് ഏറ്റവും ഉന്നതമായ സാങ്കേതിക വിദ്യകൾകൊണ്ട് ഉണ്ടാക്കിയിരിക്കുന്നു; കല്ലുകളിലുംമറ്റും താളംപിടിക്കാൻ പാകത്തിൽ- സപ്തസ്വരങ്ങൾ ഉണർത്താൻ അറിയാവുന്ന ഒരു ജനത, എന്നിട്ടുമവർ സ്വന്തം ജീവിതംവരുമ്പോൾ, ലളിതമായി ജീവിക്കാൻ ശീലിച്ചു- ലളിതമായി ജീവിച്ചുവെന്നതിനെ ഇന്നത്തെ വിദ്യാഭ്യാസംവെച്ച് അയത്നലളിതമായി മനസ്സിലാകുന്ന കാര്യമാണെന്ന് തോന്നുന്നില്ല.
ദ്രവ്യങ്ങളുടെ സ്വഭാവത്തെക്കുറിച്ച്- അനുഭവം കൊണ്ടോ; നിഗമനികങ്ങളായ യുക്തികളെക്കൊണ്ടോ; വ്യക്തമായ പഠനങ്ങൾകൊണ്ടോ അവർക്ക് മനസ്സിലായിട്ടുണ്ടാകുമോ, ദ്രവ്യങ്ങളുടെ സ്വഭാവം? ഒരു പൂർവ്വാചാര്യൻ പറയുന്നുണ്ട്, ദ്രവ്യങ്ങൾക്ക് സ്വഭാവമുണ്ടെന്ന്; ദ്രവ്യത്തിൽ അടങ്ങുന്ന ഘടകങ്ങളുണ്ടെന്ന്- ഭൂവിൽ നട്ടൊരു ഞാവൽ; അത് മണ്ണിൽനിന്ന് വലിച്ചെടുക്കുന്ന വളം, അതിന്റെ സ്വഭാവംകൊണ്ട് ഇലയിൽ ആഹാരമായി രൂപാന്തരപ്പെടുത്തുമ്പോഴുള്ള അതേ സ്വഭാവമല്ല, ഒരു മാവിനുള്ളത്. ഒരേ ചാണകവും ചാരവുമൊക്കെ തന്നെയാണ് ഞാവലിനും മാവിനും ഇട്ടുകൊടുക്കുന്നത്. എന്നാൽ ഇതിനെ ഒരേ പോലെയല്ല ഞാവലിലയും മാവിലയും സ്വീകരിച്ചത്; ഞാവൽ മരത്തിൽ മാങ്ങയും മാവിൽ ഞാവൽകായയും ഉണ്ടാകുന്നുമില്ല- ഓരോന്നിനും അതിന്റേതായ സ്വഭാവമുണ്ട്. ഈ സ്വഭാവത്തിന് അനുഗുണമായാണ് അവയുടെ വളർച്ചയും വികാസവും.
ഒന്ന് ഉല്പന്നമാകുക; നിലനില്ക്കുക; നശിക്കുക എന്നീ പ്രക്രിയയിൽ ഒരു കാലമുണ്ട്. ബാഹ്യമായ ഈ കാലത്തെ നാം ആദരിക്കുമ്പോഴും; ഇവയോടൊക്കെ സഹവസിക്കുമ്പോഴും; സൂര്യന്റെയും ചന്ദ്രന്റെയും അഗ്നിയുടെയുമൊക്കെ പ്രകാശം നമ്മിൽ രൂപാന്തരപ്പെടുമ്പോഴും- ഇവയൊക്കെ നമ്മു ടെ ആരോഗ്യത്തെയും ആയുസ്സിനെയും എങ്ങനെയൊക്കെ രൂപാന്തരപ്പെടുത്തുന്നുവെന്ന്; എങ്ങനെയൊക്കെ മാറ്റിമറിക്കുന്നുവെന്ന് ശ്രദ്ധിക്കേണ്ടതാണ്. അതുകൊണ്ട് അറിയണം, ഇവയൊക്കെ കോശവിഭജനപ്രക്രിയയിൽ ഏതെ ല്ലാം തരത്തിലുള്ള ഇടപെടലുകൾ നടത്തുന്നുവെന്ന്. ഇവയെക്കുറിച്ചുള്ള വ്യക്തമായ അറിവ്; കൗശീയവിജ്ഞാനം നേടിക്കഴിഞ്ഞ്, ആ ശാസ്ത്രത്തെ സാർവ്വലൗകികമായി ജനങ്ങളിൽ എത്തിച്ചവർ; അതിനെ നിത്യജീവിതത്തി ന്റെ ഭാഗമാക്കിയവർ- അതിനെയൊരു പ്രതിഭാസംപോലെ സ്വീകരിച്ച് ആചാരമാക്കിത്തീർത്തതാണോ; ഗാർഹിക മര്യാദകളുള്ള `ഗൃഹ്യസൂത്ര`ങ്ങളെ അവലംബിച്ച് കുടുംബത്തെ നിലനിർത്തിയതാണോ, അവരുടെ ലളിതജീവിതരഹസ്യം? കൗശികൻ, വിശ്വാമിത്രൻ മുതലായവർ രചിച്ചിട്ടുള്ള ഗൃഹ്യസൂത്രഗ്ര ന്ഥങ്ങളുടെ അവലംബനങ്ങളിലാണോ അന്നത്തെ ജനതലളിതജീവിതം തെരഞ്ഞെടുത്തത്?
ലളിതജീവിതം നയിച്ചവർ; അതിൽ വിശ്വസിച്ചിരുന്നവർക്ക് ഉണ്ടായിരുന്ന ആരോഗ്യവും ആയുർദൈർഘ്യവും ആധുനികശാസ്ത്രത്തെ വിശ്വസിച്ച് ഇറങ്ങിത്തിരിച്ച ആഡംബരജീവികൾക്കുണ്ടോയെന്നും പരിശോധിക്കണം- പൗരാണികർ ഒരു ദർശനത്തെയോ; ഒരു ശാസ്ത്രത്തെയോ; ഒരു ഗോത്രസംസ് കൃതിയൊ അവലംബിച്ചുതന്നെയാണ് ജീവിച്ചത്; ഇന്ത്യയിൽ മാത്രമല്ല, ലോ കത്തെവിടെയും അങ്ങനെതന്നെയായിരുന്നു. തങ്ങൾ വിശ്വസിക്കുകയും അ തിനെ ചുമന്നുനടക്കുകയും വളർത്തുകയും പ്രചരിപ്പിക്കുകയും അതിനനുസരിച്ച് ജീവിച്ചുകാണിക്കുകയും ചെയ്യുക- ആ ദർശനം തങ്ങൾക്ക് താല്കാലികമായ ഗുണമാണോ തരുന്നത്; കാലാതീതമായ ഗുണമാണോ തരുന്നത്; അത് തലമുറകളെതമ്മിൽ സമ്മേളിപ്പിക്കുന്നതാണോ; അത് ലോകമാകെ ആരോഗ്യത്തെത്തരുന്നുണ്ടോ; രോഗം വിതയ്ക്കുന്നതാണോ; ജനപഥധ്വംസനം ഉണ്ടാക്കുന്നതാണോ എന്നൊക്കെ പരിശോധിക്കാം. ഉണ്ടെങ്കിൽ, ആന്തരികകാലത്തെ ശ്രദ്ധിച്ചുപഠിക്കേണ്ടതാണ്; കാലപ്രവാഹത്തിൽ ആന്തരികകാലത്തെയും ബാഹ്യകാലത്തെയും പഠിക്കേണ്ടതാണ്- ഇതിന് ഉപോദ്ഫലകങ്ങളായ ചിന്തകൾ പ്രാചീന ഭാരതത്തിലുണ്ട്.
`ചരക സംഹിത`യിൽ, `വിമാനസ്ഥാന`ത്തിൽ ജനപഥധ്വംസനരോഗങ്ങളെന്ന് വിശേഷിപ്പിക്കുന്ന ഒരുകൂട്ടം രോഗങ്ങളെപ്പറ്റി പറയുന്നുണ്ട്. ജനപഥ ത്തെ; ഒരു ജനതയെ ഒന്നാകെ നശിപ്പിക്കുന്ന; ഒരു ഗ്രാമത്തെയാകെ പിടിച്ചടക്കിത്തൂത്തെറിയുന്ന രോഗങ്ങൾ വരാറുണ്ട്. `സുശ്രുത സംഹിത`യെടുത്തു നോക്കിയാൽ കാണാം, ദുന്ദുഭിയെന്നൊരു സംഗീതോപകരണം- തോലിട്ടൊരു ഉപകരണമാണ് ദുന്ദുഭി. അതിലുപയോഗിക്കുന്ന തോൽ ചില മരുന്നുകൾ അരച്ചുപുരട്ടിയതാണ്. അതിലുണ്ടാക്കുന്ന നാദം, രോഗം പരത്തുന്ന സൂക്ഷ് മോപജീവികൾ- അഥർവ്വകാലംമുതൽ പറഞ്ഞുവരുന്ന ദൃഷ്ടങ്ങളും അദൃഷ്ടങ്ങളുമായ കൃമികൾ ഇല്ലാതാകും; ജനപഥധ്വംസകരോഗങ്ങളെക്കുറിച്ച് സുശ്രുതസംഹിതയും ചരകസംഹിതയും പറയുന്നത് ശ്രദ്ധിച്ചുപഠിക്കേണ്ടതാകുന്നു.
കേരളത്തിൽ പുള്ളുവന്മാർ വീടുകൾകയറി പാടാറുണ്ട്. പുള്ളുവ വീണയിൽ ഉപയോഗിക്കുന്ന തോലും ചില മരുന്നുകൾ അരച്ചുപുരട്ടിയതാണെന്ന് കാണാം; ഒരു കുടത്തിന്റെ പുറത്ത് തോൽവെച്ച്; കുടത്തിന്റെ വായ കെട്ടാതെ; തോലിൽ നിന്നൊരു ചരട് വലിച്ചുനീട്ടിക്കെട്ടിയുണ്ടാക്കുന്ന പുള്ളുവവീണ. അതുമെടുത്ത് പുള്ളുവദമ്പതികൾ വീടുകൾകയറിയിറങ്ങി പാടിനടക്കും- പുള്ളുവ വീണയിലെ ചരടുകളിലും ചില മരുന്നുകൾ അരച്ചുപിടിപ്പിച്ചിട്ടുണ്ട്. വീണമീട്ടാൻ ഉപയോഗിക്കുന്ന, പ്രത്യേകതരം മരുന്നുകൾ കൊണ്ടുണ്ടാക്കിയ ഒരു കല്ലുകൊണ്ട് ചരടിൽ നാദമുണ്ടാക്കുകയാണ്. വീണമീട്ടി പാടുന്ന അവരുടെ പാട്ടിലെ ഏറ്റവും ശ്രദ്ധേയമായൊരു ഭാഗമുണ്ട്- `ഞാനുണ്ടാക്കുന്ന ഈ നാദത്തിൽനിന്ന്, ഈ നാദത്തിന്റെ വീചി എത്ര യോജനവരെ പോകുന്നുവോ അതിനുമപ്പുറത്തേയ്ക്ക്, ജീവൻ വേണമെങ്കിൽ ഓടിപ്പോയ്ക്കൊള്ളുവിൻ` എന്നൊരു ഭാഗമാണത്; കൃമികീടങ്ങളോടാണ് പറയുന്നത്. മാനവരെപോലെ ജീവിക്കാൻ ആഗ്രഹിക്കുന്ന അവയോട്, ജീവിതം വേണമെങ്കിൽ ദൂരേയ്ക്ക് ഓടിപ്പോയ്ക്കോയെന്നും ഇവിടെയുള്ളതിനെയൊന്നും നശിപ്പിക്കാൻ നില്ക്കാതെ ഗ്രാമം കടന്നുപോയ്ക്കോയെന്നും പറയുകയാണ്- ഈ നാദംവന്ന് ലയിക്കുമ്പോൾ നിങ്ങളുടെ ശരീരം വിഭജിയ്ക്കപ്പെട്ട്, മണ്ണിന് വളമായിത്തീരുക മാത്രമേയുള്ളൂവെന്ന് ഓർമ്മപ്പെടുത്തുകയാണ്.
മരുന്നും നാദവും; നാദത്തിനൊപ്പം സഞ്ചരിക്കുന്ന മരുന്നും; നാദവും മരു ന്നും വാക്കും, കൃമിശരീരം വിഭജിക്കാനിടയാക്കുക- ഒന്നും അറിയാതെ ആയിരുന്നുവോ പ്രാചീനർ ഇങ്ങനെയൊക്കെ ജീവിച്ചത്? അതല്ല അവർക്ക് ശബ്ദത്തിന്റെയും സ്പർശത്തിന്റെയും രൂപത്തിന്റെയും രസത്തിന്റെയും ഗന്ധത്തിന്റെയുംവരെ, സൂക്ഷ്മസൂക്ഷ്മതലങ്ങളിലെ അറിവുണ്ടായിരുന്നുവോ? മൂലികകളുടെയും ഇതര ഔഷധങ്ങളുടെയും അന്തഃസ്ഥിതശക്തിയെ അറിഞ്ഞാ ണോ അവർ പ്രയോഗിച്ചത്? അവരുടെ ദർശനങ്ങളെ പിൻപറ്റി; അവർപറഞ്ഞ കുടുംബമര്യാദകളോടുകൂടി; വൈയക്തികമര്യാദകങ്ങളോടു കൂടി വിശ്വാസപൂർവ്വം ലളിതമായി ജീവിച്ച ആ കാലത്തുള്ളവർ- ഏതെങ്കിലും അപകടത്തിൽ; എന്നെങ്കിലും അകപ്പെട്ടിരുന്നുവോ? അവർപറഞ്ഞതുപോലെ, കൊച്ചു കൂരകളിൽ അടച്ചുറപ്പില്ലാത്ത മുറികളിൽ താമസിച്ചപ്പോൾ- പാമ്പുവിഷമേറ്റ് മരിച്ചവരുടെ എണ്ണം ഇന്നത്തേതുമായി ആനുപാതികമായി കൂടിയിരുന്നുവോ? അവർ പറഞ്ഞപോലെ ജീവിച്ചകാലങ്ങളിൽ ഇത്രമാത്രം കള്ളന്മാരും കവർ ച്ചക്കാരും കൊലയാളികളും ഉണ്ടായിരുന്നുവോ? ഇന്നത്തെപോലെ അന്ന് ബാത്ത് അറ്റാച്ചഡ് സൗകര്യമുണ്ടായിരുന്നില്ല- അന്ന് സ്ത്രീകൾക്ക് ചെറുപ്രാ യത്തിലും വീടിനുപുറത്തിറങ്ങി മൂത്രമൊഴിക്കാനും വീടിനു കുറച്ചുദൂരെവരെ ചൂട്ടുകത്തിച്ചതിന്റെ വെളിച്ചത്തിൽപോയി കക്കൂസിൽ പോയിവരാനും ഇടയാകുമ്പോൾ ഇത്രയും പീഡനങ്ങൾ ഉണ്ടായിരുന്നുവോ? എന്നാൽ ഇന്ന് ആധുനിക ശാസ്ത്രത്തെയും ആധുനിക ജീവിതത്തെയും ആധുനിക നിയമത്തെയും ആധുനികരായ ആക്ടിവിസ്റ്റുകളെയും ആധുനിക മതങ്ങളേയുമൊക്കെ വിശ്വസിക്കുകയും- അവയെ പിൻപറ്റി പണം പിരിക്കുകയും അതി നെ ആസ്പദമാക്കി ജീവിതം പുനർനിർവ്വചിക്കുകയും ചെയ്ത്, അതിനനുഗുണങ്ങളായ കോട്ടകൊത്തളങ്ങളും വീടുകളും നിർമ്മിക്കുകയും ഭൂമിയെ ഉഴുതുമറിക്കുകയും ഗോളാന്തരജൈത്രയാത്ര നടത്തുകയും സപ്തസാഗരങ്ങളെ ഉഴുതുമറിക്കുകയുംചെയ്ത ആധുനികമനുഷ്യൻ- ഈ ശാസ്ത്രത്തെ മുഴുവൻ വിശ്വസിച്ച്, മഹാരോഗത്തിന്റെയും അല്പായുസ്സിന്റെയും ഭയത്തിന്റെ നിഴലിൽ; നിത്യനിരന്തരമായി മരണത്തെ സ്വപ്നംകണ്ട് ജീവിക്കുന്നുവോ? ഇങ്ങനെയൊരു ചിന്തയിലാണ് ഇതിന്റെ താരതമ്യം അന്വർത്ഥമാകുക.